ലോകത്തെ ഞെട്ടിച്ച സപ്തംബര്‍ 11 ഭീകരാക്രമണക്കേസില്‍ പിടികൂടിയ അഞ്ചുപേരുടെ കുറ്റവിചാരണാ നടപടികള്‍ക്ക് ഒരു പതിറ്റാണ്ടിനു ശേഷം അമേരിക്ക തുടക്കം. ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം എന്നു കരുതുന്ന പാകിസ്താന് വംശജനായ ഖാലിദ് ശൈഖ് മുഹമ്മദിനെയും മറ്റ് നാല് അല്‍ഖ്വെയ്ദ തീവ്രവാദികളെയുമാണ് വിചാരണ ചെയ്യുന്നത്. ശൈഖ് മുഹമ്മദിനെക്കൂടാതെ വാലീദ് ബിന്‍ അതാഷ്, റംസി ബിനാല്ശിഫ്, അലി അബ്ദ് അല്‍ അസീസ് അലി, മുസ്തഫ അഹമ്മദ് അല്‍- ഹോസാവി എന്നിവരാണ് നീണ്ടകാലത്തെ തടവു ജീവിതത്തിനു ശേഷം സൈനികക്കോടതിയിലെത്തുന്നത്.
ഇപ്പോള്‍ ഗ്വാണ്ടനാമോ ജയിലിലുള്ള അഞ്ചുപേര്‍ക്കുമെതിരെ ഭീകരപ്രവര്‍ത്തനം, വിമാനാപഹരണം, ഗൂഢാലോചന, കൊലപാതകം, സ്വത്തുനശീകരണം, എന്നീ കുറ്റങ്ങളാണ് സൈനിക ക്കമ്മീഷന്‍ ചുമത്തിയിരിക്കുന്നത്. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അഞ്ചുപേര്‍ക്കും വധശിക്ഷ ലഭിക്കുമെന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞു. ലോകത്തെയും അമേരിക്കയെയും നടുക്കിയ ഭീകരാക്രമണം 2001 സപ്തംബര്‍ 11 നാണ് ഉണ്ടായത്. തട്ടിയെടുത്ത വിമാനങ്ങള്‍ ന്യൂയോര്‍ക്കിലെ ലോകവ്യാപാര സമുച്ചയത്തിന്റെ ഇരട്ട ഗോപുരങ്ങളിലേക്കും വാഷിങ്ടണിലെ പെന്റഗണ്‍ ആസ്ഥാനത്തേക്കും ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തില്‍ 2,976പേര് കൊല്ലപ്പെട്ടു.
ഒരുമാസത്തിനുള്ളില്‍ സൈനിക കോടതിയില്‍ പ്രതികളുടെ വിചാരണ തുടങ്ങും. വിചാരണ യു.എസ്. പൗരാവകാശ കോടതിയില്‍ നടത്താന്‍ 2009-ല്‍ ഒബാമ ഭരണകൂടം ശ്രമിച്ചിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് 2011 ഏപ്രിലില്‍ വിചാരണ സൈനികക്കോടതിയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സപ്തംബര്‍ 11 ആക്രമത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്ന് ശൈഖ് മുഹമ്മദ് സമ്മതിച്ചതായി പെന്റഗണ്‍ പറയുന്നു. 2003ല്‍ പാകിസ്താനില്‍ നിന്നും പിടിയിലായ ഇയാള്‍ 2006 മുതല്‍ ഗ്വാണ്ടനാമോ ജയിലില്‍ തടവിലാണ്.
ഒട്ടേറെ മറ്റുഭീകരപ്രവര്ത്തനങ്ങളിലും മുഹമ്മദ് പങ്കാളിയാണെന്ന് യു.എസ്. അഭിഭാഷകര്‍ ആരോപിച്ചു. അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ഡാനിയേല്‍ പേളിനെ വധിച്ചകേസിലും, 2001-ല്‍ ഷൂ ബോംബ് ഉപയോഗിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കേസിലും, 2002-ല്‍ ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍ നിശാക്ലബ്ബില്‍ നടത്തിയ ആക്രമണത്തിലും ഇയാള്‍ പ്രതിയാണെന്ന് അഭിഭാഷകര്‍ പറഞ്ഞു.
യെമന്‍ വംശജരായ വാലീദ് ബിന്‍ അതാഷ്, റംസി ബിനാല്ശിഫ് എന്നിവരെ തീവ്രവാദികള്‍ക്ക് വിമാനം തട്ടിക്കൊണ്ടുപോകാന്‍ ഫൈ്ളറ്റ് സ്കൂള്‍ കണ്ടെത്താന്‍ സഹായിച്ചതിനും, അലി അബ്ദ് അല്‍ അസീസ് അലിയെ വിമാനം തട്ടിക്കൊണ്ടുപോകാനെത്തിയവര്ക്ക് അമേരിക്കയില്‍ യാത്രചെയ്യാന്‍ സൗകര്യം ചെയ്തതിനും സൗദി വംശജനായ മുസ്തഫ അഹമ്മദ് അല്‍- ഹോസാവിയെ പണവും വസ്ത്രവും നല്കി സഹായിച്ചുവെന്ന കുറ്റത്തിനുമാണ് വിചാരണ ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല