എനിക്ക് ജീവിതം തിരികെ തരൂ, അത് വേദന നിറഞ്ഞതാണെങ്കിലും എനിക്ക് പ്രശ്നമല്ല. കാരണം, എനിക്ക് ഇനിയും ഈ ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ദൈവമേ നിന്റെ മുള്‍ക്കിരീടം എനിക്ക് തരിക. ഞാന്‍ രക്തം ഒഴുക്കിക്കൊള്ളാം’ വികാരനിര്‍ഭരമായി ഷാവേസ് പറഞ്ഞ വാക്കുകള്‍ കേട്ടിരുന്ന ജനങ്ങളെയും കരയിച്ചു. ശരീരത്തില്‍ കണ്ടെത്തിയ രണ്ടാമത്തെ ട്യൂമറും നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം ക്യൂബയില്‍ നിന്ന് തിരിച്ചെത്തിയ ഷാവേസ് സ്വന്തം നഗരമായ ബാരിനാസില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു.
കുര്‍ബാനയ്ക്ക് ശേഷം ചുവന്ന കൊന്ത കഴുത്തിലണിഞ്ഞ് പള്ളിയില്‍ കൂടിയിരുന്ന ജനങ്ങളോടാണ് ഷാവേസ് ലഘുപ്രസംഗം നടത്തിയത്. വികാരനിര്‍ഭരമായിരുന്നു വെനിസ്വേലിയന്‍ പ്രസിഡന്റിന്റെ വാക്കുകള്‍. ഒരുവേള ഷാവേസിന്റെ കണ്ണില്‍ നിന്നും കണ്ണീര് കവിളിലേക്ക് ഇറ്റുവീഴുന്നുമുണ്ടായിരുന്നു. ചില നേരങ്ങളില്‍ കണ്ണുനീര് തനിക്ക് ഒഴിവാക്കാനാകില്ലെന്നായിരുന്നു ഈ സമയത്ത് ഷാവേസിന്റെ വാക്കുകള്‍. മാതാപിതാക്കള്‍ക്കൊപ്പമാണ് ഷാവേസ് വിശുദ്ധകുര്ബാനയ്ക്ക് എത്തിയത്. മൂത്ത സഹോദരനായ ആദനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഷാവേസിന്റെ ആരോഗ്യത്തിനായി പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനയും നടന്നു.
‘ഈ ജീവിതം അത്ര എളുപ്പമല്ല. വിപ്ളവത്തിന്റെ വഴികള്‍ ഒരിക്കലും എളുപ്പമാകില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ഏറെ ആശ്വാസമുണ്ടെന്ന് പറഞ്ഞ ഷാവേസ് എല്ലാ പരിശോധനാഫലങ്ങളും അനുകൂലമാണെന്നും കൂട്ടിച്ചേര്‍ത്തു. ക്യൂബയില്‍ നിന്നും ബുധനാഴ്ച രാത്രിയാണ് ഷാവേസ് ബാരിനാസില്‍ എത്തിയത്. 57 കാരനായ ഷാവേസ് ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനിരിക്കുകയാണ്. നേരത്തെ ക്യൂബയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ അദ്ദേഹത്തിന്റെ ശരീരത്തിലെ ട്യൂമര്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ആദ്യം ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് വീണ്ടും ട്യൂമര്‍ വളര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല