സ്വന്തമായി ഒരു ടൗണും സിപ്പ് കോഡും അമേരിക്കയില്‍ വേണമെന്നുണ്ടോ? ചിന്തിക്കുമ്പോള്‍ തന്നെ അതിശയം തോന്നുമെങ്കിലും കയ്യില്‍ കാശ് ഉണ്ടേല്‍ സംഗതി വേണമെങ്കില്‍ സത്യമാവും. അമേരിക്കയിലെ ജനവാസം കുറഞ്ഞ രണ്ട് ടൗണുകള്‍ വില്‍പ്പനക്ക് വച്ചിരിക്കുയാണ്-വ്യോമിംഗിലെ ബുഫോര്‍ഡും മൊണ്ടാനയിലെ പ്രേയും! ബുഫോര്‍ഡിന് ഒരു ലക്ഷം ഡോളറും പ്രേയ്‌ക്ക് 14 ലക്ഷം ഡോളറുമാണ് ഉടമകള്‍ ചോദിക്കുന്ന വില.
പടിഞ്ഞാറന്‍ അമേരിക്കയിലാണ് വില്‍പ്പനക്കുളള രണ്ട് ടൗണുകളും. ഇതില്‍ ബുഫോര്‍ഡില്‍ ഒരു താമസക്കാരന്‍ മാത്രമേയുളളൂ-ഡോണ്‍ സമ്മന്‍സ്. ഭാര്യ മരിച്ചുപോവുകയും മകന്‍ താമസം മാറ്റുകയും ചെയ്‌തതോടെയാണ് ഡോണ്‍ സമ്മന്‍സ് എന്ന ടൗണ്‍ ഉടമ ഒറ്റപ്പെട്ട ജീവിതം നയിച്ചു തുടങ്ങിയത്.
1866 ല്‍ ആണ് ബുഫോര്‍ഡ് സ്‌ഥാപിച്ചത്. റെയില്‍വെ ലൈന്‍ ജോലിക്കായെത്തിയവരും കുടുംബാംഗങ്ങളും അടക്കം അന്ന് 2.000 പേര്‍ ഇവിടെയുണ്ടായിരുന്നു. ജോലി പൂര്‍ത്തീകരിച്ചതോടെ ഇവരെല്ലാം ഇവിടം വിട്ടുപോവുകയും ചെയ്‌തു. 1980 കളിലാണ് ഇപ്പോഴത്തെ മേയര്‍ എന്ന് അവകാശപ്പെടുന്ന, ടൗണിലെ ഏക താമസക്കാരന്റെ കുടുംബം ഇവിടെയെത്തുന്നത്.
പത്തേക്കര്‍ സ്‌ഥലം, ഒരു ഗ്യാസ് സേ്‌റ്റഷന്‍, സ്‌റ്റേഷനറിക്കട, 5 തപാല്‍ പെട്ടികള്‍, ഒരു സ്‌കൂള്‍ കെട്ടിടം, മൂന്ന് ബെഡ്‌റൂം വീട്, ഒരു സെല്‍ഫോണ്‍ ടവര്‍ എന്നിവയുള്‍പ്പെട്ടതാണ് അമേരിക്കയിലെ ഏറ്റവും ചെറിയ ടൗണ്‍ എന്നറിയപ്പെടുന്ന ബുഫോര്‍ഡ്.
പാരഡൈസ് വാലിയിലാണ് പ്രേ ടൗണ്‍ സ്‌ഥിതിചെയ്യുന്നത്. അഞ്ചേക്കറുളള ഈ ടൗണില്‍ എട്ട് പേര്‍ താമസിക്കുന്നു. 1953 ല്‍ ആണ് ഇപ്പോഴത്തെ ഉടമകളായ വാക്കര്‍ കുടുംബം ഇവിടം സ്വന്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല