ലണ്ടനിലെ പ്രശസ്തമായ ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇനി ഇന്ത്യന്‍ ഹോക്കി ഇതിഹാസങ്ങളുടെ പേരും. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഒളിംപ്യന്മാരായ ധ്യാന്‍ചന്ദ്, സഹോദരന്‍ രൂപ്‌സിങ്, ലെസ്ലി വാള്‍ട്ടര്‍ ക്ലോഡിയസ് എന്നിവരുടെ പേരുകളാണ് മൂന്ന് ട്യൂബ് സ്‌റ്റേഷനുകള്‍ക്ക് ഇടുന്നത്.
ഒളിംപിക്‌സിന്റെ ഭാഗമായി ലണ്ടനിലെ 361 ട്യൂബ് സ്‌റ്റേഷനുകളെയാണ് ഇങ്ങനെ മണ്‍മറഞ്ഞവരും ജീവച്ചിരിക്കുന്നവരുമായ ഒളിംപ്യന്മാരുടെ പേരില്‍ പുനര്‍നാമകരണം ചെയ്യുന്നത്. ഇതില്‍ ആറു ഹോക്കി താരങ്ങള്‍ക്കു മാത്രമാണ് ഇടം നേടാനായത്. ഇതില്‍ തന്നെ മൂന്ന്‌പേര്‍ ഇന്ത്യക്കാരാണ് എന്നതാണ് പ്രത്യേകത. ഹോളണ്ടിന്റെ സ്‌റ്റെഫാന്‍ വീന്‍, ജര്‍മനിയുടെ കാര്‍സ്റ്റന്‍ ഫിഷര്‍, ഒാസ്‌ട്രേലിയയുടെ മുന്‍ വനിതാതാരം റെഷെല്ലെ ഹോക്‌സ് എന്നിവരാണ് മറ്റു ഹോക്കി താരങ്ങള്‍.
ഒളിംപ്യന്മാരുടെ പേരിലുള്ള ഈ 361 സ്‌റ്റേഷനുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രത്യേക ഒളിംപിക് ലെജന്‍ഡ്‌സ് മാപ്പും തയ്യാറാക്കിയിട്ടുണ്ട് ലണ്ടനിലെ ഗതാഗത വകുപ്പ്. വാറ്റ്‌ഫോഡ് ജങ്ഷനാണ് ധ്യാന്‍ചന്ദിന്റെ പേരില്‍ പുനര്‍നാമകരം ചെയ്യപ്പെട്ടത്. വാറ്റ്‌ഫോഡ് ഹൈ സ്ട്രീറ്റ് ഇനി മുതല്‍ രൂപ്‌സിങ്ങിന്റെയും ബുഷെ ക്ലോഡിയസിന്റെ പേരിലും അറിയപ്പെടും.
ബെര്‍ലിന്‍ ഒളിംപിക്‌സിലെ മാസ്മരിക പ്രകടനത്തെ തുടര്‍ന്ന് ജര്‍മനി ഒരു തെരുവിന് നേരത്തെ ധ്യാന്‍ചന്ദിന്റെ പേരു നല്‍കിയിരുന്നു. സഹോദരങ്ങളായ രൂപ്‌സിങ് 1977ലും ധ്യാന്‍ചന്ദ് 79ലും മരിച്ചു. ഇന്ത്യയ്ക്ക് മൂന്ന് ഒളിംപിക് സ്വര്‍ണം നേടിത്തരുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ക്ലോഡിയസ് (85) ഇപ്പോള്‍ കൊല്‍ക്കത്തയില്‍ രോഗശയ്യയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല