ക്രിസ്തു അനുഭവിച്ച പീഡനവും ത്യാഗവും ഇന്ന് ആരും അനുഭവിച്ചു കാണില്ല. പക്ഷെ ക്രിസ്തുവിനെ പോലെ യഥാര്‍ത്ഥ ആണികള്‍ ഉപയോഗിച്ച് ക്രിസ്തുവിന്റെ ക്രൂശിക്കല്‍ നടന്നു. ഫിലിപിനോ പംപാന്ഗയിലാണ് ദുഃഖവെള്ളിയാഴ്ചയുടെ ഓര്‍മക്കായി നടത്തിയ ക്രിസ്തുവിന്റെ ക്രൂശിക്കല്‍ പുനരവതരണത്തില്‍ യഥാര്‍ത്ഥമായ ആണികള്‍ ഉപയോഗിച്ചത്. ഇത് കാണുന്നതിനായി ആയിരക്കണക്കിന് വിശ്വാസികള്‍ തടിച്ചു കൂടിയിരുന്നു. ഏകദേശം ഒരു ഡസനോളം ആളുകള്‍ ഈ രീതിയില്‍ ആണി സ്വന്തം കൈകളിലും കാലുകളിലും തുളഞ്ഞു കയറുന്നതിനു സമ്മതം മൂളി. വടക്കന്‍ മനിലയില്‍ നിന്നും അമ്പതു കിലോമീറ്റര്‍ ദൂരത്തുള്ള കട്ടട് എന്ന സ്ഥലത്ത് വച്ചിട്ടായിരുന്നു സംഭവം.
രണ്ടു ഇഞ്ച് വരുന്ന ആണി ആല്‍ക്കഹോളില്‍ മുക്കിയതിനു ശേഷമാണ് ഉപയോഗിച്ചത്. കണ്ടു നിന്ന പല വിശ്വാസികളും കരഞ്ഞു പോയി എന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജനങ്ങളുടെ പാപത്തിന്റെ അടയാളം എന്ന നിലക്കാണ് കുരിശിലേറ്റല്‍ ചടങ്ങ് വര്ഷം തോറും നടത്തി വരുന്നത്. ആണികള്‍ തുളച്ചു കയറുവാന്‍ അനുവദിച്ച വിശ്വാസികളെ അപ്പോള്‍ തന്നെ അടിയന്തിര ചികിത്സ നല്‍കി. മുറിവുകള്‍ എല്ലാം തന്നെ കൃത്യമായി ആശുപത്രികളില്‍ ചികിത്സിച്ചു എന്നും അധികൃതര്‍ വ്യക്തമാക്കി.
പംപാന്ഗയിലെ ജനങ്ങളുടെ മത തീവ്രതയെയാണ് ഇത് കാണിക്കുന്നത് എന്നാണു പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ക്രൂശിക്കലും ചമ്മട്ടി അടിക്കലും തുടങ്ങിയവയെല്ലാം വിശ്വാസത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനായി ഉപയോഗിക്കുന്നു എന്നാണു കത്തോലിക്കാ പള്ളി അറിയിച്ചത്. ഈ പുനരവതരണത്തില്‍ പങ്കെടുത്ത മിക്ക വിശ്വാസികളും ഇത് ആത്മസമര്‍പ്പണം എന്ന രീതിയിലാണ് കരുതുന്നതെന്ന് പറയുകയുണ്ടായി.
26 ക്രൂശിക്കലില്‍ വരെ പങ്കാളിയായ റൂബന്‍ എനജെ ഈ രീതിയിലുള്ള പരിശീലനം തുടരും എന്നാണു അറിയിച്ചത്. പള്ളി ഇത് തടയുകയാണെങ്കില്‍ കൂടി തങ്ങള്‍ ഇത് നിര്‍ത്തില്ല എന്ന നിലപാടിലാണ് പല വിശ്വാസികളും. എന്നാല്‍ അന്ധമായ അനുകരണം അപകടങ്ങള്‍ വരുത്തി വയ്ക്കും എന്നാണു പള്ളി അഭിപ്രായപ്പെടുന്നത്. ക്രൂശിക്കള്‍ സംഭവത്തിലെ നല്ല വശം ഉള്‍ക്കൊള്ളാന്‍ മാത്രമാണ് ജനങ്ങളോട് തങ്ങള്‍ പറയുന്നത് എന്ന് അവര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല