ഇ-മെയ്ലിലൂടെ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പ്. പിന്നില്‍ നൈജീരിയ ആസ്ഥാനമാക്കി മലയാളികളടങ്ങുന്ന സംഘം. ഇംഗ്ലണ്ടില്‍ സ്കോട്ട്ലന്‍ഡിലെ ലിവിങ്സ്റ്റണില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ സെന്റ് ജോണ്‍സ് ആശുപത്രിയുടെ പേരിലാണു തട്ടിപ്പ്. ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ജോലി ഒഴിവുണ്ടെന്നു കാണിച്ച് മാര്‍ച്ച് 15 ഓടെ നിരവധി പേര്‍ക്ക് ഇ-മെയ്ലില് അറിയിപ്പു ലഭിക്കുകയായിരുന്നു. മാതൃകാ അപേക്ഷാഫോമും ഒപ്പം ലഭിച്ചു. ഇവ പൂരിപ്പിച്ച് സെന്റ് ജോണ്‍സ് റിക്രൂട്ട്മെന്റ് സെല്ലിന്റെ ഇ-മെയ്ല് വിലാസത്തില്‍ അയയ്ക്കണമെന്നായിരുന്നു നിര്‍ദേശം. രണ്ടു ദിവസത്തിനകം ജോലി ഉറപ്പുനല്‍കിക്കൊണ്ടുള്ള മറുപടിയും ഇംഗ്ലണ്ടില്‍നിന്നു മെയ്ല് വഴിയെത്തി.
ഓഫിസ് അസിസ്റ്റന്റ് മുതല്‍ ഡോക്റ്റര്‍, നഴ്സ് വരെയുള്ള തസ്തികകളിലേക്ക് ഉയര്‍ന്ന ശമ്പളമാണു വാഗ്ദാനം ചെയ്തിരുന്നത്. പുതിയ നിയമപ്രകാരം ഐഇഎല്‍ടിഎസ് അവിടെയെത്തിയശേഷം എഴുതിയെടുത്താല്‍ മതിയെന്നും കാണിച്ചിരുന്നു. അതേസമയം ജോലിയില്‍ പ്രവേശിക്കുന്നതിനു ഇംഗ്ലണ്ടിലെ പുതിയ നിയമപ്രകാരം ലണ്ടന്‍ എംപ്ലോയ്മെന്റ് ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി സര്‍ട്ടിഫിക്കറ്റ് വേണമെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ജോലിക്കുള്ള ഓഫറില്‍ വ്യക്തമാക്കി.
ലണ്ടനില്‍ ജോലി കിട്ടിയ ആഹ്ളാദത്തില്‍ ഉദ്യോഗാര്‍ഥികള്‍ പോകാന്‍ തയാറെടുപ്പു തുടങ്ങിയപ്പോഴാണ് ഓഫറിങ് ലെറ്ററിനു പുറകെ മറ്റൊന്നു ലഭിക്കുന്നത്. സോഷ്യല്‍ സെക്യൂരിറ്റി സര്‍ട്ടിഫിക്കെറ്റ് ലഭിക്കാന്‍ ആശുപത്രി നേരിട്ടു സോളിസിറ്റേഴ്സിനെ ഇടപാട് ചെയ്തിട്ടുണ്ടെന്നും നിശ്ചിത ഫീസ് അയച്ചുകൊടുത്താല്‍ ഏപ്രില്‍ 19 മുന്‍പായി സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും കത്തില്‍ അറിയിപ്പ്. സ്കോട്ട്ലന്‍ഡിലുള്ള ആബേ ഗ്രേഞ്ച് സോളിസിറ്റേഴ്സ് എന്ന സ്ഥാപനത്തിന്റെ അഡ്രസും ഇതോടൊപ്പമുണ്ട്. സോളിസിറ്ററിന്റെ ഫീസ് 900 പൗണ്ട്. എന്നാല്‍ ഇവിടെ ബന്ധപ്പെട്ടപ്പോള്‍ ഈ ആശുപത്രി അങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് നല്കാന് ചുമതലപ്പെടുത്തിയില്ലെന്നു മറുപടി.
തുടര്‍ന്ന് ഇംഗ്ലണ്ട് വഴി തന്നെ അന്വേഷിച്ചപ്പോള്‍ മെയ്ലിന്റെ ഉറവിടം നൈജിരീയയാണെന്നും ആശുപത്രിയുടെ പേരില്‍ 500ഓളം പേര്‍ക്ക് ഇങ്ങനെ ഓഫര്‍ നല്‍കിയിട്ടുണ്ടെന്നും വ്യക്തമായി. 300 പേര് കത്തില്‍ കൊടുത്തിട്ടുള്ള അക്കൗണ്ട് നമ്പരില്‍ പണം അയച്ചുകൊടുത്തിരുന്നു. കോടിക്കണക്കിനു രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. വ്യാജ ജോലി വാഗ്ദാനം ചെയ്യുകയും അതിലൂടെ കോടിക്കണക്കിനു രൂപ തട്ടിയെടുക്കുകയും ചെയ്യുന്ന സംഘം ഇതുപോലെ ക്യാനഡയിലെ ഒരു ഹോട്ടലിന്‍െറ പേരിലും തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് അറിവായി.
അതിനിടെ ജോലി ഒഴിവുകള്‍ സംബന്ധിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും എന്നാല്‍ അതു സര്‍ക്കാര്‍ ഏജന്‍സിയായ എന്‍എച്ച്എസ് ലോഥിയാന്‍ വഴിയാണെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. ജോലിക്കായി പണം സ്വീകരിക്കുന്ന ഇടപാട് തങ്ങള്‍ക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷനല്‍ ഹെല്‍ത്ത് സര്‍വീസസിന്റെ കീഴില്‍ എഡിന്‍ബറോയിലും സ്കോട്ട്ലന്ഡിലുമുള്ള വിവിധ ആശുപത്രികളാണു പ്രവര്‍ത്തിക്കുന്നത്. സ്റ്റാഫിന്റെ നിയമനം, ചികിത്സാ സമ്പ്രദായം തുടങ്ങിയവയെല്ലാം നിയമപ്രകാരമായിരിക്കുമെന്നു എന്‍എച്ച്എസ് വ്യക്തമാക്കിയിട്ടുണ്ട്. എങ്കില്‍പ്പോലും സെന്റ് ജോണ്‍സ് ആശുപത്രിയുടെ വ്യാജ ഇ മെയ്ല് വിലാസമുണ്ടാക്കിയുള്ള തട്ടിപ്പില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങുന്നുണ്ട്. തട്ടിപ്പിനിരയായവര്‍ കേരള സംസ്ഥാന സൈബര്‍ സെല്ലിനും കേന്ദ്ര പ്രവാസി വകുപ്പിനും കത്തയച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല