സിയാച്ചിനില്‍ രൂക്ഷമായ മഞ്ഞിടിച്ചിലില്‍ നൂറിലേറെ പാക് സൈനികര്‍ മരിച്ചു. ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പാക് സൈനിക ക്യാംപ് പൂര്‍ണമായും മഞ്ഞിനടിയിലായി. ഇന്നലെ രാവിലെ ആറു മണിയോടെയാണ് മഞ്ഞിടിച്ചിലുണ്ടായത്. ഹെലികോപ്റ്ററുകളുടെയും ബുള്‍ഡോസറുകളുടെയും സഹായത്തോടെ സൈന്യം തെരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ ആരെയെങ്കിലും ജീവനോടെ കണ്ടെത്തിയതായി സൂചനയില്ല. ഡോക്റ്റര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെയും വന്‍ സംഘത്തെ മലമുകളില്‍ എത്തിച്ചിട്ടുണ്ട്.
അതിശക്തമായ മഞ്ഞിടിച്ചിലാണ് ഉണ്ടായതെന്ന് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അതര്‍ അബ്ബാസ്. നൂറിലേറെ സൈനികര്‍ മഞ്ഞിനടിയില്‍ പെട്ടിരിക്കുകയാണ്. തിരച്ചില്‍ പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുന്നുണ്ടെന്നും അകപ്പെട്ടവരെ ജീവനോടെ പുറത്തെടുക്കാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും സൈനിക വക്താവ്.
നോര്‍തേണ്‍ ലൈറ്റ് ഇന്‍ഫന്‍ററിയിലെ സൈനികരാണ് ദുരന്തത്തില്‍ പെട്ടത്. കാരക്കോരം പര്‍വത നിരയിലെ സ്കര്‍ദുവിലാണ് അപകടം. ഒരു കേണല്‍ അടക്കം 135 പേര്‍ മഞ്ഞിനടിയില്‍ പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. മരണമുണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല. മൂവായിരത്തിലേറെ സൈനികരാണ് ഈ മേഖലയിലുള്ളത്. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ നിലവിലുള്ളതിനാല്‍ പൊതുവേ അതിര്‍ത്തിപ്രദേശത്ത് പട്ടാളക്കാര്‍ കുറവാണ്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ളതും തണുപ്പേറിയതുമായ യുദ്ധമുഖമാണ് സിയാച്ചിന്‍. ഇവിടെ പരസ്പരമുള്ള ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരെക്കാള്‍ സൈനികര്‍ കൊടും തണുപ്പുമൂലം മരിക്കുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല