വ്യായാമം ചെയ്യുക എന്നതു മലയാളികളുടെ ശീലത്തിലേ ഇല്ല. ബ്രിട്ടീഷുകാരും ഇപ്പോള്‍ ഇക്കാര്യത്തില്‍ മലയാളികളെ പിന്തുടരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, കാരണം ബ്രിട്ടണില്‍ വര്‍ദ്ധിച്ചു വരുന്ന പൊണ്ണത്തടിയരുടെ എണ്ണവും അനുബന്ധ രോഗങ്ങളും വിരല്‍ ചൂണ്ടുന്നത് ഇതിലേക്കാണ്. ഫിറ്റ്നെസ്സിന്റെ കാര്യത്തിലാണെങ്കില്‍ കേരളത്തെ പോലെ വൈകാതെ ബ്രിട്ടനും വട്ടപ്പൂജ്യമായേക്കും.. പൊണ്ണത്തടി, കൊളസ്ട്രോള്‍, പ്രമേഹം, ഹൈപര്‍ടെന്‍ഷന്‍… എന്നു തുടങ്ങി മധ്യവയസ്സ് എത്തുന്നതിനു മുന്‍പേ ജീവിതം രോഗങ്ങള്‍ക്കു തീറെഴുതിക്കൊടുക്കുകയാണ് നമ്മള്‍.. പ്രഭാത സവാരിക്കിറങ്ങാന്‍ പലര്‍ക്കും പേടിയാണ്.. തിരിച്ചു വീട്ടില്‍ വണ്ടിക്കടിയില്‍പ്പെടാതെ എത്തുമോ എന്നതു തന്നെയാണ് പ്രധാന പ്രശ്നം.
മൈതാനങ്ങളൊക്കെ നിരത്തി നമ്മള്‍ വീടുകള്‍ വച്ചു. റോഡിലൂടെ നടക്കാന്‍ ആണേല്‍ പൊടിയും പുകയും ഇതൊക്കെയാണ് നടക്കാതിരിക്കാനായി നമ്മള്‍ കണ്ടുപിടിക്കുന്ന ന്യായങ്ങള്‍. ഓഫിസ്, വീട്, കുട്ടികള്‍, അതിന്റെ കൂടെ ജിമ്മിലൊക്കെ പോകാന്‍ എവിടെ സമയം? അങ്ങനെ ചിന്തിച്ച് ചിന്തിച്ച് ഇരിക്കുമ്പോഴായിരിക്കും ഏതെങ്കിലുമൊരു അസുഖം പിടിമുറുക്കുക.. അത് ഗുരുതരമാവും വരെ കാത്തിരിക്കും.. ഇനി രക്ഷയൊന്നുമില്ലാ എന്ന സ്ഥിതി വരുമ്പോള്‍ എല്ലാത്തിനും സമയം വരും. ആ സമയമാകാന്‍ കാത്തിരിക്കുകയാണോ? ഇപ്പോഴേ എക്സര്‍സൈസ് തുടങ്ങിയാലോ? ജിമ്മില്‍ പോകാന്‍ പ്രയാസമുള്ളവര്‍ക്ക് വീട്ടില്‍തന്നെ ചെയ്യാവുന്നതയുള്ളൂ. പക്ഷേ ഒരേ ഒരു കാര്യം. നിങ്ങള്‍ ഒരു നല്ല ട്രെയിനറുടെ ഉപദേശം തേടണം.
രോഗിയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടണം. പെട്ടെന്ന് ഒരു ദിവസം കൊണ്ട് പൊണ്ണത്തടി മാറി ഫിറ്റാകില്ല എന്നോര്‍ക്കുക. അഭ്യാസങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് സ്വന്തം ആരോഗ്യസ്ഥിതി, കായികക്ഷമത ഇതിനെക്കുറിച്ച് നല്ല ധാരണ വേണം. അല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും. അങ്ങനെ വീട്ടില്‍തന്നെയിരുന്നു ചെയ്യാവുന്ന എക്സര്‍സൈസുകളെ സഹായിക്കുന്ന എതാനും വ്യായാമ ഉപകരണങ്ങളെ പരിചയപ്പെടാം. ഇത്തരം ഉപകരണങ്ങള്‍ക്ക് ബ്രിട്ടണില്‍ വന്‍ ഡിമാന്‍ഡാണ്.
ട്രെഡ്മില്‍
നടക്കുന്നതിനെക്കാള്‍ നല്ല വ്യായാമം ഇല്ല. ഏറ്റവും പ്രചാരമേറിയ ‘നടക്കല്‍ ഉപകരണമാണ് ഇത്. മാനുവല്‍ ട്രെഡ്മില്ലും ഓട്ടോമാറ്റിക് ട്രെഡ്മില്ലുമുണ്ട്. പല വലിപ്പത്തില്‍ പല വിലകളില്‍ കിട്ടും. അങ്ങനെ വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ കുന്നുകേറാനും മൈതാനത്തുകൂടെ ഓടാനുമൊക്കെ ട്രെഡ്മില്‍ സഹായിക്കും. മുട്ടിനു പ്രശ്നമുള്ളവര്‍, ഹൃദ്രോഗികള്‍ തുടങ്ങിയവര്‍ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് മാത്രമേ ട്രെഡ്മില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.
ഹോംജിം
പേരുപോലെ തന്നെ വീട്ടിലെ ജിം. ഏതാണ്ട് 20 തരം വ്യായാമങ്ങള്‍ ഈ ഒറ്റ ഉപകരണത്തില്‍ ചെയ്യാം. അതും ഒരേ സമയം നാലു പേര്‍ക്ക് വിവിധ വ്യായാമങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കും. ഇതു വയ്ക്കാന്‍ വീട്ടില്‍ അല്‍പം സ്ഥലം ആവശ്യമാണ് എന്ന് മാത്രം. എങ്കിലും ഇത് നല്‍കുന്ന ഗുണം വലുതാണ്.
സൈക്കിള്‍
തിരക്കിനിടെ നിരത്തിലൂടെ സൈക്കിള്‍ ഒാടിക്കുന്നത് വളരെ റിസ്ക്കാണ്. പക്ഷേ സൈക്കിളിങ്ങിന്റെ എല്ലാ ഗുണങ്ങളും കിട്ടാന്‍ ഒരു മാര്‍ഗമാണിത്. സൈക്കിളുകളില്‍തന്നെ ഒരുപാട് ഇനങ്ങളുണ്ട്. റിക്കംബെന്‍ഡ്, സ്പിന്‍ ബൈക്ക്, പിരമിഡ് ബൈക്ക്, പോണി അപ്റൈറ്റ് ബൈക്ക്, എയര്‍ബൈക്ക്, ഓര്‍ബിട്രെക്, ഓര്‍ബിട്രെക് വിത്ത് ട്വിസ്റ്റര്‍ അങ്ങനെ പോകുന്നു അത്. ഓരോന്നിലും വ്യത്യസ്ത സവിശേഷതകളാണുള്ളത്.
എലിപ്റ്റിക്കല്‍ ട്രെയിനര്‍
ശരീരത്തിനു മുഴുവന്‍ വ്യായാമം കിട്ടുന്നു. മുട്ടുകള്‍ ബുദ്ധിമുട്ടിക്കുന്നവര്‍ക്ക് ഇൌ ഉപകരണങ്ങള്‍ വലിയ പ്രശ്നം ഉണ്ടാക്കാറില്ല. ശരീരം മുഴുവന്‍ ഉൌര്‍ജം നിറയ്ക്കുന്ന ഇൌ ഉപകരണത്തിനും ആവശ്യക്കാര്‍ ഏറെയുണ്ട്.
മോണിങ് വാക്കര്‍
ഏറ്റവും വലിയ മടിയന്മാര്‍ക്ക് വേണ്ടിയാണിത്. കാലുകള്‍ ഇൌ ഇലക്ട്രിക്കല്‍ ഉപകരണത്തില്‍ വച്ച് കിടന്നാല്‍ മതി. അത് തന്നെ കാലുകള്‍ ഇളക്കിത്തരും.
ആബ് കോസ്റ്റര്‍, ആബ് സര്‍ക്കിള്‍, ആബ് ബോര്‍ഡ്
വയറു കുറയ്ക്കാനുള്ള ഉപകരണങ്ങളാണിത്. കുടവയറും ചുമന്നു നടക്കുന്നവര്‍ ഇതൊരെണ്ണം വാങ്ങി ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും.
റോവിങ് മെഷീന്‍
മൊത്തം ശരീരത്തിന് വ്യായാമം നല്‍കാനുള്ള ഉപകരണം. അതിനാല്‍ തന്നെ ഇതൊരെണ്ണം ഉണ്ടേല്‍ ശരീരത്തിന്റെ മൊത്തം കായിക ക്ഷമത നിലനിര്‍ത്താം.
ജിം ബോള്‍ (സ്വിസ് ബോള്‍)
വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ കിട്ടാവുന്ന ജിം ബോള്‍ ഇപ്പോള്‍ വളരെ പ്രശസ്തനാണ്.
ഡംബല്‍സ്
വ്യായാമം ചെയ്യാനുള്ള ബലം പേശികള്‍ക്ക് നല്‍കാന്‍ സഹായിക്കുന്ന ഫ്രീവെയ്റ്റ് ആണ് ഡംബല്ലുകള്‍. വിപണിയിലെ ഏറ്റവും പുതിയ താരം പവര്‍ബ്ളോക്ക്. ഇവയില്‍ ഭാരം ക്രമീകരിക്കാന്‍ സാധിക്കും. പൊതുവെ റബറും ഇരുമ്പുമാണ് ഡംബല്ലുകളില്‍ ഉപയോഗിക്കുന്നത്. വിലയും വളരെ കുറവാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല