തീവ്രവാദികളെ കണ്ടെത്തുന്നതിനായി രാത്രികാലങ്ങളില്‍ തിരച്ചില്‍ നടത്തുന്നതു സംബന്ധിച്ച് അഫ്ഗാന്‍ സര്‍ക്കാറും അമേരിക്കയും കരാറിലെത്തി. ഇതനുസരിച്ച് രാത്രികാല തിരച്ചിലിന്റെ നേതൃത്വം ഇനി അഫ്ഗാന്‍സേനയ്ക്കായിരിക്കും. യു.എസ്.സേന സഹായിക്കും. അഫ്ഗാന്‍ പ്രതിരോധമന്ത്രി ജനറല്‍ അബ്ദുള്‍ റഹിം വാര്‍ഡക്കും യു.എസ്.കമാന്‍ഡര്‍ ജനറല്‍ ജോണ്‍ അലനുമാണ് ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്.
രാത്രികാലത്ത് അമേരിക്കന്‍ സേന നടത്തുന്ന തിരച്ചിലില്‍ നിരപരാധികളായ ഒട്ടേറെ അഫ്ഗാന്‍കാര്‍ക്കു ജീവന്‍ നഷ്ടപ്പെടുന്നതായി പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് കരാറുണ്ടാക്കിയത്. നാറ്റോസേന രാത്രികാലങ്ങളില്‍ നടത്തുന്ന തിരച്ചില്‍ പലപ്പോഴും രാജ്യത്തിന്റെ സംസ്‌കാരത്തെ ബഹുമാനിക്കാത്തതാണെന്ന് പ്രസിഡന്റ് ഹമീദ് കര്‍സായി ആരോപിച്ചിരുന്നു. രാത്രികാല തിരച്ചിലുകള്‍ സ്ത്രീകളുടെ സ്വകാര്യതയെ ഹനിക്കുന്നതായും ആരോപണമുണ്ടായിരുന്നു.
ഈ സാഹചര്യത്തില്‍ നിലവില്‍ വരുന്ന പുതിയ കരാര്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇടക്കാലത്ത് വഷളായിരുന്ന ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കും. കരാറിന്റെ ഭാഗമായി വടക്കന്‍ കാബൂളിലെ ബാഗ്രാം വ്യോമത്താവളത്തിലെ തടവറ അഫ്ഗാന്‍ സേനയ്ക്ക് കൈമാറും. അമേരിക്കന്‍ സൈനികരടക്കമുള്ള നാറ്റോസേന 2014-ല്‍ അഫ്ഗാനില്‍ നിന്ന് പിന്മാറുന്നതിന്റെ തുടക്കമായി കരാര്‍ വിലയിരുത്തപ്പെടുന്നുണ്ട്.
മെയ് മാസത്തില്‍ ഷിക്കാഗോയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ അമേരിക്ക-അഫ്ഗാന്‍ സൈനിക ഉടമ്പടി ഒപ്പുവെക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ കരാറായത്. രാജ്യത്തിനകത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിടിക്കാനും തടങ്കലില്‍ വെക്കാനുമുള്ള അധികാരം ഇനി പൂര്‍ണമായും അഫ്ഗാന്‍ സേനയുടെ കൈയിലാകും. വിചാരണയും രാജ്യത്തിനകത്ത് നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല