1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2012

രോഹിത് ശര്‍മയുടെ വെടിക്കെട്ടില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ ചാര്‍ജ് പോയി. ഐപിഎല്ലില്‍ രോഹിത്തിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ (50 പന്തില്‍ നിന്ന് 73) ഡെക്കാന്‍ ചാര്‍ജേഴ്സിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് തോല്‍പിച്ചത്. ഐപിഎല്ലിന്റെ എല്ലാ ആവേശവും ആദ്യാവസാനം നിറഞ്ഞുനിന്ന മത്സരത്തിനാണ് വിശാഖപട്ടണത്തെ വൈഎസ്ആര്‍ ക്രിക്കറ്റ് സ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡെക്കാന്‍ 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എടുത്തിരുന്നു.

ശിഖര്‍ ധവാന്റെയും (24 പന്തില്‍ നിന്ന് 41) ഡാനിയല്‍ ക്രിസ്റ്യന്റെയും ( 36 പന്തില്‍ നിന്ന് 39) കാമറൂണ്‍ വൈറ്റിന്റെയും (22 പന്തില്‍ നിന്ന് 30) ബലത്തിലായിരുന്നു ഡെക്കാന്‍ ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്. മുംബൈയ്ക്ക് വേണ്ടി മുനാഫ് പട്ടേല്‍ നാലും മലിംഗ മൂന്നും പൊള്ളാര്‍ഡ് രണ്ട് വിക്കറ്റുകളും വീഴ്ത്തി. അവസാന പന്തില്‍ സിക്സര്‍ പറത്തിയാണ് രോഹിത് മുംബൈയ്ക്ക് നാടകീയ വിജയം സമ്മാനിച്ചത്.

നാല് ഫോറുകളും അഞ്ച് സിക്സറുകളുടെയും അകമ്പടിയോടെയാണ് രോഹിത് 50 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയത്. 18 പന്തില്‍ നിന്ന് 3 സിക്സറുകള്‍ പറത്തി 24 റണ്‍സ് നേടിയ പൊള്ളാര്‍ഡ് രോഹിത്തിന് ഒരു ഘട്ടത്തില്‍ മികച്ച പിന്തുണ നല്‍കി. അമ്പാട്ടി റായിഡു 19 റണ്‍സ് നേടി. അവസാന ഓവറുകളില്‍ റണ്ണൌട്ടിന് ലഭിച്ച അവസരങ്ങള്‍ പാഴാക്കിയതാണ് ഡെക്കാന്റെ പരാജയത്തിന് പ്രധാനകാരണമായത്.

മറ്റൊരു മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ പൂന വാരിയേഴ്സ് പരാജയപ്പെടുത്തി. മികച്ച ടീം വര്‍ക്കാണ് ജയമൊരുക്കിയതെന്ന് നായകന്‍ ഗാംഗുലി പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ പൂന പോയിന്റുനിലയില്‍ രാജസ്ഥാന്‍ റോയല്‍സിനു താഴെ രണ്ടാം സ്ഥാനത്താണ്. ആദ്യ 10 ഓവറില്‍ ഞങ്ങള്‍ മികച്ച രീതിയില്‍ ബോള്‍ചെയ്തപ്പോള്‍ അവസാന 10 ഓവറില്‍ മികച്ച ബാറ്റിംഗും നടത്തി. രണ്ടാമതു ബാറ്റുചെയ്യുന്നവര്‍ക്ക് 160 റണ്‍സ് പിന്തുടര്‍ന്നു ജയിക്കുക അത്ര എളുപ്പമല്ല- ഗാംഗുലി പറഞ്ഞു.

ബൌളിംഗ് പിഴച്ചതാണ് പഞ്ചാബിന്റെ പരാജയകാരണമെന്ന് നായകന്‍ ആഡം ഗില്‍ക്രിസ്റ് പറഞ്ഞു. വിചാരിച്ചതിലും 30 റണ്‍സ് അധികം പൂന ബാറ്റ്സ്മാന്മാര്‍ നേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 22 റണ്‍സിനാണ് പൂന പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത പൂന 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ എട്ടുവിക്കറ്റു നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 46 റണ്‍സും ഒരുവിക്കറ്റും നേടിയ വിന്‍ഡീസ് താരം മര്‍ലോണ്‍ സാമുവല്‍സാണ് മാന്‍ ഓഫ് ദ മാച്ച്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.