എന്‍എച്ച്എസിന്റെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ബ്രിട്ടണില്‍ അത്‌ഭുതങ്ങള്‍ മാത്രമാണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന് തോന്നിപ്പോകും. എന്‍എച്ച്എസിന്റെ സ്ഥിതി വിവരകണക്കുകള്‍ അനുസരിച്ച് 2009നും 2010നും ഇടയില്‍ ബ്രിട്ടണിലെ ഏകദേശം 20,000 പുരുഷന്മാര്‍ക്ക് പ്രസവശുശ്രൂഷകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 17000 പേര്‍ക്ക് പ്രസവശുശ്രൂഷയില്‍ വിദഗ്ധരുടെ സഹായം വേണ്ടിവരികയും ചെയ്തു. പിന്നെ ഒരു 8,000 പേര്‍ ഗൈനക്കോളജിസ്റ്റ്‌നെ സമീപിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
കണക്കുകള്‍ വായിച്ചു ചില അധികാരികള്‍ ഇതെന്താ കുടിക്കുന്ന വെള്ളത്തില്‍ ഈസ്ട്രജന്‍ അംശം ഉണ്ടോ എന്ന് വരെ ചോദിക്കുന്നു. സംഭവം കണക്കുകളിലെ പിഴവാണ്. കമ്പ്യൂട്ടര്‍ സിസ്റ്റത്തിലേക്ക് നല്‍കിയ വിവരങ്ങളില്‍ ചിലത് മിക്കപ്പോഴും പ്രസവശുശ്രൂഷ എന്ന വിഭാഗത്തിലേക്ക് മാറിപോകുന്നു എന്നുള്ളതാണ് ഈ കണക്കുകളുടെ അടിസ്ഥാനം എന്ന് അന്വേഷിച്ച വിദഗ്ദ്ധര്‍ കണ്ടെത്തി. പിഴവ് ഇതില്‍ മാത്രം ഒതുങ്ങിയില്ല. 3000ത്തോളം കുട്ടികള്‍ വാര്‍ധക്യസഹജമായ രോഗത്താല്‍ ഡോക്ടറെ സമീപിച്ചതായും 1600 മുതിര്‍ന്നവര്‍ കുട്ടികളുടെ സ്പെഷ്യലിസ്റ്റിനെ കാണുകയും ചെയ്തു എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഏകദേശം ഇരുപതിനായിരം മുതിര്‍ന്നവര്‍ കുട്ടികള്‍ക്കായുള്ള സേവനങ്ങള്‍ കൈപറ്റിയതായി ഈ കണക്കുകള്‍ പറയുന്നു. ഈ കണക്കുകള്‍ പല വിദഗ്ദ്ധരിലും ചിരിയാണ് ഉണര്‍ത്തിയത്. എന്നിരുന്നാലും വിവരങ്ങളിലുള്ള തകരാറുകള്‍ ഗൌരവപൂര്‍വം കാണും എന്നും അത് ഉടനെ പരിഹരിക്കും എന്നും അധികൃതര്‍ വ്യക്തമാക്കി. ആകെ തിരിഞ്ഞു മറിഞ്ഞു കിടക്കുന്ന കണക്കുകള്‍ ഇപ്പോള്‍ മാത്രമാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും സര്‍ക്കാര്‍ വരവ് ചെലവ് തുകകള്‍ തീരുമാനിക്കുന്നത്. കണക്കുകള്‍ കൂടിക്കുഴഞ്ഞതോടെ ഇനി എന്ത് ചെയ്യും എന്ന അങ്കലാപ്പിലാണ് സര്‍ക്കാരും എന്‍.എച്ച്.എസും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല