കഴിഞ്ഞ എട്ടുദിവസത്തിനുള്ളില്‍ സിറിയന്‍ സൈന്യം ആയിരത്തോളം പേരെ കൊലപ്പെടുത്തിയെന്നു പ്രതിപക്ഷം ആരോപിച്ചു. തിങ്കളാഴ്ച മാത്രം 160 പേര്‍ കൊല്ലപ്പെട്ടെന്ന് സിറിയന്‍ നാഷണല്‍ കൌണ്‍സിലിന്റെ വക്താവ് ബാസ്മ കോട്മനി റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. ഇതിനിടെ കോഫി അന്നന്‍ മുന്നോട്ടുവച്ച സമാധാന പദ്ധതി അവതാളത്തിലായിരിക്കുകയാണെന്ന് ഡമാസ്കസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പദ്ധതി പ്രകാരം നഗരങ്ങളില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. എന്നാല്‍ ഇന്നലെയും രക്തച്ചൊരിച്ചില്‍ തുടര്‍ന്നെന്നും സൈന്യം 31 പേരെ കൊലപ്പെടുത്തിയെന്നും പ്രതിപക്ഷ പ്രവര്‍ത്തകര്‍ അറിയിച്ചു. ഹോംസ്,ഹമാ നഗരങ്ങളില്‍ ടാങ്കുകളുമായി സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. ഹോംസില്‍ മാത്രം ഇന്നലെ 26പേര്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. ചെക്കുപോസ്റുകളില്‍ വിമതര്‍ നടത്തിയ ആക്രമണത്തില്‍ ഏതാനും സൈനികര്‍ക്കും ജീവഹാനി നേരിട്ടു.
വ്യാഴാഴ്ച പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കാമെന്നാണ് അസാദ് ഭരണകൂടം കോഫി അന്നനു നല്‍കിയിട്ടുള്ള ഉറപ്പ്. അസാദിനെതിരേ 13 മാസമായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ ഇതിനകം 9000 പേര്‍ കൊല്ലപ്പെട്ടെന്നാണു യുഎന്നിന്റെ കണക്ക്. അന്നന്റെ സമാധാന പദ്ധതിയോടു സഹകരിക്കാന്‍ സിറിയയെ പിന്തുണയ്ക്കുന്ന റഷ്യ ആവശ്യപ്പെട്ടു. ഇതേസമയം സിറിയന്‍ നഗരങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചു തുടങ്ങിയതായി വിദേശകാര്യമന്ത്രി മുവല്ലം റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്റോവിനെ അറിയിച്ചു.
സായുധരായ വിമതരും വെടിനിര്‍ത്തുമെന്ന് അന്നന്‍ രേഖാമൂലം ഉറപ്പു തരണമെന്ന് മുവല്ലം പുതിയ നിബന്ധന വച്ചു. രാജ്യത്തിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ തകര്‍ക്കുകയും ജനങ്ങളെയും സൈനികരെയും തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന വിമതരുമായി തങ്ങള്‍ക്ക് ഇടപെടാനാവില്ലെന്നും അന്നന്‍ തന്നെ രേഖാമൂലം ഉറപ്പു തരണമെന്നും അദ്ദേഹം പറഞ്ഞു.
അന്നന്റെ സമാധാന നിര്‍ദേശം വന്നശേഷം അസാദ് ഭരണകൂടം ദിനംപ്രതി എണ്‍പതും നൂറും പേരെ വീതം കൊലപ്പെടുത്തുകയാണെന്ന് ടര്‍ക്കി പ്രധാനമന്ത്രി എര്‍ദോഗന്‍ കുറ്റപ്പെടുത്തി. 24000 സിറിയന്‍ അഭയാര്‍ഥികള്‍ ടര്‍ക്കിയിലുണ്െടന്നു ചൂണ്ടിക്കാട്ടിയ എര്‍ദോഗന്‍ ഈയിടെ സിറിയന്‍ സൈനികര്‍ അതിര്‍ത്തി ലംഘിച്ച് വെടിവയ്പു നടത്തിയെന്നും ആരോപിച്ചു. ടര്‍ക്കിയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കോഫി അന്നന്‍ ഇന്നു സന്ദര്‍ശനം നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല