വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്വാലാലംപൂരിലെ ഒരു ആശുപത്രിയില്‍ ഒരു ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചു. അവര്‍ ആശുപത്രിയില്‍ കഴിയവെ അവിടെ ഒരു തീവ്രവാദി ആക്രമണം നടന്നു. ആക്രമണത്തില്‍ കുട്ടികളുടെ മാതാപിതാക്കള്‍ കൊല്ലപ്പെട്ടു.
ഈ ആക്രമണത്തിന് ശേഷം കുട്ടികളെ ഏറ്റെടുത്ത ബന്ധുക്കള്‍ ഒരുകാര്യം ഉറപ്പിച്ചു. ആക്രമണത്തിനും തുടര്‍ന്നുണ്ടായ ബഹളത്തിനുമിടെ ഈ കുട്ടികളില്‍ ഒരാള്‍ മാറിപ്പോയിട്ടുണ്ട്. അല്ലെങ്കില്‍ ഇതെന്താണിങ്ങനെ? ഒരാള്‍ കറുത്തിരുണ്ട്, മറ്റേയാള്‍ പാല്‍ പോലെ വെളുത്തും. ഒരാള്‍ സുന്ദരന്‍, മറ്റേയാള്‍ തീര്‍ത്തും പരുക്കന്‍. ഒരാള്‍ക്ക് പക്വതയുണ്ടെങ്കില്‍ മറ്റേയാള്‍ക്ക് അത് തീരെയില്ല. ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മാറിപ്പോയി എന്ന സംശയം ന്യായമല്ലേ?
ഇവര്‍ രാജയും കരിയും. കോ ബ്രദേഴ്സ് അഥവാ കോബ്ര. അതേ, ലാല്‍ സംവിധാനം ചെയ്യുന്ന ‘കോബ്ര’ എന്ന സിനിമയുടെ കഥാ പശ്ചാത്തലമാണിത്. രാജയും കരിയുമാകുന്നത് യഥാക്രമം മമ്മൂട്ടിയും ലാലും. 12ന് ചിത്രം തിയേറ്ററുകളിലെത്തുകയാണ്.
തുടര്‍ച്ചയായുണ്ടായ തിരിച്ചടികള്‍ക്ക് ഒരു ശമനമുണ്ടാകാന്‍ കാത്തിരിക്കുകയാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ കോബ്രയുടെ വിധി മമ്മൂട്ടിക്ക് നിര്‍ണായകമാണ്. മമ്മൂട്ടിയെ നായകനാക്കി ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് കോബ്ര. ഹിറ്റ്ലര്‍, ബ്ലാക്ക്, തൊമ്മനും മക്കളും, പോത്തന്‍വാവ തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങള്‍ ലാല്‍ നിര്‍മ്മിച്ചിട്ടുണ്ട്.
പത്മപ്രിയയും കനിഹയും നായികമാരാകുന്ന കോബ്രയുടെ നിര്‍മ്മാണം ആന്‍റോ ജോസഫാണ്. മമ്മൂട്ടിയുടെ കഴിഞ്ഞ ചിത്രമായ ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ നിര്‍മ്മിച്ചതും ആന്‍റോ ജോസഫായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല