മുസ്ലിംലീഗിന്റെ പിടിവാശിക്കു മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കി. ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ പാര്ട്ടിയോഗങ്ങളുടെ തീരുമാനത്തെപ്പോലും അവഗണിച്ചുകൊണ്ട് മുസ്ലിംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അടിയറ വച്ച് കോണ്‍ഗ്രസ് കീഴടങ്ങി. മുസ്ലിംലീഗ് പ്രഖ്യാപിച്ചതുപോലെ അലി അഞ്ചാം മന്ത്രിയായി.രാവിലെ പത്തുമണിയോടെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ എച്ച് ആര് ഭരദ്വാജ് അലിക്കും അനൂപിനും സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
അനൂപ് ദൈവനാമത്തിലും അലി അള്ളാഹുവിന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാര്‍ എംഎല്‍എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതോടെ അടുത്ത് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ യുഡിഎഫിനു ലഭിക്കുന്ന രണെടണ്ണത്തില് ഒന്നു കേരള കോണ്‍ഗ്രസ് – എമ്മിനും അടുത്തതു കോണ്‍ഗ്രസിനും ലഭിക്കുമെന്നുറപ്പായി.
മഞ്ഞളാംകുഴി അലിക്ക് നഗര വികസനവും ന്യൂനപക്ഷക്ഷേമവും നല്കാന് ധാരണയായി. എന്നാല്‍ അനൂപിന്റെ വകുപ്പിനെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. അനൂപിന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പു തന്നെ ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. സത്യപ്രതിജ്ഞയ്ക്കുശേഷം ചേരുന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
രാജ്യസഭയില്‍ രണ്ടു സീറ്റുകളില്‍ ജയിച്ചുവരാന്‍ കഴിയുന്ന അവസരമുണ്ടാകുമ്പോള്‍ ഒരു സീറ്റ് നല്‍കാമെന്നതു മാണി വിഭാഗത്തിനു വളരെ മുമ്പു വാഗ്ദാനം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് ഇക്കുറി സീറ്റ് നല്കാന് തീരുമാനിച്ചത്. ലീഗിനും ഇതില്‍ അവകാശമുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ അവര്‍ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. നെയ്യാറ്റിന്‍കരയില്‍ ആര്. ശെല്‍വരാജിനെ പിന്തുണയ്ക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചെങ്കിലും പിന്തുണ ഏതു വിധത്തില്‍ എങ്ങനെയായിരിക്കുമെന്നത് ശെല്‍വരാജുമായി ആലോചിച്ച് കെ.പി.സി.സി പ്രസിഡന്റ് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രണ്ടുദിവസമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മുസ്ലിംലീഗിന്റെ ഭീഷണിക്കു വഴങ്ങിയാണ് അഞ്ചാം മന്ത്രിസ്ഥാനം നല്കാന് തീരുമാനിച്ചത്. അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതിന് കെ.പി.സി.സി. നേതൃയോഗങ്ങളില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചാംമന്ത്രിസ്ഥാനം പറ്റില്ലെന്ന നിലപാടാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനേയും അറിയിച്ചത്. ഈ തീരുമാനവുമായി മുന്നോട്ടുപോയാല്‍ കടുത്തനടപടികള്‍ക്ക് തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് ഇ.ടി. മുഹമ്മദ്ബഷീര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു മുന്നറിയിപ്പു നല്കി. ഇതോടെയാണ് അഞ്ചാംമന്ത്രി എന്ന ആവശ്യം അംഗീകരിക്കപ്പെട്ടത്.
കുരുക്കഴിയ്ക്കാന്‍ മന്ത്രിതല അഴിച്ചുപണി
അനൂപ് ജേക്കബും മഞ്ഞളാം കുഴി അലിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ വന്‍ അഴിച്ചുപണി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറും. തിരുവഞ്ചൂരിന് പകരം അടൂര്‍ പ്രകാശ് പുതിയ റവന്യൂ മന്ത്രിയായി ചുമതലയേല്‍ക്കും.
അതേസമയം അടൂര്‍ പ്രകാശിന് പകരം ആരോഗ്യ വകുപ്പ് വിഎസ് ശിവകുമാര്‍ ഏറ്റെടുക്കും. ശിവകുമാര്‍ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് ആര്യാടന് മുഹമ്മദിന് നല്‍കും. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്ന ആര്യാടന് വൈദ്യുതി വകുപ്പിന് പുറമേ ഗതാഗത വകുപ്പിന്റെ അധിക ചുമതല കൂടി നല്കി അനുനയിപ്പിക്കാനാണ് ശ്രമം.
അഞ്ചാം മന്ത്രിയ്ക്കെതിരെ രംഗത്തു വന്ന എന്‍എസ്എസ് അടക്കമുള്ള സാമുദായിക സംഘടനകളെ തണുപ്പിക്കാനായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരം പോലുള്ള സുപ്രധാന വകുപ്പ് നല്‍കിയത്. എന്നാല്‍ കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനായാണ് ആഭ്യന്തരവകുപ്പ് ഒഴിഞ്ഞതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം.
വകുപ്പ് മാറ്റത്തിന് ഹൈക്കമാന്‍ഡ് വ്യാഴാഴ്ച രാവിലെ അനുമതി നല്‍കിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ആര്യാടന് മുഹമ്മദ് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല