ഏഷ്യന്‍രാജ്യങ്ങളെ ഭീതിയുടെ മുള്‍മുനയിലാക്കി ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ വീണ്ടും അതിശക്തമായ ഭൂകമ്പം. സുമാത്ര ദ്വീപില്‍പ്പെട്ട ആചെ പ്രവിശ്യയുടെ തലസ്ഥാനമായ ബാന്‍ഡ ആചെ നഗരത്തില്‍നിന്നു 434 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് സമുദ്രത്തിലാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്ത്യന്‍സമയം ഇന്നലെ ഉച്ച കഴിഞ്ഞു 2.08നാണ് റിക്ടര്‍ സ്കെയിലില്‍ 8.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഇതെത്തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രതീരത്ത് ഇന്ത്യയടക്കമുള്ള 28 രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പു നല്കി. മിക്കയിടങ്ങളിലും കടലില്‍ ശക്തമായ തിരയിളക്കം അനുഭവപ്പെട്ടു. പിന്നീട് സുനാമിമുന്നറിയിപ്പു പിന്‍വലിച്ചു. എങ്കിലും തീരദേശങ്ങളില്‍ ജാഗ്രത തുടരുകയാണ്.
ബാന്‍ഡ ആചെ നഗരത്തിലും പരിസരങ്ങളിലും വൈദ്യുതി, വാര്‍ത്താവിനിമയബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. വൈകുന്നേരം നാലോടെ 8.2 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനമുണ്ടായി. സുമാത്ര ദ്വീപിലെങ്ങും തീവ്രതകുറഞ്ഞ തുടര്‍ചലനങ്ങള്‍ ആവര്‍ത്തിക്കുന്നതു ജനങ്ങളെ ഭീതിയിലാഴ്ത്തി. ആചെ നഗരത്തിനടുത്തു കടല്‍ ഉള്‍വലിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. 2004ല്‍ ഉണ്ടായ വന്‍ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്താണ് ഇന്നലത്തെ ഭൂകമ്പത്തിന്റെയും പ്രഭവസ്ഥാനം.
ഭൂകമ്പത്തെത്തുടര്‍ന്നു സുമാത്ര ദ്വീപിലെ മെവുലാബോയില്‍ 3.5 അടി ഉയരത്തില്‍ തിരകളുണ്ടായി. രാജ്യത്തിന്റെ മറ്റു തീരപ്രദേശങ്ങളില്‍ ഒരടി ഉയരത്തില്‍ തിരകളടിച്ചു. ഭൂകമ്പം കടലില്‍ കേന്ദ്രീകരി ച്ചതിനാലാണു കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഇല്ലാതായതെന്നു ഹവായിയിലെ പസിഫിക് സുനാമി മുന്നറിയിപ്പു കേന്ദ്രം അറിയിച്ചു. അതേസമയം, ബാന്‍ഡ ആചെ, ജക്കാര്‍ത്ത, ബാങ്കോക്ക്, ഹോങ്കോംഗ് നഗരങ്ങളില്‍ വ്യാപകമായി കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കുംവിള്ളലുണ്ടായി.
2004ല്‍ സുമാത്രദ്വീപില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമി ഇന്ത്യയുള്‍പ്പെടെ 14 ഏഷ്യന്‍രാജ്യങ്ങളില്‍ കനത്ത നാശമാണുണ്ടാക്കിയത്. രണ്ടു ലക്ഷത്തിലേറെ പേര്‍ മരിച്ചതായാണ് ഔദ്യോഗികറിപ്പോര്‍ട്ട്. ആയിരം കോടി ഡോളറിന്റെ നഷ്ടവുമുണ്ടായി. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ജപ്പാനില്‍ 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും സുനാമിയിലും 15,000 പേര്‍ മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല