പ്രശസ്ത നടന് പ്രഭുദേവയുടെ അച്ഛനും പഴയ ഡാന്‍സ് മാസ്റ്ററുമായ സുന്ദരം തനിക്ക് അഞ്ചുകോടി രൂപയും പ്രതിമാസം 75000 രൂപയും തരണമെന്ന് ആവശ്യപ്പെട്ട് മുന്‍ഭാര്യയും ഡാന്‍സ് മാസ്റ്ററുമായ താര (62 വയസ്സ്) കോടതിയെ സമീപിച്ചു. സൌജന്യമായി നിയമോപദേശം നല്കുന്ന സമിതിയെയാണ് തനിക്ക് ജീവനാംശം വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് താര ആദ്യം സമീപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് സുന്ദരത്തിന് സമിതി നോട്ടീസ് അയച്ചെങ്കിലും സുന്ദരം സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ എത്തിയില്ല. തുടര്‍ന്നാണ് താര കോടതിയെ സമീപിച്ചത്.
“എന്റെ അച്ഛന്റെ പേര് അമറുദ്ദീന് എന്നാണ്. ‘സെര്‍വര്‍ സുന്ദരം’ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡാന്‍സ് മാസ്റ്ററായി ജോലി നോക്കുമ്പോഴാണ് ഞാന്‍ മാസ്റ്റര്‍ സുന്ദരവുമായി ഞാന്‍ അടുക്കുന്നത്. 1964 തൊട്ട് ഞങ്ങള്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. 1970-ല്‍ സുന്ദരം എന്നെ ഹിന്ദുവായി മതംമാറ്റി വിവാഹം ചെയ്തു. 1971-ല്‍ ഞങ്ങള്‍ക്ക് ഒരു മകന് പിറന്നു.”
“സിനിമാ ഫീല്‍ഡില്‍ നല്ല പേരുള്ള ഡാന്‍സ് മാസ്റ്റര്‍ ആയതിനാല്‍ വിവാഹക്കാര്യം വെളിപ്പെടുത്തരുതെന്ന് സുന്ദരം എന്നോട് ആവശ്യപ്പെട്ടു. ഞാനത് അനുസരിച്ചു. എങ്കിലും അത്യാവശ്യം ആളുകളെ വിവാഹക്കാര്യം അറിയിക്കണം എന്ന് ഞാന്‍ വാശിപിടിക്കുകയും അവസാനം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പൊതുവായി ഒരു വിവാഹച്ചടങ്ങ് നടത്തുകയും ചെയ്തു. എന്നാല്‍, മകന് പിറന്നതിന് ശേഷം സുന്ദരം വീട്ടിലേക്ക് വരുന്നത് കുറഞ്ഞുവന്നു.”
“1973 – 1974 കാലഘട്ടത്തില്‍ സുന്ദരം വീട്ടില്‍ വന്നതേ ഇല്ല. 1975 തൊട്ട് ഞാനും ഡാന്‍സ് മാസ്റ്ററായി ജോലി ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ മകന് അസുഖവും പിടിച്ചു. അസുഖമുള്ള കുട്ടിയായതിനാല്‍ എട്ടാം ക്ലാസ് വരെയേ അവന് പഠിക്കുകയുണ്ടായുള്ളൂ. 1995 ആയപ്പോള്‍ ഞാന്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടായി. ഒരു പൈസ പോലും എന്റെ കയ്യില്‍ സമ്പാദ്യമായി ഉണ്ടായിരുന്നില്ല. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൈസ ഇരന്നുവാങ്ങി ജീവിക്കേണ്ട ഗതികേടില്‍ ഞാനും മകനുമെത്തി.”
“ആയിരം കോടി രൂപയുടെ സ്വത്തിന് അധിപനാണ് ഇപ്പോള്‍ സുന്ദരം. ഡാന്‍സ് ഫീല്‍ഡില്‍ സുന്ദരം കാലെടുത്ത് വയ്ക്കുമ്പോള്‍ എന്റെ പിന്തുണയും സുന്ദരത്തിന് ഉണ്ടായിരുന്നു. എന്റെ അധ്വാനത്തിന്റെയും ഫലമാണ് സുന്ദരത്തിന്റെ സ്വത്തുക്കള്‍. കര്‍ണാടകത്തില്‍ ഒരു വലിയ കല്യാണമണ്ഡപം, ഫാം ഹൌസുകള്‍, കൃഷിത്തോട്ടങ്ങള്‍, ചെന്നൈയില്‍ വീടുകള്‍ തുടങ്ങി എത്രയോ സ്വത്തുക്കള്‍ സുന്ദരത്തിനുണ്ട്. ഇതിനിടയില്‍ ഒരു ചെറുപ്പക്കാരിയെ നോക്കി സുന്ദരം രണ്ടാം വിവാഹം ചെയ്തു. അതിലുള്ള മക്കളാണ് പ്രഭുദേവ, രാജുസുന്ദരം, നാഗേന്ദ്ര പ്രസാദ് തുടങ്ങിയവര്‍.”
“എന്നെ വിവാഹം ചെയ്തതിന് തെളിവൊന്നും ഇല്ലെന്നാണ് സുന്ദരം ഇപ്പോള്‍ പറയുന്നത്. എന്റെ മകന്റെ ജനനസര്‍ട്ടിഫിക്കറ്റ് നോക്കിയാല്‍ അച്ഛനാരാണെന്ന് ആര്‍ക്കും മനസിലാകും. എനിക്കിപ്പോള്‍ ആവശ്യം പണമാണ്. എനിക്ക് കൂടി അവകാശപ്പെട്ട പണം. അഞ്ചുകോടി രൂപയും പ്രതിമാസം 75,000 ആണ് എനിക്കാവശ്യം. ഇത് വാങ്ങിത്തരാന്‍ കോടതിയുടെ കരുണ ഉണ്ടാകണം എന്ന് ഞാന്‍ താഴ്മയോട് അപേക്ഷിക്കുന്നു” – താര സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല