പതിമൂന്നു മാസം നീണ്ട ആഭ്യന്തര കലാപത്തില്‍നിന്ന് സിറിയ സമാധാനത്തിന്റെ പാതയിലേക്കുവരുന്നതിന്റെ സൂചന കണ്ടു തുടങ്ങി. യുഎന്‍ നിര്‍ദേശത്തെത്തുടര്‍ന്ന് വെടിനിര്‍ത്തലിന് തയാറായിരിക്കുകയാണ് അസദ് ഭരണകൂടം. പ്രത്യേക പ്രതിനിധി കോഫി അന്നന്റെ മധ്യസ്ഥതയിലാണ് ആക്രമണങ്ങള്‍ക്ക് വിരാമമിടാന്‍ ഭരണകൂടം സന്നദ്ധത അറിയിച്ചത്. എന്നാല്‍ സര്‍ക്കാരിനെ പൂര്‍ണമായും വിശ്വസിക്കാന്‍ പ്രക്ഷോഭകരോ മനുഷ്യാവകാശ സംഘടനകളോ തയാറല്ല.
അതേസമയം, സൈന്യത്തെ പ്രധാന നഗരങ്ങളില്‍നിന്ന് പിന്‍വലിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണാനില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിനു തൊട്ടു മുന്‍പ് തലസ്ഥാനത്തിനു സമീപം സബദാനിയില്‍ ഏതാനും സ്ഫോടനങ്ങളുണ്ടായി. പലയിടങ്ങളിലും ടാങ്കുകള്‍ പിന്‍വലിച്ചിട്ടില്ല. മാധ്യമങ്ങള്‍ക്ക് ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കൂടുതല്‍ വ്യക്തമായ വാര്‍ത്തകള്‍ ലഭ്യമല്ല.
യുഎന്നിന്റെ അന്ത്യശാസനം അവസാനിക്കുന്നതിനു മുന്‍പ് ബുധനാഴ്ചയുണ്ടായ ആക്രമണങ്ങളില്‍ 25 സിവിലിയന്മാര് കൊല്ലപ്പെട്ടു. പ്രക്ഷോഭകരുടെ ശക്തികേന്ദ്രം റസ്താനിലാണ് പത്തു പേര് കൊല്ലപ്പെട്ടത്.
സിറിയന്‍ അധികൃതര്‍ വെടിനിര്‍ത്തലിനു തയാറാണെന്ന് കത്തു മുഖാന്തിരം അന്നനെ അറിയിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം. പ്രാദേശിക സമയം ഇന്നലെ രാവില 6 മുതല്‍ വെടിനിര്ത്തുമെന്നായിരുന്നു അറിയിപ്പ്. ഇതിനിടെ, സിറിയന്‍ പ്രശ്നം പരിഹരിക്കാനുള്ള അന്നന്റെ ശ്രമങ്ങളെ യുഎസും ജര്‍മനിയും അഭിനന്ദിച്ചു. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലും ഇന്നലെ രാവിലെ ഫോണില്‍ സംസാരിച്ചശേഷമായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല