ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനത്തിനായി ലൈസന്‍സ് നേടുന്ന കമ്പനികള്‍ക്ക് സൗജന്യമായി സ്‌പെക്ട്രം അനുവദിക്കുന്ന രീതി അവസാനിപ്പിക്കുന്നു. 2ജി അഴിമതി ഉയര്‍ത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ ടെലികോം നയം പ്രാബല്യത്തില്‍ വരുന്നതോടെയാണിത്. ഇനിമുതല്‍ മൊബൈല്‍ കമ്പനികള്‍ക്ക് തുടക്കത്തിലും പിന്നീട് പ്രവര്‍ത്തനം വികസിപ്പിക്കുമ്പോഴും ആവശ്യമുള്ള സ്‌പെക്ട്രത്തിന് സര്‍ക്കാറിന് പണം നല്‍കേണ്ടിവരും. ടെലികോം മന്ത്രി കപില്‍സിബലാണ് തീരുമാനം അറിയിച്ചത്. മൊബൈല്‍ഫോണ്‍ നിരക്ക് വര്‍ധിക്കാന്‍ ഈ നീക്കം ഇടയാക്കുമെന്നാണ് സൂചന.
ഭാവിയില്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കുന്ന ലൈസന്‍സ് ഏകീകൃത സ്വഭാവമുള്ളതായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ ലൈസന്‍സ് ഉള്ളവര്‍ക്ക് ഏതുതരത്തിലുള്ള ടെലികോം സര്‍വീസുകളും നല്‍കാം. വയര്‍ലെസ് സര്‍വീസ് നല്‍കാന്‍ ആഗ്രഹിക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് വിപണിരീതികള്‍ അനുസരിച്ച് സ്‌പെക്ട്രം വാങ്ങേണ്ടിവരും- അദ്ദേഹം വിശദീകരിച്ചു.
ഇപ്പോഴുള്ള ടെലികോം ഓപ്പറേറ്റിങ് കമ്പനികള്‍ ലൈസന്‍സിനൊപ്പം സ്‌പെക്ട്രം ലഭിച്ചവയാണ്. ഇതാണ് കുറഞ്ഞ നിരക്കുകളുമായി വിപണിയില്‍ മത്സരം നടക്കുന്നതിനുള്ള കാരണം. പുതിയനിയമം അനുസരിച്ച് ലൈസന്‍സ് സാധുതയുള്ള എല്ലാ കമ്പനികളും 2ജി സ്‌പെക്ട്രത്തിനുവേണ്ട 1.8 മെഗാഹെര്‍ട്‌സിന്റെ വിപണിവില നല്‍കേണ്ടിവരും. ഇത് ഈ കമ്പനികളുടെ നിലവിലുള്ള ലാഭത്തെ ബാധിച്ചേക്കാനിടയുണ്ട്. 6.2 മെഗാഹെര്‍ട്‌സിലധികം കൈവശമുള്ള പഴയ ഓപ്പറേറ്റര്‍മാരായ ഭാരതി (എയര്‍ടെല്‍), വൊഡാഫോണ്‍, ഐഡിയ തുടങ്ങിയവര്‍ക്ക് വലിയ പ്രശ്‌നം ഉണ്ടാകില്ല. എന്നാല്‍ അധികപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട സ്‌പെക്ട്രത്തിന് കൂടതല്‍ പണം മുടക്കേണ്ടി വരും. ഈ മാറ്റങ്ങള്‍ ഉടനടി നിലവില്‍ വരുമെന്നാണ് മന്ത്രി സിബല്‍ വ്യക്തമാക്കിയത്.
പുതിയ നയം പഴയ ഓപ്പറേറ്റിങ് കമ്പനികളെ വന്‍തോതില്‍ സഹായിക്കുന്നതാണെന്നാണ് പുതിയ കമ്പനികള്‍ ആരോപിക്കുന്നത്. തുല്യനിലയിലുള്ള മത്സരം ഇല്ലാതാക്കാന്‍ ഇത് ഇടവരുത്തും. ഇപ്പോള്‍ത്തന്നെ ഉപഭോക്താക്കളെ കണ്ടെത്താന്‍ പരിശ്രമിക്കുന്ന പുതിയ കമ്പനികള്‍ക്ക് നയം വലിയ തിരിച്ചടിയാവുകയും വിപണിയില്‍ നിന്ന് പുറംതള്ളപ്പെടുകയും ചെയ്യും- അവര്‍ പറഞ്ഞു. 6.2 മെഗാഹെര്‍ട്‌സിന് അപ്പുറമുള്ള സ്‌പെക്ട്രം നല്‍കുന്നതിന് ലേലം നടത്തുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
1999-ലെ ടെലികോം നയം ഈ രംഗത്ത് കൂടുതല്‍ മത്സരം നടത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. ഇപ്പോള്‍ ആവശ്യത്തിന് മത്സരം ഉണ്ട്. പുതിയ മേഖലകളിലേക്ക് നയം വളര്‍ത്തുകയാണ് വേണ്ടത്. ഓപ്പറേറ്റര്‍മാര്‍ക്ക് ആവശ്യത്തിന് സ്‌പെക്ട്രം അനുവദിക്കാന്‍ തന്നെയാണ് തീരുമാനം. ഇതിന് വേണ്ട നിര്‍ദേശങ്ങള്‍ തരാന്‍ ട്രായിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിച്ച സ്‌പെക്ട്രം ഓപ്പറേറ്റര്‍ കമ്പനികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ ശ്രദ്ധിക്കും- അദ്ദേഹം പറഞ്ഞു. നിലവിലുള്ള ലൈസന്‍സുകള്‍ റദ്ദാക്കുന്നതിനായി കൂടുതല്‍ നോട്ടീസുകള്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല