മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയും മന്ത്രിമാരുടെ വകുപ്പു പുനര്‍ വിഭജനവും കോണ്‍ഗ്രസിലുയര്‍ത്തിയ പ്രതിസന്ധി തുടരുന്നു. വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് വ്യാഴാഴ്ച രാജി വയ്ക്കാനൊരുങ്ങിയെന്നു സൂചന. എന്‍. ശക്തന് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു നിസഹകരിക്കുന്നു. ലീഗിന്റെ നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണെന്നു കാണിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനു കത്തയിച്ചിരുന്നെന്നും സൂചനകളായി. വാക്കു മാറിയെന്നു കാണിച്ച് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് ലീഗ് നേതൃത്വത്തിനു കത്തയച്ചു. എല്ലാത്തിനും പുറമെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മൗനവും.
മുസ്ലിം ലീഗിനെതിരേ ശക്തമായ നിലപാടു സ്വീകരിച്ച ആര്യാടന് മുഖ്യമന്ത്രിയെ നേരിട്ടാണു രാജി തീരുമാനം അറിയിച്ചത്. രാജി ഒഴിവാക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കേന്ദ്ര മന്ത്രി എ.കെ. ആന്റണിയെ വിളിക്കേണ്ടി വന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു കഴിയുന്നതു വരെ ക്ഷമിക്കണമെന്ന ആന്റണിയുടെ ആവശ്യം ആര്യാടന് അംഗീകരിച്ചു. ഉപതെരഞ്ഞെടുപ്പിനു ശേഷം മന്ത്രിയായി താനുണ്ടാവില്ലെന്ന് അടുത്തു ബന്ധം പുലര്‍ത്തുന്ന നേതാക്കളെ ആര്യാടന് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഗതാഗത വകുപ്പിന്റെ ചുമതല ആര്യാടനു നല്‍കിയെങ്കിലും ഏറ്റെടുക്കാന്‍ ഇന്നലെ വൈകിട്ടു വരെ തയാറായിട്ടില്ല. സ്ഥലം മാറ്റം സംബന്ധിച്ച ഫയല്‍ മന്ത്രിയുടെ അനുമതിക്കു വന്നെങ്കിലും തിരിച്ചയച്ചു.
നാടാര്‍ സമുദായത്തിന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്നു രാജിവയ്ക്കണമെന്ന് സമുദായ സംഘടനകള്‍ നിര്‍ബന്ധിക്കുകയാണെന്നും ശക്തന്. യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് ലീഗിനെതിരേ ആദ്യമായി നിലപാടു സ്വീകരിച്ചു. ലീഗ് നേതൃത്വത്തിനു സ്വന്തം ഇഷ്ടപ്രകാരം കത്തു നല്കിയ തങ്കച്ചന്, ചര്‍ച്ചകളില്‍ സമ്മതിച്ച ധാരണ അട്ടിമറിച്ച് മന്ത്രിസ്ഥാനത്തിനു വേണ്ടി നടത്തിയ ശ്രമങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. മുന്നണി സംവിധാനത്തെ തകര്‍ക്കുന്നതാണു ലീഗ് നിലപാടെന്നും അദ്ദേഹം.
ഇതിനിടെ, ലീഗിന്റെ നിലപാടുകള്‍ മുന്നണി സംവിധാനത്തിനെതിരാണെന്നു പരാതി പറയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനു രഹസ്യമായി കത്തെഴുതിയിരുന്നെന്നും പുറത്തുവരുന്നു. കത്തില്‍ വകുപ്പു വിഭജനത്തെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. കത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഹമ്മദ് പട്ടേലിനെ ചുമലപ്പെടുത്തുകയായിരുന്നു. അനുനയത്തിനു ശ്രമിക്കാതെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രി സ്വയം എടുത്ത തീരുമാനമുണ്ടാക്കിയ പ്രശ്നങ്ങള്‍ അദ്ദേഹം തന്നെ പരിഹരിക്കട്ടെയെന്ന നിലപാടിലാണു ചെന്നിത്തല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല