പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘തേസ്’ എന്ന ഹിന്ദിച്ചിത്രത്തില്‍ പ്രിയദര്‍ശന്റെ സംവിധാനത്തിലല്ലാതെ നിര്‍മ്മാതാക്കള്‍ ഒരു ഗാനരംഗം ഷൂട്ടുചെയ്‌തു ചേര്‍ത്തു! മല്ലികാ ഷെരാവത്തിന്റെ ഒരു ഐറ്റം ഡാന്‍സാണ് പ്രിയന്റെ സാന്നിദ്ധ്യമില്ലാതെ ഷൂട്ടു ചെയ്‌ത് ചേര്‍ത്തത്. സുനീതി ചൗഹാന്‍ പാടുന്ന ‘ലൈലാ…’ എന്നു തുടങ്ങുന്ന ഗാനമാണ് ഇത്. അല്‌പ വസ്‌ത്രധാരിയായ മല്ലിക നടത്തുന്ന മാദക നൃത്തമാണ് ഈ ഗാനരംഗത്തുളളത്. ഗണേഷ് ആചാര്യയാണ് നൃത്തസംവിധാനം നിര്‍വ്വഹിച്ചത്. സാജിദ്-വാജിദ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധായകര്‍.
വീനസ് കമ്പനിയുടെ ബാനറില്‍ രത്തന്‍ ജെയിനാണ് തേസ് നിര്‍മ്മിക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘തേസി’ല്‍ ഐറ്റം ഡാന്‍സിന് സാംഗത്യമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ ജോലികള്‍ക്ക് ഐറ്റം ഡാന്‍സും ഇങ്ങനെയൊരു ചൂടന്‍ ഗാനവും അത്യാവശ്യമാണെന്ന് സംഗീതക്കമ്പനിയുടെ കൂടെ ഉടമകളായ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ എതിരു നിന്നില്ലെന്നും പ്രിയന്‍ പറഞ്ഞു.
ചിത്രത്തിനു വേണ്ടി കാശു മുടക്കുന്നവര്‍ക്ക് സിനിമയില്‍ എന്തു വേണം എന്തു വേണ്ട എന്നു തീരുമാനിക്കാനുള്ള അവകാശമുണ്ട്. പക്ഷേ ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായ തേസില്‍ എന്റെ സങ്കല്‍പ്പത്തില്‍ ഇങ്ങനെയൊരു ഐറ്റം ഡാന്‍സിന്റെ ആവശ്യമില്ലെന്നും ഞാനതു ചെയ്യില്ലെന്നും പറഞ്ഞതോടെ ഞാനില്ലാതെ ഇങ്ങനെയൊരു ഐറ്റം ഡാന്‍സ് അവരുടെ താല്‌പര്യത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഏതായാലും പ്രസ്‌തുത നൃത്തരംഗം സിനിമയില്‍ ഉള്‍പ്പെടുത്തില്ലെന്നും തേസിന്റെ പ്രൊമോഷനു വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നും പ്രിയന്‍ അറിയിച്ചു.
വ്യക്‌തിപരമായി താന്‍ ഐറ്റം ഡാന്‍സുകള്‍ക്കെതിരാണ്. സിനിമയുടെ കഥാഗതിക്ക് അത്രയധികം ആവശ്യമായി തോന്നിയാല്‍ മാത്രമേ ഐറ്റം ഡാന്‍സുകള്‍ ചേര്‍ക്കാറുള്ളൂ. അല്ലാതെ വെറുതേ ചിത്രീകരിച്ചു ചേര്‍ക്കുന്ന ഐറ്റം ഡാന്‍സുകള്‍ കഥയുമായി ലയിക്കാതെ മുഴച്ചു നില്‍ക്കുമെന്നും പ്രിയന്‍ പറയുന്നു.
തന്റെ ആദ്യ ത്രില്ലര്‍ ചിത്രമായ തേസ് ഹോളിവുഡ് സ്‌റ്റൈലിലുള്ള ഒരു ചിത്രമായിരിക്കുമെന്നും പ്രിയന്‍ പറഞ്ഞു. മോഹന്‍ലാല്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തേസിന്റെ പ്രൊമോഷണല്‍ പോസ്‌റ്ററുകളില്‍ നിന്ന്‌് മോഹന്‍ലാലിന്റെ ചിത്രം ഒഴിവാക്കിയത് നേരത്തെ മോഹന്‍ലാല്‍ ഫാന്‍സിന്റെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മോഹന്‍ലാലിനെക്കൂടാതെ അനില്‍ കപൂര്‍ , അജയ് ദേവ്‌ഗണ്‍, കങ്കണാ റണൗത്ത്, സമീരാ റെഡ്‌ഡി, സയ്യദ് ഖാന്‍, ബൊമാന്‍ ഇറാനി തുടങ്ങിയവരാണ് തേസിലെ മറ്റ് പ്രധാന അഭിനേതാക്കള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല