സ്വന്തംവീട്ടില്‍ സ്ഥാപിച്ച രഹസ്യ കാമറ ചതിക്കുമെന്ന് അവര്‍ നാലുപേരും ഒരിക്കലും വിചാരിച്ചില്ല. മോഷണക്കുറ്റത്തിന് ശിക്ഷ ലഭിച്ച നാല്‍വര്‍ സംഘം ജയിലില്‍ കിടന്ന് കാമറ സ്ഥാപിക്കാന്‍ തോന്നിയ നിമിഷത്തെ പഴിക്കുകയാണ്. പടിഞ്ഞാറന്‍ യോക്ഷയറിലെ കാറിങ് റൈനര്‍, ബെന്‍കൂപ്പര്‍, സ്റ്റീവന്‍ ഫ്രാന്‍ക്സ്, ബെന്‍ജാമിന്‍ ടേണ്‍ബുള്‍ എന്നിവരെയാണ് കാമറ ചതിച്ച് ജയിലിലാക്കിയത്.
സംഭവം ഇങ്ങനെ: മോഷ്ടാക്കളായ നാല്‍വരും വളരെ അടുത്ത സുഹൃത്തുക്കളാണ്. തങ്ങളുടെ തൊഴില്‍ ആവശ്യത്തിനായി ഇവര്‍ ചേര്‍ന്ന് ഒരു വീട് സംഘടിപ്പിച്ചു. മോഷണ മുതലുകള്‍ സൂക്ഷിക്കുകയും ചെയ്യാം. പരിപാടികള്‍ ആരുടെയും ശല്യമില്ലാതെ ആസൂത്രണം ചെയ്യാനുമാവും. തങ്ങളുടെ വീടിന്റെ പരിസരത്തേക്ക് ആരെങ്കിലും കടക്കുന്നുണ്ടെങ്കില്‍ അവരെ നിരീക്ഷിക്കാനായി വീടിനുമുന്നില്‍ ഇവര്‍ നിരീക്ഷണ കാമറകള്‍ പിടിപ്പിച്ചു.
കാര്യങ്ങള്‍ ഇങ്ങനെ ഉഷാറായി പൊയ്ക്കൊണ്ടിരിക്കെ നാല്‍വര്‍ സംഘത്തെ പൊലീസ് പിടികൂടി. ഓപ്പറേഷനുശേഷം കാറില്‍ സഞ്ചരിക്കുമ്പോഴാണ് പൊലീസ് പിടികൂടിയത്. പരിശോധനയില്‍ വാഹനത്തില്‍ നിന്ന് ആഭരണങ്ങളും മോഷണത്തിനുപയോഗിക്കുന്ന ചില വസ്തുക്കളും കണ്ടെടുത്തു. തുടര്‍ന്ന് വിശദമായ പരിശോധനയായി. ഇതിനായി ഇവരുടെ താമസസ്ഥലത്ത് പൊലീസ് എത്തിയതോടെയാണ് എല്ലാം കുഴഞ്ഞുമറിഞ്ഞത്.
രഹസ്യ കാമറ കണ്ടുപിടിച്ച പൊലീസ് അതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ചു. പുറത്തുപോയ ശേഷം ആഭരണങ്ങളും മറ്റുമായി വരുന്നതും പണി ആയുധങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതും ഒക്കെ പൊലീസുകാര്‍ വിശദമായി പരിശോധിച്ചു. ഉടന്‍തന്നെ ഇവരെ പൊക്കി അകത്താക്കുകയും ചെയ്തു. ശിക്ഷ ലഭിച്ചവരെല്ലാം ഇരുപതിനും ഇരുപത്താറിനും ഇടയില്‍ പ്രായമുള്ളവരാണ്.
ഇന്റര്‍നെറ്റിലൂടെ മയക്കുമരുന്ന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ഒരാളെ കോടതി നാലുവര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. മറ്റുള്ളവരുടെ ശിക്ഷാകാലാവധി ഇതിലും കുറവാണ്. ഇതില്‍ പലരും നേരത്തെ മോഷണവും മറ്റും നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല