കേരളത്തിലെ ആരോഗ്യ മേഖലയില്‍ നിരവധി പ്രശ്നങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലമാണിത്. സ്വകാര്യ മേഖലയിലെ നേഴ്സുമാര്‍ ഒരു ഭാഗത്ത് സമരം തുടരുമ്പോള്‍ മറുഭാഗത്ത് ഒരു വിഭാഗം ഡോക്റ്റര്‍മാര്‍ കഴിഞ്ഞ ദിവസം മുതല്‍ റിലേ നിരാഹാര സമരത്തിലാണ്. മെഡിക്കല്‍ ബിരുദാനന്തര ബിരുദപഠനം നടത്തുന്നവരും സീനിയര്‍ റസിഡന്‍റ്സ് ഡോക്റ്റര്‍മാരുമാണ് സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ നിര്‍ബന്ധിത സേവനം ഉള്‍പ്പെടെയുള്ള ബോണ്ട് വ്യവസ്ഥ ഒഴിവാക്കണമെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യം. പരിശോധനകളടക്കമുള്ള സര്‍വീസുകള്‍ നിലനിര്‍ത്തി, തത്കാലം നിരാഹാര സമരം നടത്തുകയാണു ഡോക്റ്റര്‍മാര്‍. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഒരാഴ്ച കഴിഞ്ഞ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ചെറിയൊരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ ആരോഗ്യ മേഖല വീണ്ടും അരാജകത്വത്തിലേക്കു നീങ്ങുന്നതിന്‍റെ സൂചനയായി ഈ സമരത്തെ കരുതാം.
ഡോക്റ്റര്‍മാര്‍ക്ക് അനുവദിച്ച പ്രത്യേക അലവന്‍സ് ശമ്പളത്തില്‍ ലയിപ്പിക്കുക, സ്വകാര്യ പ്രാക്റ്റിസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ ഒരു വര്‍ഷത്തോളം നിസഹകരണ സമരത്തിലായിരുന്നു. മുന്‍ ഇടതു സര്‍ക്കാരിന്‍റെ കാലത്തു തുടങ്ങിയ സമരം, ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മാസങ്ങള്‍ കഴിഞ്ഞാണു പിന്‍വലിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളെജുകള്‍ വരെ അന്നത്തെ സമരത്തില്‍ സ്തംഭിച്ചു. നിരപരാധികളായ പതിനായരിങ്ങളാണ് അന്നു ദുരിതക്കയത്തില്‍ മുങ്ങിയത്. സമാന സാഹചര്യങ്ങള്‍ ഇപ്പോഴും സംജാതമാകുന്നു എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
സര്‍ക്കാര്‍ സര്‍വീസിലെത്തുന്ന ഡോക്റ്റര്‍മാര്‍ക്ക് മൂന്നു വര്‍ഷത്തെ സര്‍വീസ് ബോണ്ട് നിര്‍ബന്ധമാക്കിയതാണ് ഇപ്പോഴത്തെ സമരത്തിനു കാരണമെന്നു സമരത്തിനു നേതൃത്വം നല്‍കുന്ന കേരള മെഡിഡോസ് ജോയ്ന്‍റ് കൗണ്‍സില്‍ പറയുന്നു. സര്‍ക്കാര്‍ സര്‍വീസ് തെരഞ്ഞെടുക്കുന്ന ഡോക്റ്റര്‍മാര്‍ മെരിറ്റില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയവരാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും ചെലവേറിയ പാഠ്യപദ്ധതിയാണു മെഡിക്കല്‍ വിദ്യാഭ്യാസം. പക്ഷേ, മെരിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഈ ചെലവിന്‍റെ സിംഹഭാഗവും പൊതുഖജനാവില്‍ നിന്നാണ് കണ്ടെത്തുന്നത്.
ഏതാനും വര്‍ഷം മുന്‍പു വരെ ആയിരത്തില്‍ത്താഴെ മെഡിക്കല്‍ സീറ്റുകളില്‍ ഒതുങ്ങിയിരുന്നു നമ്മുടെ മെഡിക്കല്‍ വിദ്യാഭ്യാസം. അന്ന് ഡോക്റ്റര്‍മാര്‍ക്കു വലിയ തോതില്‍ ക്ഷാമവും നേരിട്ടു. ഇന്നാവട്ടെ, സര്‍ക്കാര്‍ ഉടമസ്ഥതയിലും സ്വകാര്യ മേഖലയിലുമുള്ള സ്വാശ്രയ സ്ഥാപനങ്ങളിലടക്കം മെഡിക്കല്‍ സീറ്റുകളുടെ എണ്ണം വര്‍ധിച്ചു. അവിടങ്ങളിലെല്ലാം മെരിറ്റ് സീറ്റുകളും വര്‍ധിച്ചു. ഈ സീറ്റുകളില്‍ പ്രവേശനം നേടി പഠിച്ചിറങ്ങുന്ന ഓരോ വിദ്യാര്‍ഥിക്കുവേണ്ടിയും ഇരുപത്തഞ്ചു ലക്ഷത്തില്‍പ്പരം രൂപയെങ്കിലും പൊതുഖജനാവില്‍ നിന്നു ചെലവാക്കുന്നുണ്ട് എന്നാണു കണക്ക്.
അതിന്‍റെ ചെറിയൊരു അംശമെങ്കിലും നമ്മുടെ സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ചികിത്സ തേടിയെത്തുന്ന പട്ടിണിപ്പാവങ്ങള്‍ക്കു തിരിച്ചു കിട്ടണം. അത് ആരുടെയും സൗജന്യമല്ല. അവര്‍ അര്‍ഹിക്കുന്ന അവകാശം തന്നെയാണ്. കാരണം, ഒരോ ഡോക്റ്ററെയും സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവിടുമ്പോള്‍, പൊതുഖജനാവിന്‍റെ ആനുകൂല്യങ്ങളൊന്നും കിട്ടാത്ത നികുതിദായകരാണു ജനങ്ങളില്‍ ബഹുഭൂരിഭാഗവും.
ഗ്രാമീണ മേഖലയിലും സര്‍ക്കാര്‍ സര്‍വീസിലും മൂന്നു വര്‍ഷത്തെ തൊഴില്‍ ബോണ്ട് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി അത്ര വലിയ പാതകമൊന്നുമല്ല. നമ്മുടെ ഗ്രാമീണ മേഖലകള്‍ മിക്കതും രോഗാതുരമാണ്. വരട്ടുചൊറി മുതല്‍ കരിങ്കുഷ്ടം വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ആദിവാസി ഊരുകളില്‍ മാത്രമല്ല, എത്രയെത്ര പിന്നാക്ക ഗ്രാമങ്ങളും അതില്‍പ്പെടും. ജനങ്ങള്‍ക്കിടയില്‍ പടര്‍ന്നു പിടിക്കുന്ന സാധാരണ പകര്‍ച്ചപ്പനി മുതല്‍ മഹാവ്യാധികളുടെ വരെ ലക്ഷണങ്ങള്‍ ഒരു ഡോക്റ്ററുടെ അനുഭവ പരിജ്ഞാനത്തിന്‍റെ പരിധിയില്‍ വരണം. ക്ലാസ് മുറിയിലെ സിലബസ് പുസ്തകത്തില്‍ നിന്നു പ്രാക്റ്റിക്കല്‍ ഹാളിലെ ഫോര്‍മലിന്‍ സ്പെസിമെനില്‍ നിന്നും ഈ അനുഭവജ്ഞാനം ലഭിക്കില്ല.
നഗരങ്ങളിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലെ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളും അതിനു മതിയാകില്ല. എന്നാല്‍, ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഇടുങ്ങിയ മുറിക്കു മുന്നില്‍ നിരനിരയായി കാത്തു നില്‍ക്കുന്ന അനേകായിരങ്ങള്‍ ഓരോരുത്തരും ഓരോ ഉദാഹരണങ്ങളാണ്. മൂന്നു വര്‍ഷം അവര്‍ക്കൊപ്പം ചെലവഴിക്കുന്നത് ഒരു ശിക്ഷയായി ഡോക്റ്റര്‍മാര്‍ കരുതരുത്. അഞ്ചോ അതിലധികമോ വര്‍ഷങ്ങള്‍ പുസ്തകത്തില്‍ നിന്നു നേടിയതിനെക്കാള്‍ ഒരു പുരുഷായുസു മുഴുവന്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന അറിവ് ഈ രോഗികളില്‍ നിന്ന് ഡോക്റ്റര്‍മാര്‍ക്കു ലഭിക്കും.
ഒരു ബോണ്ടിന്‍റെയും പിന്‍ബലമില്ലാതെ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആതുരസേവനം നിര്‍വഹിച്ചു പടിപടിയായി വളര്‍ന്നു വലിയവരായ ഡോക്റ്റര്‍മാരാണു പഴയ തലമുറയിലുള്ളത്. അവരാരും ഗ്രാമീണ സേവനമോ സര്‍ക്കാര്‍ സേവനമോ അപമാനമായി കണ്ടില്ല. അങ്ങനെയുള്ള ഡോക്റ്റര്‍മാരെ ജനങ്ങളും ആദരിച്ചു. പരസ്പരമുള്ള സ്നേഹ, വിശ്വാസങ്ങളുടെ ബോണ്ടില്‍ ഉറപ്പിച്ചതായിരുന്നു അവരുടെ ബന്ധങ്ങള്‍. ആധുനിക വൈദ്യശാസ്ത്രത്തിന് ഈ ബന്ധം കൈമോശം വരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. അത് ആര്‍ക്കും നന്നല്ല എന്ന് എല്ലാവരും തിരിച്ചറിയണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല