സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ കിരീടപോരാട്ടം മുറുകുന്നു. കഴിഞ്ഞദിവസം നടന്ന മല്സരങ്ങത്തില് റയല്‍ മാഡ്രിഡ് 3-1ന് സ്പോര്‍ട്ടിംഗ് ഗിജോണിനെ തോല്‍പ്പിച്ചപ്പോള്‍ നിലവിലെ ചാംപ്യന്മാരായ ബാഴ്സലോണ 2-1ന് ലെവന്റയെ പരാജയപ്പെടുത്തി. ആഴ്ചകള്‍ക്ക് മുമ്പ് 10 പോയിന്റ് ലീഡുമായാണ് റയല്‍ മുന്നേറിയതെങ്കില്‍, ഇപ്പോള്‍ രണ്ടാമതുള്ള ബാഴ്സയുമായുള്ള പോയിന്റ് വ്യത്യാസം നാലായി ചുരുങ്ങിയിട്ടുണ്ട്.
ഇതോടെ അടുത്തയാഴ്ച നടക്കുന്ന ബാഴ്സ-റയല്‍ എല്‍ ക്ളാസിക്കോ പോരാട്ടം തീപാറുമെന്ന് ഉറപ്പായി. കിരീടപോരാട്ടത്തില്‍ എന്നതുപോലെ ടോപ്പ് സ്കോറര്‍ പദവിക്ക് വേണ്ടിയും വാശിയേറിയ പോരാട്ടമാണ് സ്പാനിഷ് ലീഗില്‍ നടക്കുന്നത്. ലെവന്റെയ്ക്കെതിരെ ബാഴ്സയുടെ രണ്ടു ഗോളും നേടിയ സൂപ്പര്‍താരം ലയണല്‍ മെസി 41 ഗോളുകളുമായി റയലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഒപ്പം മുന്നിലെത്തി.
ഗിജോണിനെതിരെ റയലിന്റെ മൂന്നു ഗോളുകളില്‍ ഒരെണ്ണം റൊണാള്‍ഡോ നേടിയതോടെ അദ്ദേഹത്തിന്റെ നേട്ടം 41 ആയി. കഴിഞ്ഞ അവര്‍ഷം റൊണാള്‍ഡോ നേടിയ 40 ഗോളിന്റെ റെക്കോര്‍ഡ് അദ്ദേഹം തിരുത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് നടന്ന മല്‍സരത്തില്‍ ലെവന്റെയ്ക്കെതിരെ ഇരട്ട ഗോള്‍ നേടിയ മെസി 41 ഗോളുമായി റൊണാള്‍ഡോയ്ക്ക് ഒപ്പമെത്തുകയായിരുന്നു. റയല്‍ മാഡ്രിഡിന് വേണ്ടി റൊണാള്‍ഡോയ്ക്ക് പുറമെ ഹിഗ്വെയ്നും കരിം ബെന്‍സാമയും ഗോളടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല