1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2012

ഈജിപ്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു കരുതിയിരുന്ന 10 പ്രമുഖ നേതാക്കള്‍ക്കു തിരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്കു പ്രഖ്യാപിച്ചു. ഇത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാടകീയ ഗതിമാറ്റത്തിനു കാരണമാകും. 23 സ്ഥാനാര്‍ഥികളാണ് ഇനി രംഗത്തുള്ളത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ മുസ്ലിം ബ്രദര്‍ഹുഡിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഖൈറാത്ത് അല്‍ ശാത്തിര്‍, മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്കിന്റെ ഉറ്റ സഹായിയായിരുന്ന രഹസ്യ പൊലീസ് മേധാവി ഉമര്‍ സുലൈമാന്‍, സലാഫിസ്റ്റ് തീവ്രവാദി നേതാവ് ഹാസം അബു ഇസ്മയില്‍ എന്നിവര്‍ വിലക്കിനു വിധേയരായവരില്‍ പെടും.

അയോഗ്യത കല്‍പിക്കപ്പെട്ടവര്‍ക്കു 48 മണിക്കൂറിനകം പരാതി നല്‍കാന്‍ അവസരം നല്‍കിയിട്ടുണ്ട്. വിലക്കിനെതിരെ അബു ഇസ്മയിലിന്റെ അനുയായികള്‍ നഗരത്തില്‍ വന്‍ പ്രതിഷേധ പ്രകടനം നടത്തി. വിലക്കിനു കാരണങ്ങള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തലവന്‍ ഫാറൂഖ് സുല്‍ത്താന്‍ വെളിപ്പെടുത്തിയില്ല.

എങ്കിലും തീവ്രവാദി നേതാവായ അബു ഇസ്മയിലിന്റെ അമ്മയ്ക്ക് അമേരിക്കന്‍ പൌരത്വമുള്ളതിനാലും മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് ശാത്തിര്‍ നേരത്തേ ക്രിമിനല്‍ ശിക്ഷ വാങ്ങിയതിനാലും ഉമര്‍ സുലൈമാനു സ്ഥാനാര്‍ഥിത്വം നേടാനാവശ്യമായ ഒപ്പുകള്‍ നേടാന്‍ കഴിയാഞ്ഞതിനാലുമാണു വിലക്ക് എന്നു വ്യക്തമായി. മുന്‍ അറബ് ലീഗ് മേധാവി അമര്‍ മൂസ, മിതവാദി ഇസ്ലാമിക നേതാവ് അബ്ദുല്‍ മൊനീം അബുല്‍ഫത്തോ, മുന്‍ പ്രധാനമന്ത്രി അഹമ്മദ് ഷഫീഖ് എന്നിവര്‍ സ്ഥാനാര്‍ഥി പട്ടികയിലുള്ള പ്രമുഖരില്‍ പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.