പല വിദേശരാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറ്റക്കാരുടെ തള്ളിച്ച അനുഭവപ്പെട്ടുകൊണ്ടിരിക്കയാണ് എന്നുള്ള സര്‍ക്കാരിന്റെ ആരോപണം വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി . അതിനിടയിലാണ് ബ്രിട്ടീഷ് ജനതയുടെ പകുതിയോളം പേരും തങ്ങള്‍ക്കു ബ്രിട്ടണ്‍ വിടുന്നതിലുള്ള താല്പര്യം പുറത്തു വിട്ടത്. സര്‍വേയില്‍ പങ്കെടുത്ത 48% പേരും ബ്രിട്ടനില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുവാന്‍ ആഗ്രഹിക്കുന്നവരാണ് എന്ന് വ്യക്തമാക്കി.
ആസ്ത്രേലിയയാണ് അധികം പേരും കുടിയേറുന്നതിന് ആഗ്രഹിക്കുന്ന രാജ്യം. തൊട്ടു പിറകില്‍ യു.എസ്.എ.യും കാനഡയും ന്യൂസിലന്‍ഡും ഉണ്ട്. ജീവിത ചിലവില്‍ ഉണ്ടായ വര്‍ദ്ധനവ്,കാലാവസ്ഥ,തൊഴിലില്ലായ്മ തുടങ്ങിയ കാരണങ്ങളാണ് ബ്രിട്ടണ്‍ വിടുന്നതിനു ജനങ്ങളെ പ്രേരിപ്പിക്കുന്നത്. രണ്ടായിരത്തോളം ജനങ്ങള്‍ ഈ സര്‍വേയില്‍ പങ്കെടുത്തു.
തന്റെ പന്ത്രണ്ടു മക്കളെയും കൊണ്ട് ആസ്ത്രേലിയയിലേക്ക് കുടിയേറിയ ഡേവ് പറയുന്നത് തന്റെ കുട്ടികളുടെ ഭാവിക്ക് വേണ്ടിയാണ് താന്‍ ബ്രിട്ടണ്‍ വിടുന്നത് എന്നാണു. അഞ്ചില്‍ മൂന്ന് ബ്രിട്ടീഷുകാരും ഇതേ അഭിപ്രായം ഉള്ളവരാണ്. എന്നാല്‍ 13% ആളുകള്‍ കുട്ടികളുടെ സമയം ആകുമ്പോഴേക്കും ബ്രിട്ടണ്‍ കരകയറും എന്ന് വിശ്വസിക്കുന്നു. സര്‍വേയില്‍ പങ്കെടുത്തതില്‍ ആറു ശതമാനം പേരും ഇപ്പോള്‍ തന്നെ ബ്രിട്ടണ്‍ വിടുന്നതിനു തയ്യാറായിക്കഴിഞ്ഞു. നാല്പത്തിരണ്ട് ശതമാനം പേര്‍ പോകുന്നതിനു ആഗ്രഹിക്കുന്നവരുമാണ്.
ജീവിത ചിലവുകളാണ് പോകുവാന്‍ ആഗ്രഹിക്കുന്നവരില്‍ 52% ആളുകളുടെയും മുഖ്യകാരണം. കാലാവസ്ഥ 37% ആളുകളുടെ കാരണമാണ്. തൊഴിലില്ലായ്മ പ്രശ്നങ്ങള്‍ 31% ആളുകളുടെയും അരക്ഷിതാവസ്ഥ 27% ആളുകളുടെയും പ്രശ്നങ്ങളാണ്. ബ്രിട്ടനിലെ ഗ്രാമപ്രദേശങ്ങള്‍,എന്‍.എച്ച്.എസ്,ടി.വി. എന്നിവയില്‍ മാത്രമാണ് ജനങ്ങള്‍ എന്തെങ്കിലും താല്പര്യം കാണിച്ചത്. വിദ്യാഭ്യാസ നിലവാരത്തിലുണ്ടായ തകര്‍ച്ച,മലിനീകരണം തുടങ്ങിയവയും പലര്‍ക്കും ബ്രിട്ടണ്‍ വിടുന്നതിനുള്ള ഘടകങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല