സഹോദരനും നാട്ടുകാരായ ബിഷപ്പുമാരുമൊത്ത് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അനാര്‍ഭാടമായി ജന്മദിനമാഘോഷിച്ചു. പശ്ചാത്തലമൊരുക്കാന്‍ സ്വന്തനാട്ടില്‍നിന്നുള്ള ഗായകസംഘവും ഉണ്ടായിരുന്നു. ബനഡിക്ട് പതിനാറാമന്‍ പാപ്പായ്ക്ക് 85 വയസ് പൂര്‍ത്തിയാകുന്നതു സംബന്ധിച്ച് അദ്ദേഹം ആഗ്രഹിച്ച ആഘോഷം അത്രമാത്രം.
88 വയസുള്ള സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്സിംഗറും നാടായ ബവേറിയയില്‍നിന്നുള്ളഏതാനും ബിഷപ്പുമാരുമൊത്ത് വത്തിക്കാന്‍ കൊട്ടാരത്തിലെ പൌളിന്‍ ചാപ്പലിലായിരുന്നു രാവിലെ ദിവ്യബലി. അതിനു മുമ്പ് കര്‍ദിനാള്‍ തിരുസംഘത്തിനുവേണ്ടി കര്‍ദിനാള്‍ ആഞ്ചലോ സൊഡാനോ ജന്മദിനാശംസകള്‍ നേര്‍ന്നു.
ജര്‍മന്‍കാരായ 20 പ്രമുഖര്‍ മാര്‍പാപ്പയെയും പാപ്പാസ്ഥാനത്തെയുംപറ്റി എഴുതിയ ലേഖനങ്ങളടങ്ങിയ ഒരു പുസ്തകം ജന്മദിന സമ്മാനമായി മാര്‍പാപ്പയ്ക്കു ലഭിച്ചു. ഫുട്ബോള്‍ താരം ഫ്രാന്‍സ് ബെക്കന്‍ബൌവര്‍ 2006-ലെ ലോകകപ്പിനുമുമ്പ് മാര്‍പാപ്പയുമായി നടത്തിയ സംഭാഷണം അനുസ്മരിക്കുന്ന ലേഖനം എഴുതിയിട്ടുണ്ട്.
ലെയോ പതിമൂന്നാമന്‍ 93-ാമത്തെ വയസില്‍ 1903-ല്‍ മരിച്ചശേഷം പാപ്പാസ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായംകൂടിയ ആളാണ് ബനഡിക്ട് പതിനാറാമന്‍. അദ്ദേഹം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഏഴാം വാര്‍ഷികം വ്യാഴാഴ്ചയാണ്. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ബ്രിട്ട നിലെ എലിസബത്ത് രാജ്ഞി തുടങ്ങി നിരവധി രാഷ്ട്രനേതാക്കള്‍ മാര്‍പാപ്പയ്ക്കു ജന്മദിനാശംസകള്‍ നേര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല