1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2012

കാര്യം എന്തൊക്കെയായാലും കാര്യം കാണാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കഴുതക്കാലും പിടിക്കും. ഇത് പറയാന്‍ ഇപ്പോള്‍ കാരണം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ മുന്‍ നിര്‍ത്തി കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ്. ഇതേതുടര്‍ന്ന് മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രിയും അതിനു ശേഷം വകുപ്പുകളില്‍ നടത്തിയ അഴിച്ചുപണിയും സൃഷ്‌ടിച്ച പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ നേതാക്കള്‍ക്കു നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി എ.കെ. ആന്റണിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലും ഇതാണ്‌ നിര്‍ദ്ദേശിച്ചത്‌.

ഇതേത്തുടര്‍ന്ന്‌ കഴിഞ്ഞദിവസം രാത്രി തന്നെ ആന്റണി കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ചെന്നിത്തലയെ വിളിച്ച്‌ സംസാരിക്കുകയും ചെയ്‌തു. ഈ ആഴ്‌ച തന്നെ രണ്ടു നേതാക്കളും ഒന്നിച്ചിരുന്ന്‌ അഭിപ്രായഭിന്നതകള്‍ ചര്‍ച്ചചെയ്‌ത് പരിഹരിക്കുമെന്നാണു സൂചന. എം.എം. ഹസ്സന്‍, തമ്പാനൂര്‍ രവി തുടങ്ങിയ നേതാക്കള്‍ രണ്ടു പേരുമായി പ്രത്യേകം പ്രത്യേകം സംസാരിച്ചിട്ടുമുണ്ട്‌. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്‌ അവര്‍ സംസാരിച്ചത്‌.

കഴിഞ്ഞദിവസം സോണിയാഗാന്ധിയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറി അഹമ്മദ്‌പട്ടേലുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലും പാര്‍ട്ടിയിലെ ഐക്യത്തിനായിരുന്നു ഊന്നല്‍. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്‌ മുഖ്യമന്ത്രി വിശദീകരിച്ചത്‌. വകുപ്പ്‌ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട്‌ വിവാദം ഉണ്ടാക്കിയതിലുള്ള അതൃപ്‌തി അഹമ്മദ്‌പട്ടേല്‍ രേഖപ്പെടുത്തി. പ്രശ്‌നം സംസ്‌ഥാനനേതാക്കള്‍ തന്നെ ചര്‍ച്ചചെയ്‌ത് പരിഹരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഡല്‍ഹിയില്‍ നിന്നും മടങ്ങുന്നതിനു തൊട്ടുമുമ്പ്‌ ഉമ്മന്‍ചാണ്ടി ആന്റണിയെ സന്ദര്‍ശിക്കുകയും അദ്ദേഹം രമേശുമായി സംസാരിച്ച്‌ ചര്‍ച്ചയ്‌ക്കുള്ള അവസരം സൃഷ്‌ടിക്കുകയുമായിരുന്നു.

ഉമ്മന്‍ചാണ്ടിയേയും രമേശ്‌ ചെന്നിത്തലയേയും സംബന്ധിച്ച്‌ നിര്‍ണ്ണായകമാണ്‌ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌. രണ്ടുപേര്‍ക്കും ഈ ഉപതെരഞ്ഞെടുപ്പിലെ വിജയത്തില്‍കുറഞ്ഞ്‌ ഒന്നും ചിന്തിക്കാനാവില്ല. ശെല്‍വരാജിനെ യു.ഡി.എഫ്‌ പാളയത്തിലെത്തിച്ചതിന്റെ പേരില്‍ ഒരല്‍പ്പം ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്‌ കൂടുതലായി ഉണ്ടാകും. നെയ്യാറ്റിന്‍കര മണ്ഡലത്തെ സംബന്ധിച്ചിടത്തോളം എ-ഐ ഗ്രൂപ്പുകള്‍ ഒന്നുപോലെ ശക്‌തരാണ്‌. ഏതെങ്കിലും ഒരു ഗ്രൂപ്പ്‌ പിണങ്ങി നിന്നാല്‍ വിജയം ബുദ്ധിമുട്ടാകും. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ടു കൂടിയാണ്‌ എത്രയുംപെട്ടന്ന്‌ പ്രശ്‌നം പരിഹരിക്കാന്‍ ആന്റണി ഇടപെട്ടത്‌.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനു ശേഷം സംസ്‌ഥാനത്തെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ വിട്ടുനില്‍ക്കുകയാണ്‌. തെരഞ്ഞെടുപ്പിലെ നിറംകെട്ട വിജയത്തിന്‌ കാരണം ഹൈക്കമാന്‍ഡ്‌ സ്‌ഥാനാര്‍ത്ഥികളെ കെട്ടിയിറക്കിയതാണെന്ന പരാതി പലഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. അതാണ്‌ സംസ്‌ഥാന പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ അവര്‍ വിമുഖത കാട്ടുന്നത്‌. നിങ്ങളുടെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ തീര്‍ത്താല്‍ മതിയെന്ന നിലപാടാണ്‌ അവരുടേത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.