എപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് ഗംഭീര വിജയം. 197 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് റോയല്‍സ് ബ്രാഡ് ഹോഡ്ജിന്റെയും(21 പനോതില് 48 നോട്ടൌട്ട്) നായകന് രാഹുല്‍ ദ്രാവിഡ്(24 പന്തില്‍ 42) അജിങ്ക്യാ റഹാനെ(31 പന്തില്‍ 44) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ മറികടന്നത്. 21 പന്തില്‍ ആറ് ബൌണ്ടറിയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടെയാണ് ഹോഡ്ജ് പുറത്താകാതെ 48 റണ്‍സ് നേടിയത്. ഡെയ്ല്‍ സ്റെയിന്‍ എറിഞ്ഞ അവസാന ഓവറില്‍ 11 റണ്‍സായിരുന്നു റോയല്‍സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. തുടരെ രണ്ട് ബൌണ്ടറിയുമായി യാഗ്നിക്കാണ് വിജയ റണ്‍ കുറിച്ചത്. ഡെക്കാന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.
നേരത്തെ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഡെക്കാന്‍ ചാര്‍ജേഴ്സ് 196 റണ്‍സ് നേടിയത്. സംഗാകര(32 പന്തില്‍ 44) ശിഖര്‍ ധവാന്(43 പന്തില്‍ 52) എന്നിവര്‍ മികച്ച തുടക്കമാണ് ചാര്‍ജേഴ്സിന് നല്‍കിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഡുമിനി 26 പന്തില്‍ മൂന്ന് ബൌണ്ടറിയും അഞ്ച് സിക്സറും സഹിതമാണ് പുറത്താകാതെ 58 റണ്‍സ് അടിച്ചുകൂട്ടിയത്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ക്രിസ് ഗെയിലും തിവാരിയും ഡിവിലിയേഴ്സും ചേര്‍ന്ന് റോയല്‍ ചലഞ്ചേഴ്സിനെ വിജയത്തിലെത്തിച്ചു. പൂന വാരിയേഴ്സിന്റെ 182 റണ്‍സ് പിന്തുടര്‍ന്ന റോയല്‍സ് 20 ഓവറില്‍ നാലു വിക്കറ്റ് ശേഷിക്കേ 186 റണ്‍സ് എടുത്തു വിജയം കണ്ടു. 48 പന്തുകള്‍ നേരിട്ട ഗെയില്‍ എട്ട് സിക്സും നാലു ഫോറും അടക്കം 81 റണ്‍സ് എടുത്ത് വിജയശില്പിയായി. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ അവസാന ഓവറുകളില്‍ തിവാരിയും (23 പന്തില്‍ 36 റണ്‍സ്) ഡിവിലിയേഴ്സും( 14 പന്തില്‍ 33) അടിപതറാതെ നിന്നു.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ പൂന വാരിയേഴ്സ് ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് അടിച്ചുകൂട്ടി. കേവലം 45 പന്തില്‍ ഒമ്പതു ബൌണ്ടറിയും രണ്ടു സിക്സുമടക്കം 70 റണ്‍സ് നേടിയ ഓപ്പണര്‍ റോബിന് ഉത്തപ്പയാണ് പൂനയെ മികച്ച സ്കോറിലെത്തിച്ചത്. പൂനയ്ക്കുവേണ്ടി ആദ്യം ആക്രമണം തുടങ്ങിയത് കിവീസ് താരം ജസി റൈഡറായിരുന്നു. ബാംഗളൂര്‍ ബൌളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച റൈഡര്‍ പൂനയുടെ സ്കോര്‍ ആറോവറില്‍ അറുപതു കടത്തി. 22 പന്തില്‍ 34 റണ്‍സ് എടുത്ത റൈഡറെ. ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി.
പിന്നീട് ക്രീസിലെത്തിയ പൂന നായകന് സൌരവ് ഗാംഗുലിക്കു(ആറ് റണ്‍സ്) പക്ഷേ അധികം പിടിച്ചുനില്‍ക്കാനായില്ല. ഒരറ്റത്തു മികച്ച ഫോം പ്രകടിപ്പിച്ച ഉത്തപ്പ ബാംഗളൂര്‍ ബൌളര്‍മാരെ പിച്ചിച്ചീന്തി. ഒടുവില്‍ വെട്ടോറി ഉത്തപ്പയുടെ അന്തകനായി. ഹര്‍ഷല്‍ പട്ടേലിനു ക്യാച്ച്. വിന്‍ഡീസ് താരം മര്‍ലോണ്‍ സാമുവല്‍സും ചെന്നൈക്കെതിരായ മത്സരത്തിലെ ഹീറോ സ്റ്റീവന്‍ സ്മിത്തും ചേര്‍ന്നതോടെ പൂനയുടെ സ്കോര്‍ കുതിച്ചു. പിന്നീടു തുടര്‍ച്ചയായ രണ്ട് റണ്ണൌട്ടുകള്‍ പൂനയുടെ റണ്ണൊഴുക്കു തടഞ്ഞു. 14 പന്തില്‍ 16 റണ്‍സെടുത്ത സ്മിത്തും 21 പന്തില്‍ 34 റണ്‍സെടുത്ത സാമുവല്‍സുമാണ് ബാംഗളൂര്‍ ഫീല്‍ഡര്‍മാരുടെ ഉജ്വല പ്രകടനത്തില്‍ പുറത്തായത്. അവസാന ഓവറുകളില്‍ പൂനയ്ക്ക് മിന്നുന്ന പ്രകടനം പുറത്തെടുക്കാനാവാതെ വന്നതോടെ സ്കോര്‍ 182 റണ്‍സിലൊതുങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല