രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ രക്തം വീണ മണ്ണും പുല്‍നാമ്പുകളും ലണ്ടനില്‍ ലേലം ചെയ്‌തു. 10,000 പൗണ്ടിന് അതായത് 8.18 ലക്ഷം രൂപയ്‌ക്കാണ് ഒരാള്‍ ഈ അമൂല്യ വസ്‌തുക്കള്‍ സ്വന്തമാക്കിയത്. ഡല്‍ഹിയിലെ ബിര്‍ളാഹൗസിന് മുന്നില്‍ നിന്ന് മലയാളിയും പട്ടാള ഉദ്യേഗസ്ഥനുമായ പിപി നമ്പ്യാരാണ് മണ്ണും പുല്‍നാമ്പുകളും ശേഖരിച്ചു വച്ചത്. ആ ശേഖരത്തില്‍ നിന്നാണ് ഇത് ലേല കമ്പനി സ്വന്തമാക്കിയത്.
ലണ്ടനിലെ ഷ്രോപ്പ്ഷയറില്‍ 17 ന് നടന്ന ലേലത്തിലാണ് ഈ അമൂല്യ വസ്തു വില്പനയ്‌ക്കെത്തിച്ചത്. ഇതോടൊപ്പം വട്ടക്കണ്ണടയും ചര്‍ക്കയുമടക്കം ഗാന്ധിയുടെ ഓര്‍മയുണര്‍ത്തുന്ന ഒട്ടേറെ വസ്തുക്കളും ഉണ്ടായിരുന്നു.1890 ല്‍ നിയമ പഠനത്തിനായി ലണ്ടനിലെത്തിയ ഗാന്ധിജി ഉപയോഗിച്ചിരുന്ന വട്ടക്കണ്ണടയ്ക്ക് 34,000 പൗണ്ടും, ചര്‍ക്കയ്ക്ക് 26000 പൗണ്ടും ലഭിച്ചു.
1996 സപ്തംബര്‍ 24 നാണ് പി.പി.നമ്പ്യാരുടെ സ്വകാര്യ ശേഖരത്തില്‍ നിന്നുള്ള പേടകം കമ്പനിക്ക് ലഭിക്കുന്നത്. താനെങ്ങനെയാണ് ഗാന്ധിജിയുടെ രക്തം വീണ മണ്ണ് സ്വന്തമാക്കിയത് എന്നതിന്റെ വികാരം തുളുമ്പുന്ന വിവരണവും പേടകത്തിനൊപ്പം നമ്പ്യാര്‍ നല്‍കിയിട്ടുണ്ട്. ”1948 ജനവരി 30 ന് നമ്മുടെ രാഷ്ട്ര പിതാവ് എം.കെ.ഗാന്ധി വെടിയേറ്റു വീണിടത്തു നിന്നാണ് ഞാനിത് ശേഖരിച്ചത്. പുല്ലില്‍ ഉണങ്ങിപ്പിടിച്ച രക്തം അവിടെയെത്തിയ എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനാ പുല്ല് സൂക്ഷ്മതയോടെ മുറിച്ചെടുത്തു. ഒപ്പം രണ്ടു പിടി മണ്ണും. ഞാനത് സമീപത്ത് കിടന്ന പഴയ ഒരു ഹിന്ദിപത്രത്തില്‍ പൊതിഞ്ഞുവെച്ചു. പിന്നീട് ഇന്‍ഡോചൈനയില്‍ നിന്ന് വാങ്ങിയ ഒരു ആഭരണപ്പെട്ടിയില്‍ സൂക്ഷിച്ചുവെക്കുകയായിരുന്നു.” ചില്ലുമൂടിയുള്ള മരത്തിന്റെ പെട്ടിയിലാണ് നമ്പ്യാര്‍ മണ്ണ് സൂക്ഷിച്ചിരുന്നത്. നമ്പ്യാരുടെ ആത്മകഥയായ ട്രൂ ബട്ട് നെവര്‍ ഹേഡും പേടകത്തിനൊപ്പമുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല