സ്വതന്ത്രാവകാശ ഭൂമിയുടെ കാര്യത്തിലുള്‍പ്പെടെ മുന്‍ധാരണയോ പിടിവാശികളോ ഇല്ലാതെയാകും സ്മാര്‍ട് സിറ്റി സംബന്ധിച്ച് ബുധനാഴ്ച ചര്‍ച്ച നടക്കുക. പദ്ധതി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാകും കേരളത്തിലെ ചര്‍ച്ചകള്‍. തുറന്ന മനസ്സോടെയാകും ചര്‍ച്ച നടത്തുകയെന്നും നോര്‍ക്ക-റൂട്ട്സ് വൈസ് ചെയര്മാന് എം. എ. യൂസഫലി നടത്തിയ അവസാനവട്ട കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതായി അറിയുന്നു.
മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനുമായി ബുധനാഴ്ച തിരുവനന്തപുരത്താണു ദുബായ് സംഘത്തിന്റെ ചര്‍ച്ച. സ്വതന്ത്രാവ കാശ ഭൂമിയുടെ കാര്യത്തിലെന്നപോലെ പുറത്തുവരാത്ത മറ്റു ചില വിഷയങ്ങളിലും തീരുമാനമാകേണ്ടതുണ്ട്. ഇവയുള്‍പ്പെടെ, ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ക്ക് അന്തിമരൂപം നല്കി. ഇവ എന്തൊക്കെയാണെന്നു വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ശുഭ പ്രതീക്ഷയാണുള്ളതെന്നു യൂസഫലിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും പറയുന്നു.
ഉന്നത സാമ്പത്തികകാര്യ സമിതി അംഗവും ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഗവര്‍ണറുമായ അഹമ്മദ് ഹുമൈദ് അല്‍ തായര്‍, സമിതി അംഗവും ദുബായ് റൂളേഴ്സ് കോര്‍ട്ട് ഡയറക്ടര്‍ ജനറലുമായ മുഹമ്മദ് അല്‍ ഷൈബാനി, സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അഡ്നന് ഷില്വാന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അല്‍ തായര്‍, ഡോ. അഡ്നന്, ടീകോം സിഇഒ അബ്ദുലത്തീഫ് അല്‍മുല്ല എന്നിവരാണു പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തിനു പോകുന്നത്. എം. എ. യൂസഫലിയും ഒപ്പമുണ്ടാകും.
സ്വതന്ത്രാവകാശ ഭൂമി സംബന്ധിച്ച നിയമം ഇന്ത്യയിലും യുഎഇയിലും വ്യത്യസ്തമാണെന്നതാണു പദ്ധതി അനിശ്ചിതമായി വൈകിച്ചതത്രേ. ഇന്ത്യയിലെ നിയമപ്രകാരം പ്രത്യേക സാമ്പത്തിക മേഖലയില്‍ സ്ഥല വില്പന അസാധ്യമാണ്. പക്ഷേ 99 വര്‍ഷം വരെ പാട്ടത്തിനു നല്‍കാനാകും. എന്നാല്‍, വില്പനാവകാശം വേണമെന്നതാണു തുടക്കംമുതല്‍ ടീകോമിന്റെ ആവശ്യം. ഇതു സാധ്യമാകില്ലെന്നു കണ്ടതോടെയാണു പ്രത്യേക സാമ്പത്തിക മേഖലയ്ക്കു പുറത്തുമതി വില്പനാവകാശമുള്ള ഭൂമി എന്ന നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.
ഇത് അനുവദിക്കില്ലെന്നു കേരള സര്‍ക്കാരും വ്യക്തമാക്കിയതോടെ കല്ലിട്ടിടത്തുതന്നെ നില്ക്കുകയാണു പദ്ധതി. യോജിപ്പിലെത്താനാകു ന്നില്ലെങ്കില് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ മറ്റു പങ്കാളികളെ തേടുമെന്നുപോലും മുഖ്യമന്ത്രി മുന്‍പു സൂചിപ്പിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പദ്ധതിക്കു തുടക്കമിടുന്നതിനായി ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറാകാനാണു സാധ്യത. ഈ ചര്‍ച്ചയിലും ധാരണയിലെത്താനായില്ലെങ്കില്‍ പദ്ധതി അനന്തമായി നീളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല