ബ്രിട്ടണില്‍ നിരവധി മലയാളികള്‍ കുടിയേറി താമസിക്കുന്നുണ്ട്. പലരും ഉയര്‍ന്ന വേതനമുള്ള മെച്ചപ്പെട്ട സാഹചര്യമുള്ള തൊഴില്‍ അടിസ്ഥാനമാക്കി യുകെയിലേക്ക് കുടിയേറിയവര്‍ ആണ്. സ്വാഭാവികമായും ഇത്തരം കുടിയേറ്റം വര്‍ധിക്കുന്നെന്ന് പറയുമ്പോള്‍ ബ്രിട്ടനിലെ മാധ്യമങ്ങളും ഭരണകൂടവും അടങ്ങിയിരിക്കില്ല. അവര്‍ ഇതിന്റെ നല്ല വശത്തെ കാണാതെ ചീത്ത വശത്തെ ജനങ്ങളില്‍ എത്തിച്ചു അവരുടെ ദേശ സ്നേഹത്തെ മുതലെടുത്തു. ഇതേതുടര്‍ന്ന് കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ ബ്രിട്ടന് കച്ചകെട്ടി ഇറങ്ങുകയും ചെയ്തു.
കുടിയേറ്റ വിരുദ്ധ തരംഗം ബ്രിട്ടണില്‍ ഉണ്ടാക്കിയതില്‍ കുടിയേറ്റക്കാര്‍ക്ക് പരോക്ഷമായി എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ടുള്ള പല റിപ്പോര്‍ട്ടുകളും കാരണമായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസവും പുറത്ത് വന്നിരിക്കുന്നത്. തൊഴിലിനു വേണ്ടിയുള്ള കുടിയേറ്റം ബ്രിട്ടന്റെ മുഖച്ഛായ തന്നെ മാറ്റുന്നതായി ഒക്സ്ഫോര്‍ഡ് യൂണിവേര്‍സിറ്റിയുടെ പഠനം വ്യക്തമാക്കുന്നു. ഇറ്റലി മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ഉള്ളത് ബ്രിട്ടനില്‍ ആണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 22 ശതമാനത്തോളം കുടിയേറ്റ ജനസംഖ്യ ഇവിടെ കൂടി. വിദേശത്ത് ജനിച്ചു ഇവിടെ ജീവിക്കുന്നവരുടെ എണ്ണം ഏഴു ശതമാനവും കൂടിയിട്ടുണ്ട്. ബ്രിട്ടിഷ് പൗരത്വം ഇല്ലാതെ താമസിക്കുന്നവര്‍ ഇരട്ടിയോളം ആയി. 2005-2008 കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ലേബര്‍ ഓപ്പണ്‍ ബോര്‍ഡര്‍ പോളിസി ആണ് കുടിയേറ്റത്തിന് കാരണം. വികസിത രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ഉള്ളത് ഇറ്റലിയില്‍ ആണ്. 44.6. ശതമാനം ആണ് വര്‍ധന.
എന്നാല്‍ ഫ്രാന്‍സില്‍ വെറും 3.4 ശതമാനവും റഷ്യയില്‍ 1.6 ശതമാനവും മാത്രമാണ് വര്‍ധന കാണിച്ചത്. ജപ്പാന് ഒഴികെ ബാക്കി എല്ലാ ജി-8 രാജ്യങ്ങളിലും പ്രവാസികള്‍ എന്നാല്‍ വിദേശത്ത് ജനിച്ച സ്ഥിരതാമാസക്കാര് എന്നാണ്. ജപ്പാനില്‍ പ്രവാസികള്‍ എന്നാല്‍ വിദേശ പൌരന്മാര് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇമിഗ്രേഷന്‍ പോളിസി കാരണം കുടിയേറ്റം കുറക്കാന്‍ ബുദ്ധിമുട്ടാണെന്ന് പ്രഷര്‍ ഗ്രൂപ്പ് മൈഗ്രേഷന്‍ വാച്ചിന്റെ അല്പ് മെഹ്മത് പറഞ്ഞു.എന്തായാലും ഈ കുടിയേറ്റ വിരുദ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ കുടിയേറ്റക്കാര്‍ക്കെതിരെ എന്തെങ്കിലും കടുത്ത നടപടികളിലേക്ക് നീങ്ങുമോയെന്ന് കാത്തിരുന്നു കാണാം .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല