1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2012

എഫ്‌എച്ച്‌എ മാഗസിനിലെ നഗ്നതാ പ്രദര്‍ശനത്തിലൂടെ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായ പാക്കിസ്‌ഥാനിനടി വീണാ മാലിക്ക്‌ സില്‍ക്കു സ്‌മിതയായി അഭിനയിക്കാനൊരുങ്ങുന്നു. ‘ഡേര്‍ട്ടി പിക്‌ച്ചര്‍ -സില്‍ക്ക്‌ സക്കാത്ത്‌ മാഗ’ എന്ന കന്നഡ ചിത്രത്തിലാണ്‌ വീണ സില്‍ക്കായി അവതരിക്കാനൊരുങ്ങുന്നത്‌. ത്രിശൂലാണ്‌ സില്‍ക്കിന്റെ കഥ പറയുന്ന ഈ കന്നഡ ചിത്രത്തിന്റെ സംവിധായകന്‍. വെങ്കടപ്പയാണീ ച്ചിത്രത്തിന്റെ നിര്‍മ്മാതാവ്‌. വെങ്കടപ്പയുടെ മകന്‍ അക്ഷയ്‌ ആണ്‌ നായകനായി അഭിനയിക്കുന്നത്‌.

ഡേര്‍ട്ടി പിക്‌ച്ചറിന്റെ നിര്‍മ്മാതാക്കളോട്‌ റീമേക്ക്‌ റൈറ്റ്‌ വാങ്ങിയോ എന്ന ചോദ്യത്തോട്‌ വെങ്കടപ്പ ഇങ്ങനെ പ്രതികരിച്ചു. ”റൈറ്റ്‌ വാങ്ങിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. ഡേര്‍ട്ടി പിക്‌ച്ചര്‍ നിര്‍മ്മിച്ചപ്പോള്‍ അതിന്റെ നിര്‍മ്മാതാവും സംവിധായകനും പറഞ്ഞത്‌ സില്‍ക്ക്‌ സ്‌മിതയുടെ ജീവിത കഥയല്ല തങ്ങളുടെ സിനിമയുടെ ഇതിവൃത്തമെന്നാണ്‌. തന്നെയുമല്ല സില്‍ക്കിന്റെ ജീവിതകഥ സിനിമയാക്കാന്‍ വേണ്ടി സില്‍ക്കിന്റെ കുടുംബക്കാരോട്‌ എന്തെങ്കിലുംതരം സമ്മതിപത്രം നിര്‍മ്മാതാവ്‌ ഏക്‌ത കപൂര്‍ നേടിയതായും അറിയില്ല.

കാര്യങ്ങളുടെ കിടപ്പ്‌ ഇങ്ങനെയായിരിക്കെ ഡേര്‍ട്ടി പിക്‌ച്ചറിന്റെ നിര്‍മ്മാതാവ്‌ ഏക്‌താ കപൂറിനോട്‌ സില്‍ക്കിന്റെ കഥ സിനിമയാക്കാന്‍ ഞാനെന്തിന്‌ സമ്മതപത്രം വാങ്ങണം. ഏക്‌തകപൂറും മിലന്‍ ലുധാരിയയും കൂടി ഡേര്‍ട്ടി പിക്‌ച്ചറില്‍ ചെയ്‌തതിലും മനോഹരമായി സില്‍ക്കിനെ സ്‌ക്രീനിലവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക്‌ കഴിയും. കന്നഡ ചിത്രങ്ങളില്‍ ശങ്കര്‍ നാഗ്‌, വിഷ്‌ണുവര്‍ദ്ധന്‍ തുടങ്ങിയ വമ്പന്‍മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ്‌ സില്‍ക്ക്‌ സ്‌മിത. സില്‍ക്കിന്റെ യഥാര്‍ത്ഥകഥ പറയുന്ന ഞങ്ങളുടെ ചിത്രം ഡേര്‍ട്ടി പിക്‌ച്ചറിനേക്കാള്‍ എന്തുകൊണ്ടും മികച്ചതായിരിക്കും തീര്‍ച്ച.”

ഗ്‌ളാമര്‍ നടിയായിരുന്ന സില്‍ക്കിന്റെ ജീവിതകഥ മറയില്ലാതെ പറയുന്ന ഈ കന്നഡ ചിത്രത്തില്‍ സെക്‌സ് തീര്‍ച്ചയായും ഒഴിച്ചു നിര്‍ത്താന്‍ പറ്റാത്ത ഘടകമാണെന്നും വെങ്കടപ്പ പറയുന്നു. ”സില്‍ക്കിനെ അവതരിപ്പിക്കുമ്പോള്‍ ശരീരപ്രദര്‍ശനം തീര്‍ച്ചയായും പലപ്പോഴും ആവശ്യമായി വരും. വീണയ്‌ക്കുമുന്‍പ്‌ സില്‍ക്കിന്റെ വേഷം ചെയ്യാനുള്ള ഓഫറുമായി നികിത, ചാര്‍മി, പൂജാ ഗാന്ധി എന്നീ നടിമാരെ ഞാന്‍ സമീപിച്ചിരുന്നു. പക്ഷേ അതിരു കടന്ന ശരീരപ്രദര്‍ശനം വേണ്ടി വന്നേക്കുമെന്ന ഭയംനിമിത്തം അവരെല്ലാം പിന്‍മാറി. പിന്നീട്‌ വീണയെ സമീപിച്ചു. വീണ ആദ്യംതന്നെ കനത്ത പ്രതിഫലം ആവശ്യപ്പെട്ടേക്കുമെന്ന്‌ ഞങ്ങള്‍ വിചാരിച്ചു. പക്ഷേ വീണയാദ്യം ആവശ്യപ്പെട്ടത്‌ സിനിമയുടെ സ്‌ക്രിപ്‌റ്റാണ്‌. സശ്രദ്ധം തിരക്കഥ വായിച്ചു കഴിഞ്ഞ ഉടനേ പ്രതിഫലം പോലും ചോദിക്കാതെ വീണ ഈ ചിത്രത്തില്‍ സില്‍ക്കാകാനുള്ള കരാറില്‍ ഒപ്പു വച്ചു. ”വെങ്കടപ്പയുടെ വാക്കുകള്‍.

ഇപ്പോള്‍ ആസ്‌ട്രേലിയന്‍ സന്ദര്‍ശനം നടത്തുന്ന വീണാ മാലിക്ക്‌ മെയ്‌ പന്ത്രണ്ടിന്‌ ‘ഡേര്‍ട്ടി പിക്‌ച്ചര്‍-സില്‍ക്ക്‌ സക്കാത്ത്‌ മാഗ’ എന്ന ഈ കന്നഡ ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണറിയുന്നത്‌. ”തെന്നിന്ത്യയില്‍ എന്റെ സിനിമാ കരിയറിന്‌ ഒരു തുടക്കമിടാന്‍ ഞാന്‍ കാത്തിരുന്നപ്പോഴാണ്‌ ഈ മികച്ച അവസരം എന്നെത്തേടിയെത്തിയത്‌. തീര്‍ച്ചയായും സില്‍ക്കിന്റെ ഈ കഥാപാത്രം എനിക്കൊരു ബ്രേക്ക്‌ സമ്മാനിക്കുമെന്നാണ്‌ പ്രതീക്ഷ.” വീണാ മാലിക്ക്‌ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.