ഐപിഎല്ലില്‍ പൂനെ വാരിയേഴ്സിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 13 റണ്‍സ് ജയം. 165 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പൂനെയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 151 റണ്‍സ് നേടാനെ സാധിച്ചൂള്ളൂ. ആഞ്ചലോ മാത്യൂസ് (27), മര്‍ലോണ്‍ സാമുവല്‍സ് (26), സൌരവ് ഗാംഗുലി (24), സ്റീവന്‍ സ്മിത്ത് (23) എന്നിവര്‍ പൂനെ നിരയില്‍ തിളങ്ങി. ചെന്നൈയ്ക്ക് വേണ്ടി നുവാന്‍ കുലശേഖര, ഡെയ്ന്‍ ബ്രാവോ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ഫാഫ് ഡൂപ്ളിസിസ് (58), എസ്.ബദരിനാഥ് (57) എന്നിവരുടെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് ചെന്നൈ 164 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ എം.എസ്.ധോണി അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ചെന്നൈ സ്കോര്‍ 150 കടത്തിയത്. ധോണി മൂന്ന് സിക്സും ഒരു ഫോറും അടക്കം 12 പന്തില്‍ 28 റണ്‍സ് അടിച്ചു കൂട്ടി. പൂനെയ്ക്ക് വേണ്ടി രാഹുല്‍ ശര്‍മ്മ മൂന്നും ആശിഷ് നെഹ്റ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ചെന്നൈയുടെ കുലശേഖരയാണ് കളിയിലെ താരം.
മറ്റൊരു മത്സരത്തില്‍ കെവിന്‍ പീറ്റേഴ്സന്റെ ഉജ്ജ്വല സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരേ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് തകര്‍പ്പന്‍ ജയം. 158 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി അഞ്ച് പന്തുകള്‍ ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 64 പന്തില്‍ ഒന്‍പത് സിക്സും ആറ് ഫോറും അടക്കം 103 റണ്‍സ് നേടിയ പീറ്റേഴ്സണ്‍ പുറത്താകാതെ നിന്നു. യോഗേഷ് നാഗര്‍ 23 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഡെക്കാന് വേണ്ടി ഡെയല്‍ സ്റെയിന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ പാര്‍ഥിവ് പട്ടേല്‍ (45), ശിഖര്‍ ധവാന്‍ (44) എന്നിവരുടെ മികവിലാണ് ഡെക്കാന്‍ 157 റണ്‍സ് നേടിയത്. ഡല്‍ഹിക്ക് വേണ്ടി മോണി മോര്‍ക്കല്‍, ഷഹബാസ് നദീം എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. സെഞ്ചുറി നേടിയ പീറ്റേഴ്സനാണ് മാന്‍ ഓഫ് ദ മാച്ച്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല