ബോക്സോഫീസില്‍ വമ്പന്‍ ഹിറ്റായ സിനിമകള്‍ക്കാണ് സാധാരണയായി രണ്ടാം ഭാഗം എടുക്കാറുള്ളത്. രണ്ടം ഭാഗം എടുക്കുന്നതിന്‍റെ പ്രധാന ഉദ്ദേശ്യം വളരെ സക്സസായ ഒരു സിനിമയെയോ കഥാപാത്രത്തെയോ വീണ്ടും അവതരിപ്പിച്ച് തിയേറ്ററുകളില്‍ ആളെ നിറയ്ക്കുക എന്നതാണ്. രാവണപ്രഭു, സി ബി ഐ സീരീസ്, സാഗര്‍ എലിയാസ് ജാക്കി, ആഗസ്റ്റ് 15 തുടങ്ങി എല്ലാ തുടര്‍ ചിത്രങ്ങളുടെയും പിന്നിലുള്ള ചേതോവികാരം അതുതന്നെ.
എന്നാല്‍ അങ്ങനെയല്ലാതെ, കഥയുടെ കാലിക പ്രസക്തി മനസിലാക്കി ഒരു സിനിമയുടെ രണ്ടാം ഭാഗം അണിയറയിലൊരുക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാല്‍ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയ്ക്കാണ് രണ്ടാം ഭാഗം വരുന്നത്. ബാബു ജനാര്‍ദ്ദനനാണ് ഈ പ്രൊജക്ടിന് പിന്നില്‍. ‘സാമുവലിന്‍റെ മക്കള്‍’ എന്നാണ് സിനിമയുടെ പേര്.
ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സാമുവലിന്‍റെ മക്കള്‍’ പറയുന്നതും പെണ്‍മക്കളുള്ള അച്ഛന്‍മാരുടെ മാനസിക സംഘര്‍ഷങ്ങള്‍ തന്നെ. സലിം കുമാര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായികയുടെ കാര്യത്തില്‍ പ്രത്യേകതയുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ നായിക മീരാ ജാസ്മിന്‍ നായികയാകുന്ന സിനിമയാണിത്.
ഏറെ മാസങ്ങളായി മീഡിയയ്ക്ക് മുമ്പില്‍ പോലും പ്രത്യക്ഷപ്പെടാതിരുന്ന മീര സാമുവലിന്‍റെ മക്കളിലൂടെ വീണ്ടും സജീവമാകുകയാണ്. ‘മീരാ ജാസ്മിനെ കാണാനില്ല’ എന്നുപോലും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയതിന് പിന്നാലെയാണ് മീര സിനിമയില്‍ മടങ്ങിവരവിനൊരുങ്ങുന്നത്. വളരെ ശക്തമായ വേഷമാണ് മീരയ്ക്ക് ഈ ചിത്രത്തില്‍.
മേയ് മൂന്നാം വാരം സാമുവലിന്‍റെ മക്കളുടെ ചിത്രീകരണം ആരംഭിക്കാനാണ് ബാബു ജനാര്‍ദ്ദനന്‍ ആലോചിക്കുന്നത്. അതിന് മുമ്പ് കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘ഗോഡ് ഫോര്‍ സെയില്‍: ഭക്തിപ്രസ്ഥാനം’ എന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ബാബു ജനാര്‍ദ്ദനന്‍ പൂര്‍ത്തിയാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല