ജനാധിപത്യസംവിധാനത്തില്‍ സമാധാനപൂര്‍ണമായ ജീവിതത്തിന് ജനം ആശ്രയിക്കുന്നതും ഏറെ വിശ്വാസമര്‍പ്പിക്കുന്നതും നീതിന്യായ സംവിധാനത്തിലും പോലീസിലുമാണ്. രാഷ്ട്രീയക്കാരും ഭരണനേതൃത്വവും നീതി മറക്കുകയും അഴിമതിയും സ്വജനപക്ഷപാതവുമൊക്കെ കാണിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങളില്‍ രോഷമുണരും. എന്നാല്‍, അതില്‍ക്കൂടുതല്‍ രോഷമുണരും നീതിയും ന്യായവും സംരക്ഷിക്കേണ്ട സംവിധാനങ്ങളില്‍ അപചയം സംഭവിച്ചാല്‍. പ്രത്യേകിച്ച് സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇത്രയേറെ കാലമായിട്ടും നമ്മുടെ രാജ്യത്തിനു മറ്റുള്ളവര്‍ക്ക് മുന്നില്‍ തലകുനിക്കേണ്ടി വന്നാല്‍. ഇത് പറയാന്‍ കാരണം അന്താരാഷ്ട്ര നിയമയുദ്ധത്തില്‍ രാജ്യത്തു മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത മലക്കം മറിച്ചില്‍ ഇന്നലെ നടനതാണ്. ഇറ്റാലിയന്‍ കച്ചവടക്കപ്പല്‍ എന്‍റിക്ക ലെക്സിക്കും അതിലെ ക്യാപ്റ്റനും രണ്ടു നാവികര്‍ക്കും എതിരേ ഇന്ത്യയില്‍ നടക്കുന്ന കേസില്‍ ഒരു മുന്നറിയിപ്പുമില്ലാതെ പ്രതിഭാഗം ചേര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം ദുരൂഹവും ലജ്ജാകരവും തന്നെ.
ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് കേരളത്തിന്‍റെ ആഴക്കടലില്‍ മരിച്ചതു രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍. മത്സ്യത്തൊഴിലാളികളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്നു ശ്രീലങ്കന്‍ തീരത്തു നിന്നാണ് എന്‍റിക്ക ലെക്സി പിടികൂടി കൊച്ചി തുറമുഖത്ത് എത്തിച്ചത്. കേരള പൊലീസിന്‍റെ അതിവിദഗ്ധവും ശാസ്ത്രീയവുമായ അന്വേഷണത്തിനൊടുവില്‍ കപ്പലിലുണ്ടായിരുന്ന രണ്ടു നാവികരെ അറസ്റ്റ് ചെയ്തു. തെളിവെടുപ്പ്, ചോദ്യം ചെയ്യല്‍, നഷ്ടപരിഹാരം തുടങ്ങിയവയുടെ ഭാഗമായി കപ്പലും പൊലീസ് തടഞ്ഞുവച്ചു. കടല്‍ക്കൊള്ളക്കാരാണെന്നു കരുതിയാണ് തങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേര്‍ക്കു നിറയൊഴിച്ചതെന്നായിരുന്നു നാവികരുടെ മൊഴി.
വെടിവയ്പുണ്ടായ സ്ഥലം ഇന്ത്യയുടെ അതിര്‍ത്തിയിലല്ലെന്നും അന്താരാഷ്ട്ര കപ്പല്‍ച്ചാലിലാണെന്നും തുടക്കം മുതലേ പ്രതികള്‍ വാദിച്ചു. എന്നാല്‍, വെടിവയ്പ്പ് ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ത്തന്നെയെന്നു സ്ഥാപിച്ചെടുക്കുന്നതില്‍ കോസ്റ്റ് ഗാര്‍ഡും കേരള പൊലീസും വിജയിച്ചു. തന്നെയുമല്ല, വിദേശ കച്ചവടക്കപ്പലിനു കാവല്‍ നിന്ന ഇറ്റാലിയന്‍ നാവികരുടെ അതിക്രമം അന്താരാഷ്ട്ര നയതന്ത്ര നിയമങ്ങളുടെ പരിധിയില്‍ വരില്ലെന്നും സമര്‍ഥിച്ചു. ഇക്കഴിഞ്ഞ ദിവസം വരെ ഈ നിലപാടുകള്‍ക്കെല്ലാം പൂര്‍ണ പിന്തുണയാണു കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. തന്നെയുമല്ല, കേരള പൊലീസ് എടുക്കുന്ന നിയമ നടപടികളുമായി ഇറ്റലി സഹകരിക്കണമെന്നുമായിരുന്നു കേന്ദ്ര നിലപാട്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ജന്മദേശം എന്നതിനാല്‍ ഇറ്റലിയോട് കേന്ദ്ര സര്‍ക്കാരിന് എന്തെങ്കിലും അനുഭാവം ഉണ്ടാകുമോ എന്നു പലഭാഗത്തു നിന്നും ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നിലപാടുകള്‍ തുടക്കത്തിലേ ഈ സംശയങ്ങളെല്ലാം അസ്ഥാനത്താക്കി. അപ്പോഴും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇറ്റലി ഒളിഞ്ഞും തെളിഞ്ഞും എല്ലാ മാര്‍ഗങ്ങളും തേടി. അവരുടെ വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ള വിവിഐപികള്‍ കേരളത്തിലെത്തി. നാവികരുടെ കാര്യങ്ങള്‍ അന്വേഷിക്കാനും കേസ് പുരോഗതി വിലയിരുത്തി റിപ്പോര്‍ട്ട് ചെയ്യാനും വേറൊരു മന്ത്രിയും തിരുവനന്തപുരത്തു തന്നെ തമ്പടിച്ചു.
പ്രതികള്‍ക്കു തുടക്കത്തില്‍ വിവിഐപി പരിഗണന ലഭിക്കാന്‍ ഇതെല്ലാം കാരണമായി. തന്നെയുമല്ല, പൂജപ്പുര ജയിലില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ പാര്‍പ്പിച്ചിരുന്ന മുറി തന്നെ അവര്‍ക്കു വിട്ടുകൊടുക്കുകയും ചെയ്തു. കേസില്‍ ഒരു വിട്ടുവീഴ്ചയും കാട്ടാതിരുന്നതിനാല്‍ ഇതിലൊന്നും ആരും അപ്രിയം കാട്ടിയില്ല. എന്നാല്‍, കപ്പല്‍ വിട്ടുകൊടുക്കണമെന്ന ഹര്‍ജി പരിഗണനയ്ക്കു വന്ന ഇന്നലെ സുപ്രീം കോടതിയില്‍ ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് റാവത്തിന്‍റെ നിലപാട് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ഇറ്റാലിയന്‍ കപ്പലിനും നാവികര്‍ക്കുമെതിരേ കേസ് എടുക്കാനോ തടഞ്ഞുവയ്ക്കാനോ കേരളത്തിന് അധികാരമില്ലെന്നായിരുന്നു റാവത്തിന്‍റെ വാദം.
വാദം കേട്ട ജസ്റ്റിസ് എച്ച്. എല്‍ ഗോഖലെ പോലും ഞെട്ടിത്തരിച്ചുപോയി. കൊല്ലപ്പെട്ടത് ഇന്ത്യയുടെ രണ്ടു പൗരന്മാരാണെന്ന കാര്യം മറക്കരുതെന്നും എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടു മാറ്റിയതെന്നും ചോദിക്കേണ്ടി വന്നു, ജസ്റ്റിസ് ഗോഖലെക്ക്. തുടക്കം മുതല്‍തന്നെ, ഇറ്റലിക്കു വേണ്ടി ഇന്ത്യയിലെ ചില മത- രാഷ്ട്രീയ നേതാക്കള്‍ രംഗത്തു വന്നു എന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതില്‍ ചിലതെങ്കിലും ശരിവയ്ക്കുന്നതാണ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട്. കേന്ദ്ര സര്‍ക്കാര്‍ പൊടുന്നനെ എന്തിനു പ്രതിഭാഗം ചേര്‍ന്നു എന്ന ചോദ്യത്തിന് വരും ദിവസങ്ങളില്‍ മറുപടി പറയേണ്ടിവരും സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും. കേന്ദ്രത്തിന്‍റെ നിലപാടുമാറ്റത്തിന് അനുഗുണമായി അവസാന നിമിഷത്തില്‍ കേരളം അഭിഭാഷകനെത്തന്നെ മാറ്റിയതും വിസ്താര വേളയില്‍ അദ്ദേഹം മൗനം പാലിച്ചതും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെയും സംശയത്തിന്‍റെ മുള്‍മുനയിലാക്കി.
ലക്ഷക്കണക്കിനു രൂപ മുടക്കി, രണ്ടുമാസത്തെ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലിനെ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മലക്കം മറിച്ചിലിന് ഒരു ന്യായീകരണവുമില്ല. സ്വന്തം രാജ്യത്തെ പൗരന്‍റെ ജീവനെക്കാള്‍ വിലപിടിച്ചതാവരുത്, നയതന്ത്ര ബാധ്യതകളോ മറ്റു കടപ്പാടുകളോ, ഒന്നും. ക്രിമിനലുകള്‍ എന്നു നിയമം വിലയിരുത്തുന്ന രണ്ടു നാവികരുടെ മോചനത്തിന് ഇറ്റലി കല്‍പ്പിക്കുന്നതിന്‍റെ നൂറിലൊന്നു വില പോലും സ്വന്തം പൗരന്‍റെ ജീവന് എന്തു കൊണ്ടു നല്‍കാതെ പോകുന്നു, നമ്മുടെ രാജ്യം ഭരിക്കുന്നവര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല