യുഡിഎഫില്‍ ഘടകകക്ഷികള്‍ തമ്മിലും കക്ഷികള്‍ക്കുള്ളിലുമുള്ള പ്രശ്‌നങ്ങള്‍ മുന്നണിക്കുള്ളില്‍ പുകയുകയാണ്. വിവാദങ്ങള്‍ അവസാനിപ്പിക്കാനും പ്രതിച്‌ഛായ വീണ്ടെടുക്കാനും ശ്രമം നടക്കുന്നുണ്ടെങ്കിലും പരസ്‌പരമുള്ള അകല്‍ച്ച ദിനംപ്രതി വര്‍ധിക്കുന്നു. ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജനം മുതല്‍ ലീഗിന്റെ അഞ്ചാം മന്ത്രി വിവാദം സൃഷ്‌ടിച്ച ആഘാതം വരെയുള്ള പ്രശ്‌നങ്ങള്‍ മറികടക്കാന്‍ മുന്നണിക്കു കഴിഞ്ഞിട്ടില്ല.
കോണ്‍ഗ്രസും ലീഗും കേരളാ കോണ്‍ഗ്രസുകളും എസ്.ജെ.ഡിയുമൊക്കെ കടിച്ചുകീറാന്‍ തയാറായി നില്‍ക്കുകയാണ്. മുന്നണിയില്‍ ചെറുകക്ഷികള്‍ മുമ്പില്ലാത്തവിധം അവഗണിക്കപ്പെടുന്നെന്ന പരാതി പൊതുവേയുണ്ട്. മുമ്പൊക്കെ മുന്നണിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ കൂട്ടായ ചര്‍ച്ചയിലൂടെയാണു പരിഹരിച്ചിരുന്നത്. ഇന്നു ചര്‍ച്ച ചില കക്ഷികള്‍ തമ്മില്‍ മാത്രമായെന്നും മുന്നണിക്കു കൂട്ടുത്തരവാദിത്തമില്ലെന്നും ചെറുകക്ഷികള്‍ പരാതിപ്പെടുന്നു.
കോണ്‍ഗ്രസ്-ലീഗ്
നമ്മളൊന്ന് എന്ന് അഹങ്കരിച്ചിരുന്ന കോണ്‍ഗ്രസിനെയും ലീഗിനെയും അഞ്ചാംമന്ത്രി പ്രശ്‌നം അകറ്റി. കെ.പി.സി.സിയെപ്പോലും അവഗണിച്ചുകൊണ്ട് ലീഗിന് അഞ്ചാം മന്ത്രിയെ കൊടുത്തെങ്കിലും നേതാക്കള്‍ തമ്മിലുള്ള പോരാട്ടം തുടരുന്നു. ആര്യാടന്‍ മുഹമ്മദും കെ. മുരളീധരനും ഉള്‍പ്പെടെയുള്ളവര്‍ ലീഗിനെ കടിച്ചുകുടയുകയാണ്. സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളുടെയും ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെയും നേതൃത്വത്തില്‍ ലീഗ് മറുപടിയുമായി രംഗത്തുണ്ട്. ആര്യാടനെ പട്ടിയായി ചിത്രീകരിച്ചുകൊണ്ടുള്ള ഫ്‌ളക്‌സുകള്‍ പോലും പലേടത്തും പ്രത്യക്ഷപ്പെട്ടു. അഞ്ചാംമന്ത്രി സൃഷ്‌ടിച്ച കുഴപ്പം പരിഹരിക്കാന്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ നടത്തിയ അറ്റകുറ്റപ്പണി കോണ്‍ഗ്രസിലും പ്രശ്‌നമായി.
കെ.പി.സി.സി. പ്രസിഡന്റിനെപ്പോലും അറിയിക്കാതെ മുഖ്യമന്ത്രി നടത്തിയ അഴിച്ചുപണിയുടെ അലയൊലി കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ മുഴങ്ങി. എല്ലാ പ്രശ്‌നവും തീര്‍ന്നെന്ന് ഇരുവരും പറഞ്ഞിട്ടും അണികള്‍ അത് ഉള്‍ക്കൊണ്ടിട്ടില്ല. ലീഗിലെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. നിയമസഭാ തെരഞ്ഞെടുപ്പുമുതല്‍ തല പൊക്കിയ ഗ്രൂപ്പ് വടംവലി അവിടെ തുടരുകയാണ്. അഞ്ചാംമന്ത്രിയും തുടര്‍ പ്രശ്‌നങ്ങളും അതിന്റെ ഭാഗമാണ്. മന്ത്രിപദം കിട്ടിയതിന്റെ നേട്ടം സ്വന്തം ബാലന്‍സ് ഷീറ്റില്‍ എഴുതിച്ചേര്‍ക്കാനാണ് ഇ.ടി. – കുഞ്ഞാലിക്കുട്ടി വിഭാഗങ്ങള്‍ ശ്രമിക്കുന്നത്.
കേരളാ കോണ്‍ഗ്രസ്(എം)
വാഗ്‌ദാനം ചെയ്യപ്പെട്ട രാജ്യസഭാ സീറ്റ് കിട്ടിയതോടെ കേരളാ കോണ്‍ഗ്രസി(എം)നു മുന്നണിയുമായി പ്രശ്‌നങ്ങളില്ലാതായി. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് അവരെ അലട്ടുന്നത്. ജോസഫ് ഗ്രൂപ്പ്, പി.സി. ജോര്‍ജ്, മാണി വിഭാഗങ്ങള്‍ എന്ന നിലയിലാണു പാര്‍ട്ടി. രാജ്യസഭാ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ അതു മറനീക്കി. പി.സി. ജോര്‍ജും ജോസഫും തമ്മിലുള്ള പ്രശ്‌നം മാണിക്കു തലവേദനയായിട്ടുണ്ട്.
എസ്.ജെ.ഡി
തങ്ങളുടെ സോഷ്യലിസ്‌റ്റ് ചട്ടക്കൂടിനു വിരുദ്ധമാണ് യു.ഡി.എഫിന്റെ പല നിലപാടുകളുമെന്നതാണ് അവരെ അസ്വസ്‌ഥരാക്കുന്നത്. ലീഗിന്റെ അഞ്ചാംമന്ത്രി വിവാദം സൃഷ്‌ടിച്ച സാമുദായിക ചേരിതിരിവും അവര്‍ക്കു ബുദ്ധിമുട്ടായി. സാമുദായിക അടിത്തറയിലല്ലാതെ, ആശയങ്ങളുടെ അടിസ്‌ഥാനത്തില്‍ നിലകൊള്ളുന്ന തങ്ങളെ ഇതു പ്രതികൂലമായി ബാധിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍. വന്‍ വിട്ടുവീഴ്‌ച ചെയ്‌ത് എത്തിയ പാര്‍ട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ചതിച്ചെന്നും അവര്‍ക്കു പരാതിയുണ്ട്.
കേരളാ കോണ്‍ഗ്രസ്(ബി)
യു.ഡി.എഫിന് ഏറെ തലവേദന സൃഷ്‌ടിച്ച പ്രശ്‌നങ്ങളിലൊന്നാണ് ബാലകൃഷ്‌ണപിള്ള-ഗണേഷ് പോര്. ഇതു പരിഹരിക്കാന്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ ഫലപ്രദമായില്ലെന്നാണു പൊതുവേയുള്ള വികാരം. പാര്‍ട്ടിക്കു മൂന്നു ബോര്‍ഡ്-കോര്‍പ്പറേഷനുകള്‍ അനുവദിച്ചെങ്കിലും രണ്ടെണ്ണം മാത്രമേ നല്‍കിയുള്ളുവെന്ന പരാതിയുമുണ്ട്. ഇതില്‍ പ്രതിഷേധിച്ച് രണ്ടു ചെയര്‍മാന്‍മാരും സ്‌ഥാനമൊഴിഞ്ഞ് യു.ഡി.എഫിനു കത്തു നല്‍കിയിരിക്കുകയാണ്.
സി.എം.പി
മുന്നണിയുടെ ഇരട്ടത്താപ്പ് നിലപാടാണ് സി.എം.പിയുടെ അതൃപ്‌തിക്കു കാരണം. തങ്ങള്‍ പതിവായി മത്സരിച്ചിരുന്ന അഴിക്കോട് സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചില്ല. ആ നഷ്‌ടം പിന്നീട് നികത്തിത്തരാമെന്ന വാഗ്‌ദാനം പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല, മുന്‍പ് യു.ഡി.എഫ്. അധികാരത്തില്‍ വന്നപ്പോള്‍ കിട്ടിയിരുന്ന പല സ്‌ഥാപനങ്ങളും കവര്‍ന്നെടുക്കുകയും ചെയ്‌തെന്നും പരാതി. അതു പാര്‍ട്ടിക്ക് അനുവദിച്ച ബോര്‍ഡ്-കോര്‍പറേഷന്‍ സ്‌ഥാനങ്ങള്‍ ഉപേക്ഷിക്കുന്നതു പരിഗണനയിലാണെന്ന ഭീഷണി വരെ എത്തിയിരിക്കുന്നു.
വലിയ പരാതിയൊന്നുമില്ലെങ്കിലും തങ്ങളോടുള്ള കോണ്‍ഗ്രസുകാരുടെ നിലപാടില്‍ ജെ.എസ്.എസിനു കടുത്ത അതൃപ്‌തിയുണ്ട്. കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ കപ്പലിനോടു കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചതോടെ ആര്‍.എസ്.പി (ബേബിജോണ്‍)യിലെ മന്ത്രി ഷിബു ബേബി ജോണും മുന്നണിയുമായി ഇടഞ്ഞ മട്ടിലാണ്. നിലവില്‍ കേരളാ കോണ്‍ഗ്രസി(ജേക്കബ്)നു മാത്രമാണ് പരാതിയും പരിഭവവുമില്ലാത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല