തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന അതിവേഗ റെയില്‍പാതയുടെ നിര്‍മ്മാണത്തിലേക്ക് പ്രവാസികളില്‍ നിന്നും ധനസഹായം സ്വീകരിക്കാനൊരുങ്ങുന്നു. കേരള ഹൈസ്പീഡ് റെയില്‍ കോര്‍പറേഷനും ഇന്‍ഫ്രാസ്ട്രെക്ച്ചേഴ്സ് കേരള ലിമിറ്റഡും സംയുക്തമായാണ് പദ്ധതിക്കായി പ്രവാസികളില്‍ നിന്നും ഫണ്ട് ശേഖരിക്കുന്ന കാര്യം മുന്നോട്ടു വെച്ചിരിക്കുന്നത്.
കേരള ഹൈസ്പീഡ് റെയില്‍ കോര്പറേഷന് ലിമിറ്റഡിന്റെ ചെയര്‍മാനും ഇന്‍ഫ്രാസ്ട്രെക്ച്ചേഴ്സ് കേരള ലിമിറ്റഡിന്റെ മാനേജിങ് ഡയരക്ടറുമായ ടി ബാലകൃഷ്ണനാണ് പ്രവാസികളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസ് നടത്തുന്നവരില്‍ നിന്നും അതിവേഗ റെയില്‍ പാതയ്ക്കായി ഫണ്ട് ശേഖരിക്കാനുദ്ദേശിക്കുന്ന കാര്യം അറിയിച്ചത്.
കേരളത്തിലെ നിരവധി ജില്ലകളിയൂടെയും അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയിലെ ചില സ്ഥലങ്ങളിലൂടെയും കടന്നു പോകുന്ന ഈ 650 കിലോമീറ്റര്‍ റെയില്‍പാത വന്നാല്‍ കേരളത്തിന്റെ തെക്കെ ആറ്റത്തു നിന്നും വടക്കെ അറ്റത്തേക്കും വളരെ പെട്ടെന്ന് എത്താന്‍ സാധിക്കും. നിലവില്‍ തലസ്ഥാന നഗരിയില്‍ നിന്നും കാസര്‍കോഡ് എത്താന്‍ പത്ത് മണിക്കൂറിലധികം സമയം എടുക്കുന്നുണ്ട്. ഈ അതിവേഗ റെയില്‍പാത വന്നാല്‍ വെറും മൂന്നര മണിക്കൂര്‍ മാത്രമേ യാത്രയുണ്ടാകൂ.
1,180 ലക്ഷം കോടി രൂപ ചെലവു വരുന്ന ഈ പദ്ധതിക്ക് സര്‍ക്കാറിന് മാത്രമായി ഫണ്ടിറക്കാന്‍ സാധിക്കില്ല എന്നതിനാലാണ് വിദേശ നിക്ഷേപകരില്‍ നിന്നും ധനസഹായം സ്വീകരിക്കാന്‍ തീരുമാനമായത്.
ഇതിനു മുന്‍പ് പ്രവാസികളില്‍ നിന്നും ധനസഹായം സ്വീകരിച്ച് നിര്‍മ്മിച്ചതാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിന്റെ രണ്ടറ്റങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലുരിയായി കര്‍ണ്ണാടക സംസ്ഥാനത്തിലെ മാംഗ്ലൂരുമായും ഉഡുപ്പിയുമായും ബന്ധിപ്പിക്കുക എന്നതും ഈ അതിവേഗ റെയില്‍പാത പദ്ധതിയുടെ ലക്ഷ്യമാണ്.
മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഈ അതിവേഗ പാതയിലൂടെ തീവണ്ടി ഓടുക. പ്രധാന നഗരങ്ങളില്‍ എല്ലാം സ്റ്റോപ്പ് ഉണ്ടായിരിക്കും. മിക്ക സ്ഥലങ്ങളിലും മേല്പ്പാലങ്ങളിലൂടെയായതിനാല് വളരെ കുറച്ച് ഭൂമി മാത്രമായിരിക്കും ഈ പദ്ധതിക്കായി ആവശ്യം വരിക. പ്രധാന നഗരങ്ങളില്‍ തുരങ്കങ്ങള്‍ വഴിയായിരിക്കും തീവണ്ടി പോവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല