മലയാളസിനിമയില്‍ ശക്തമായിതിരിച്ചുവന്ന് ഇമേജുകള്‍ക്കപ്പുറം കഥാപാത്രങ്ങളെ തിരിച്ചറിഞ്ഞ ശ്വേതമേനോന് വിവാഹശേഷവും സിനിമയില്‍ നിറഞ്ഞു നിന്നു. ഇപ്പോള്‍ ഗര്‍ഭിണിയായി ഒരു ഇടവേളയിലേക്കു പ്രവേശിക്കുകയാണ്. കമിറ്റ് ചെയ്ത ചിത്രങ്ങള്‍ക്കുശേഷം മെയ് മാസത്തോടെ പുതിയ സ്വപ്നങ്ങള്‍ നെയ്തെടുക്കാന്‍ വിശ്രമത്തിലേക്ക് പോകുമ്പോഴും ശ്വേതമേനോന് പ്രേക്ഷകരുടെ
ഉത്കണ്ഠയ്ക്കു വിരാമമിടുകയാണ്.
പ്രസവാനന്തരം തിരിച്ചുവരും, ഗ്ളാമര്‍ വേഷങ്ങള്‍ ചെയ്യും, പ്രസവാനന്തരം ശരീരത്തിനുവരുന്ന രൂപമാറ്റങ്ങള്‍ സിനിമയ്ക്കുകൂടി ഗുണപരമായി ഉപയോഗിക്കും എന്നുള്ള നിലപാടിലാണ് ശ്വേത. സംഭവം ഐശ്വര്യറായിയും ഇതേ നിലപാടിലൊക്കെയാണെങ്കിലും കുടുംബക്കാര്‍ക്കും സ്വന്തക്കാര്‍ക്കുമൊപ്പമാണ് അഭിനയം പുറത്തെടുക്കുന്നത്. മലയാളത്തില്‍ ഇങ്ങനെ പറയാന്‍ ഒരു ശ്വേതമേനോനെ
ഉള്ളൂ.
ജീവിതം വേറെ, അഭിനയം വേറെ. നടി എന്ന നിലയില്‍ മാന്യമായ കഥാപാത്രങ്ങള്‍ വെല്ലുവിളിയോടെ ഏറ്റെടുക്കുകയാണ് വേണ്ടത് എന്ന് തെളിയിച്ചു കഴിഞ്ഞതാണ് ശ്വേത. ഇനി ഒരു പക്ഷേ പുതിയ താരങ്ങള്‍ നിസ്സംശയം ഈ വഴി പിന്തുടരും. കാരണം വിദ്യബാലന് കാണിച്ചു കൊടുത്ത പാതയിലേക്ക് വരാന്‍ തിടുക്കം കൂട്ടുന്നവരെ പ്രേക്ഷകര്‍ തിരിച്ചറിയുന്നുണ്ടല്ലോ.
കഴിവിനപ്പുറം സിനിമയില്‍ നിലനില്ക്കുക എന്ന സാദ്ധ്യതയാണ് വന്നു പോകുന്നവരെ ഇന്ന്
കൂടുതല്‍ ആകര്‍ഷിക്കുന്നത്. മലയാള സിനിമയില്‍ വെറുമൊരു സ്ത്രീ സാന്നിദ്ധ്യം മാത്രമാണിന്ന് അഭിനേത്രികള്‍. ടെക്സ്റൈല്‍ ഷോപ്പില്‍ അലങ്കരിച്ചു നിര്‍ത്തിയ പ്രതിമകള്‍ പോലെ. ഈ യൊരു കാലാവസ്ഥയിലാണ് ശ്വേതമേനോന് പാലേരിമാണിക്യത്തില്‍ ചീരുവായും മദ്ധ്യവേനലിലെ നെയ്ത്തുകാരിയായും ആറാംക്ളാസ്സിലെ ദാസന്റെ അമ്മയായും വന്നത്.
രതിനിര്‍വ്വേദത്തിലെ രതിച്ചേച്ചിയേയും, കയവും ശ്വേത നിസ്സംശയം സ്വീകരിച്ചു. ഉടുമുണ്ട് തെറുത്തുകയറ്റിയും കുളിച്ചു കയറിയും ശ്വേത നെടുവീര്‍പ്പുകള്‍ക്ക് കൂട്ടുനിന്നു. ഒപ്പം വെറുതെയല്ല ഭാര്യ പോലുള്ള റിയാലിറ്റി ഷോകളുടെ മിടിപ്പുകൂട്ടി. കമ്പോളം ശ്വേത എന്ന അഭിനേത്രിയെ ഉപയോഗപ്പെടുത്താന്‍ ശരിക്കും ശ്രമിക്കുന്നുണ്ട്. വളരെ യുക്തി ബോധത്തോടെ ശ്വേതമേനോന് അത് തിരിച്ചറിഞ്ഞു കൊണ്ട് മാറുന്ന കാലാവസ്ഥയോട് ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. പ്രസവാനന്തരം ശ്വേതമേനോന്റെ പുതിയ അഭിനയശരീരം എങ്ങിനെ തിരിച്ചു വരുമെന്നേ ഇനി അറിയാനുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല