ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഗോളടിച്ച് ഗോളടിച്ച് യുണൈറ്റഡിനെ എവര്‍ട്ടന്‍ കുടുക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ 4-4 നാണ് എവര്‍ട്ടന്‍ യുണൈറ്റഡിനെ സമനിലയില്‍ പിടിച്ചത്. ഇതോടെ യുണൈറ്റഡിന്റെ കിരീടത്തിലേക്കുള്ള മുന്നേറ്റത്തിന് തിരിച്ചടി നേരിട്ടു.
ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ആറു പോയിന്റ് മാത്രം മുന്നിലാണ് യുണൈറ്റഡ്. വോള്‍വര്‍ഹാംടണിനെതിരേ ജയിക്കാന്‍ സാധിച്ചാല്‍ സിറ്റിക്ക് യുണൈറ്റഡുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറയ്ക്കാന്‍ സാധിക്കും. നിലവില്‍ 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ യുണൈറ്റഡിന് 83 ഉം 34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സിറ്റിക്ക് 77 ഉം പോയിന്റ് വീതമാണുള്ളത്. ലീഗില്‍ നാലു മത്സരങ്ങള്‍കൂടി ശേഷിക്കുന്നുണ്ട്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വന്തം ഗ്രൌണ്ടില്‍ ആദ്യ ഗോള്‍ നേടിയത് എവര്‍ട്ടനായിരുന്നു. 32 -ാം മിനിറ്റില്‍ നികിക ജെലാവിക് എവര്‍ട്ടനെ 1-0 നു മുന്നിലെത്തിച്ചു. എന്നാല്‍, 41-ാം മിനിറ്റില്‍ യുണൈറ്റഡ് വെയ്ന്‍ റൂണിയിലുടെ 1-1 സമനിലയിലെത്തി. 57-ാം മിനിറ്റില്‍ ഡാനി വെല്‍ബീക്കും 60-ാം മിനിറ്റില്‍ നാനിയും ലക്ഷ്യം കണ്ടതോടെ ആതിഥേയര്‍ 3-1 നു മുന്നിലെത്തി. എന്നാല്‍, 67-ാം മിനിറ്റില്‍ ഫെല്ലൈനി എവര്‍ട്ടനായി ഒരു ഗോള്‍ മടക്കി.
68-ാം മിനിറ്റില്‍ റൂണി വീണ്ടും ഗോള്‍ നേടിതോടെ യുണൈറ്റഡ് 4-2 നു മുന്നില്‍. എന്നാല്‍, ജാവികും (83), സ്റ്റീവന്‍ പീനാറും (85) അടുത്തടുത്ത മിനിറ്റുകളില്‍ ഗോള്‍ നേടിയതോടെ യുണൈറ്റഡ് 4-4 സമനിലയില്‍ തളയ്ക്കപ്പെട്ടു. മറ്റു മത്സരങ്ങളില്‍ ആഴ്സണലും ചെല്‍സിയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ന്യൂകാസില്‍ 3-0 നു സ്റോക് സിറ്റിയെയും ക്വീന്‍സ് പാര്‍ക്ക് 1-0 ന് ടോട്ടനത്തെയും ഫുള്‍ഹാം 2-1 ന് വിഗാന്‍ അത്ലറ്റികിനെയും പരാജയപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല