1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2012

സിനിമ നിര്‍മാതാവും സംവിധായകനുമായ നവോദയ അപ്പച്ചന്‍ (81) അന്തരിച്ചു. വൈകുന്നേരം 6.40നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. ഈ മാസം 18നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1924ല്‍ ആലപ്പുഴയിലാണു മാളിയംപുരയ്ക്കല്‍ ചാക്കോ പുന്നൂസ് എന്ന അപ്പച്ചന്‍ ജനിച്ചത്.

ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ അപ്പച്ചനാണു നിര്‍മിച്ചത്. മലയാളത്തിലെ ആദ്യ സിനിമാ സ്കോപ്പ് ചിത്രമായ തച്ചോളി അമ്പു സംവിധാനം ചെയ്തു. ആദ്യത്തെ 70 എംഎം ചിത്രമായ പടയോട്ടം നിര്‍മിച്ചു. 1976ല്‍ കൊച്ചിയിലെ കാക്കനാട്ട് നവോദയ സ്റ്റുഡിയോ സ്ഥാപിച്ചു. അതിനു മുന്‍പ് സഹോദരന്‍ കുഞ്ചാക്കോയുടെ ഉദയ സ്റ്റുഡിയോയുടെ പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് അപ്പച്ചന്‍. സഹോദരന്‍റെ മരണത്തിനു ശേഷമാണു നവോദയ സ്റ്റുഡിയോ ആരംഭിച്ചത്.

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കു 2010ലെ ജെ.സി. ഡാനിയല്‍ പുരസ്കാരം അപ്പച്ചനു ലഭിച്ചു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പടയോട്ടം, മൈഡിയര്‍ കുട്ടിച്ചാത്തന്‍, ഒന്നു മുതല്‍ പൂജ്യം വരെ, മണിച്ചിത്രത്താഴ് എന്നീ മലയാള സിനിമകള്‍ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ നൂറോളം സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. തച്ചോളി അമ്പു, കടത്തനാട്ട് മാക്കം, മാമാങ്കം, തീക്കടല്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇന്ത്യയിലെ ആദ്യ വാട്ടര്‍ തീം പാര്‍ക്കായ കിഷ്കിന്ധ ആരംഭിച്ചതും അപ്പച്ചനാണ്.

മലയാള സിനിമയുടെ സമഗ്ര മാറ്റത്തിനു നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അപ്പച്ചന്‍. സിനിമ വ്യവസായമെന്ന കാഴ്ചപ്പാടുകള്‍ക്കപ്പുറം അതിന്‍റെ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ വൈവിധ്യങ്ങള്‍ തേടിയ സംവിധായകനും നിര്‍മാതാവുമായിരുന്നു അദ്ദേഹം. മലയാള സിനിമയിലെ സാങ്കേതിക വളര്‍ച്ചയുടെ പ്രാഥമിക പടികളെല്ലാം അപ്പച്ചനാണ് ആദ്യം നടന്നുകയറിയതെന്നു നിസംശയം പറയാം. മലയാള സിനിമയുടെ കാരണവര്‍ എന്നു വിളിക്കാവുന്ന വ്യക്തിത്വമാണു വിടപറഞ്ഞിരിക്കുന്നത്.ജിജോ പുന്നൂസ്, ജോസ് പുന്നൂസ് എന്നിവര്‍ മക്കളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.