ഫ്രാന്‍സ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം മേയ് ആറിനു നടക്കാനിരിക്കെ, തീവ്രവലതുപക്ഷ നേതാവ് മാരീന് ലെ പെനിന്റെ നിലപാട് നിര്‍ണായകമാകും. പത്തു സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച ആദ്യഘട്ടത്തില്‍ 18% വോട്ട് നേടിയാണു നാല്പത്തിമൂന്നുകാരി ലെ പെന്‍ അത്ഭുതം സൃഷ്ടിച്ചത്. ഫ്രാന്‍സിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ വലതുപക്ഷ സ്ഥാനാര്‍ഥി നേടുന്ന ഏറ്റവും വലിയ വോട്ടാണിത്. ആദ്യ ഘട്ടത്തില്‍ പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസിയെ പിന്തള്ളി സോഷ്യലിസ്റ്റ് നേതാവ് ഫ്രാങ്കോയ് ഹോളണ്ട് ഒന്നാമതെത്തി (28.6% വോട്ട്). സര്‍ക്കോസിക്ക് 27.1% വോട്ട് ലഭിച്ചു. ഇവര്‍ തമ്മില്‍ നേരിട്ടുള്ള മല്‍സരമാണ് രണ്ടാംഘട്ടത്തില്‍ നടക്കുക. ഇതില്‍ ലെ പെന്‍ ആരെ പിന്തുണയ്ക്കും എന്നതാണ് നിര്‍ണായകം.
രണ്ടാംഘട്ടത്തിന്റെ പ്രചാരണവുമായി ഇന്നലെ രംഗത്തെത്തിയ സര്‍ക്കോസി, വലതുപക്ഷത്തെ ആകര്‍ഷിക്കുന്ന പ്രഖ്യാപനങ്ങളാണ് നടത്തിയത്. രാജ്യസുരക്ഷ ഉറപ്പുവരുത്താനും കുടിയേറ്റം നിയന്ത്രിക്കാനുമുള്ള ശക്തമായ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് സര്‍ക്കോസി പറഞ്ഞു. ഇതേസമയം, ഇടതുപക്ഷ വോട്ടുകളിലായിരിക്കും സോഷ്യലിസ്റ്റ് നേതാവ് ഹോളണ്ടിന്റെ പ്രതീക്ഷ. ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ തീവ്ര ഇടതുപക്ഷ നേതാവ് ഴാങ് ലൂക് മെലെങ്കോണിന് 11.1% വോട്ടാണ് ലഭിച്ചത്.
മൂന്നാം സ്ഥാനത്തേക്കു ലെ പെനിനു കടുത്ത എതിരാളിയായിരിക്കും ഴാങ് ലൂക് എന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതു സംഭവിച്ചില്ല. മിതവാദി നേതാവായ ഫ്രാങ്കോയ് ബെയ്റൂ 9.1% വോട്ട് നേടി. അധികാരത്തിലുള്ള പ്രസിഡന്റ്, ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്താകുന്നത് ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ആദ്യമാണ്. രണ്ടാംഘട്ടത്തിലും പരാജയപ്പെട്ടാല്‍, 30 വര്‍ഷത്തിനിടെ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ടു പരാജയപ്പെടുന്ന ആദ്യ പ്രസിഡന്റ് എന്ന പേരുദോഷം കൂടി സര്‍ക്കോസിക്കു കേള്‍ക്കേണ്ടിവരും.
എന്നാല്‍, സര്‍ക്കോസിയെ ലെ പെന്‍ പിന്തുണച്ചാല്‍ കാര്യങ്ങള്‍ മാറിയേക്കുമെന്നാണ് ഇപ്പോഴത്തെ സൂചന. സാമ്പത്തിക പ്രതിസന്ധിയും അതു നേരിടുന്നതിലെ പരാജയവുമാണ് യൂറോപ്പിലെ മറ്റു നേതാക്കളെപ്പോലെ സര്‍ക്കോസിക്കും തിരിച്ചടിയായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ യൂറോപ്പിലെ 10 രാഷ്ട്രത്തലവന്മാര് പടിയിറങ്ങേണ്ടിവന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല