ഡമാസ്കസില്‍ നിന്ന് കല്ലോല്‍ ഭട്ടാചാര്‍ജി സിറിയയില്‍ ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ നിരീക്ഷിക്കാന്‍ യുഎന്‍ നിരീക്ഷകര്‍ തലസ്ഥാനത്തോടു ചേര്‍ന്ന നഗരങ്ങളില്‍ പര്യടനം നടത്തുന്നതിനിടയിലും ഹമാ നഗരത്തില്‍ സൈനികാക്രമണം. 20 പൌരന്മാര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായാണു വിവരം.
പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന് എതിരായ പ്രക്ഷോഭം ഏറ്റവും ശക്തമായ നഗരങ്ങളിലൊന്നാണു ഹമാ. യുദ്ധ ടാങ്കുകളും പീരങ്കികളും രാവിലെ മുതല്‍ ആക്രമണത്തിനു നിയോഗിക്കപ്പെട്ടു. യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്റെ നേതൃത്വത്തില്‍ 12 മുതല്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയെങ്കിലും തീവ്രവാദി ആക്രമണത്തെ നേരിടാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണു സര്‍ക്കാര്‍ നിലപാട്.
എട്ടു നിരീക്ഷകരാണ് ഇപ്പോള്‍ സിറിയയിലെത്തിയിട്ടുള്ളത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവരുടെ എണ്ണം 30 ആകും. 300 പേരാണ് അന്തിമമായി ഉണ്ടാവുക. എന്നാല്‍ സ്ഥിതിഗതികള്‍ സുരക്ഷിതമാണെങ്കിലേ കൂടുതല്‍ നിരീക്ഷകര്‍ എത്തൂ. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനായി അന്നാനോടൊത്തു പ്രവര്‍ത്തിച്ച ഗ്രാന്‍ഡ് മുഫ്തി ഡോ. അഹമ്മദ് ബദ്റദ്ദീന്‍ ഹസൂന്‍ ആയുധം ഉപേക്ഷിച്ചു സമാധാന ചര്‍ച്ചയ്ക്കു തയാറാകാന്‍ വിമതരോട് അഭ്യര്‍ഥിച്ചു.
അക്രമത്തിന്റെ പാത കൈവിടാത്തവരെ സര്‍ക്കാര്‍ ശക്തമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുഫ്തിയുടെ മകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെ, സിറിയയിലേക്ക് ആഡംബര വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നത് യൂറോപ്യന്‍ യൂണിയന്‍ വിലക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല