പെട്രോളിന് പുറമെ ഡീസലിന്റെ വിലനിശ്ചയിക്കാനുള്ള അധികാരവും എണ്ണക്കമ്പനികള്‍ക്ക് നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ പാചകവാതകത്തിന്റെ വില നിര്‍ണയം എണ്ണക്കമ്പനികള്‍ക്ക് വിട്ടു കൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് രാജ്യസഭയില്‍ ധനസഹമന്ത്രി നമോ നാരായണ മീണ അറിയിച്ചു.
ക്രൂഡോയിലിന്റെ രാജ്യാന്തര വിലയ്ക്ക് അനുസൃതമായി എണ്ണക്കമ്പനികള്‍ പെട്രോളിന്റെ വിപണി വില കൂട്ടുന്നുണ്ട്. വില സര്‍ക്കാരിന്റെ നിയന്ത്രണത്തിലായതിനാല്‍ രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ ഡീസലിനെ ബാധിച്ചിരുന്നില്ല.
ഡീസല്‍ വിലയിലുണ്ടാവുന്ന ചലനങ്ങള്‍ ജനജീവിത്തെ കാര്യമായി ബാധിയ്ക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഡീസല്‍ വില ഉയരുന്നത് ചരക്കു ഗതാഗതത്തെയും യാത്രാ സംവിധാനങ്ങളെയും ബാധിക്കും.പെട്രോള്‍ വില ലിറ്ററിന് എട്ടു രൂപ വരെ കൂട്ടണമെന്ന്എണ്ണക്കമ്പനികളുടെ ആവശ്യം നിലനില്‍ക്കെയാണ്, ഡീസലിന്റെ വില നിര്‍ണയാധികാരവും കൈമാറാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു ശേഷം ഡീസല്‍ വില വര്‍ധിപ്പിക്കുകയോ വില നിര്‍ണയാധികാരം സര്‍ക്കാര്‍ കൈയൊഴിയുകയോ ചെയ്യുമെന്നാണു സൂചന.
ഡീസല്‍ വില സ്വതന്ത്രമാക്കുന്നതിനെതിരേ ബി.ജെ.പി. രംഗത്തെത്തി. ‘ഡീസല്‍ ഷോക്ക്’ ആസന്നമാണെന്നു ബി.ജെ.പി. വക്താവ് പ്രകാശ് ജാവ്ദേകര്‍ പറഞ്ഞു. ഡീസല്‍ വിലനിര്ണയത്തില്നിന്നു സര്‍ക്കാര്‍ പിന്മാറുന്നതിനെ യു.പി.എ. ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും ഡി.എം.കെയും എതിര്‍ക്കുന്നുണ്ട്.
2010 ജൂണില്‍ വില നിര്‍ണയിക്കുന്നതിനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്കിയ ശേഷം ആറു തവണ പെട്രോള്‍ വില കൂട്ടിയിട്ടുണ്ട്. ഒരു ലിറ്റര്‍ ഡീസലിന് 16.16 രൂപയും മണ്ണെണ്ണയ്ക്ക് 32.59 രൂപയും ഒരു പാചകവാതക സിലിണ്ടറിന് 570. 50 രൂപയുമാണ് നഷ്ടമെന്ന് എണ്ണക്കമ്പനികളുടെ അവകാശവാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല