ഗള്‍ഫ് പ്രവാസികളുടെ ക്ഷേമം സംബന്ധിച്ച ചോദ്യത്തിന് ലോക്സഭയില്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ നല്‍കിയത് എങ്ങും തൊടാത്ത മറുപടി. ചോദ്യത്തിന്റെ മര്‍മത്തിലേക്ക് കടക്കാതെ ഒഴിഞ്ഞുമാറിയ മന്ത്രിയുടെ മറുപടി കേന്ദ്രത്തിന് ഗള്‍ഫ് മേഖലയിലെ പ്രവാസികളോടുള്ള ചിറ്റമ്മനയത്തിന്റെ പ്രതിഫലനം കൂടിയായി. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി കൊടിക്കുന്നില്‍ സുരേഷ് എം.പിയാണ് ചോദ്യമുന്നയിച്ചത്.
എംബസികളില്‍ സഹായം തേടിയെത്തുന്നവര്‍ക്ക് പരാതികള്‍ ബാക്കിയാണെന്ന് ചൂണ്ടിക്കാട്ടിയ കൊടിക്കുന്നില്‍ സുരേഷ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും വെല്‍ഫെയര്‍ ഓഫിസര്‍മാരെ നിയമിക്കുമോയെന്നാണ് പ്രധാനമായും ചോദിച്ചത്. ഇതിന് മറുപടി പറഞ്ഞ എസ്.എം കൃഷ്ണ പ്രവാസി ഇന്ത്യക്കാരുടെ എണ്ണവും അവര്‍ രാജ്യത്തിന് നല്‍കുന്ന സേവനവും അനുസ്മരിച്ചുവെങ്കിലും എം.പിയുടെ ആവശ്യം നിരാകരിച്ചു.
വെല്‍ഫെയര്‍ ഓഫിസര്‍മാരെ നിയമിക്കുന്നതിനെക്കുറിച്ച് മന്ത്രി ഒന്നും പറഞ്ഞില്ല. പ്രവാസികളുടെ പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നതിന് തെളിവായി മന്ത്രി ചൂണ്ടിക്കാട്ടിയത് മാതാപിതാക്കള്‍ തമ്മിലുള്ള അവകാശത്തര്‍ക്കത്തെ തുടര്‍ന്ന് നോര്‍വെയിലകപ്പെട്ട ഇന്ത്യന്‍ കുട്ടികളെ കൊണ്ടുവന്ന കാര്യമാണ്. വാഹനാപകടങ്ങളിലും മറ്റ് തൊഴില്‍പ്രശ്നങ്ങളിലും അകപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവരുടെ കാര്യം കൊടിക്കുന്നില്‍ ഉപചോദ്യത്തിലൂടെ വീണ്ടും ഉണര്‍ത്തിയപ്പോഴും മന്ത്രിയുടെ മറുപടി സമാനമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല