രണ്ടാം പാദസെമിയില്‍ റയല്‍ മാഡ്രിഡിനെ തോല്പിച്ച് ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടന്നു. റയല്‍ മാഡ്രിഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ബയേണ്‍, കലാശപോരാട്ടത്തിന് അര്‍ഹത നേടിയത്. മെയ് 19ന് മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടക്കുന്ന ഫൈനലില്‍ ചെല്‍സിയാണ് ബയേണിന്റെ എതിരാളി. രണ്ടാം പാദസെമിയില്‍ ബാഴ്സലോണയെ പരാജയപ്പെടുത്തിയാണ് ചെല്‍സി ഫൈനലില്‍ എത്തിയത്.
ആദ്യപാദത്തില്‍ 2-1ന് ജയിച്ചിരുന്ന ബയേണ്‍ മ്യൂണിക്കിനെ സ്വന്തം തട്ടകത്തില്‍ മുട്ടുകുത്തിക്കാമെന്ന റയലിന്റെ പ്രതീക്ഷ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അവസാനിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളോടെ റയല്‍, ബയേണിന് മേല്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. കളി തുടങ്ങി ആറാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ ബയേണിന്റെ വല കുലുക്കി. 14-ാം മിനിറ്റില്‍ റൊണാള്‍ഡോ വീണ്ടും ലക്ഷ്യം കണ്ടു. എന്നാല്‍ ബയേണിന് വേണ്ടി ഇരുപത്തിയേഴാം മിനിറ്റില്‍ ആര്യന് റോബന് പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടി മത്സരത്തിലേയ്ക്ക് തിരിച്ചുവന്നു. രണ്ടാം പകുതിയില്‍ ഇരു ടീമിനും ഗോള്‍ നേടാനാകാതെ മത്സരത്തില്‍ റയല്‍ മുന്‍തൂക്കം നേടിയെങ്കിലും ആദ്യ പാദത്തില്‍ ഇതേ ഗോള്‍ നിലയ്ക്ക് ബയേണ്‍ അവരെ തോല്പിച്ചിട്ടുള്ളതിനാല് ഇരുവരും അടിച്ച ഗോളുകള്‍ മൂന്ന് വീതമാവുകയും പെനാല്‍റ്റി ഷൂട്ടൗട്ട് അനിവാര്യമാവുകയും ചെയ്തു.
ഷൂട്ടൗട്ടില്‍ ബയേണ്‍ ആദ്യ രണ്ട് അവസരങ്ങള്‍ മുതലാക്കിയപ്പോള്‍ റയല്‍ ആദ്യ രണ്ടവസരങ്ങളും തുലച്ചു. റൊണാള്‍ഡോയും കക്കയുമായാണ് റയലിന്റെ പെനാല്‍റ്റികള്‍ തുലച്ചത്. തുടര്‍ന്ന് മൂന്നും നാലും അവസരങ്ങള്‍ ബയേണ്‍ നഷ്ടപ്പെടുത്തിയപ്പോള്‍ റയലിനു വേണ്ടി സാബി അലോണ്‍സോ ആശ്വാസ ഗോള്‍ നേടി. ബയേണിന്റെ അഞ്ചാമത്തെ അവസരം ഷ്വാന്‍സ്റ്റൈഗര്‍ ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ റയലിന്റെ സെര്‍ജിയോ റാമോസ് എടുത്ത കിക്ക് പാഴായപ്പോള്‍ മത്സരം 1-3ന് ബയേണ്‍ സ്വന്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല