തുടര്‍ച്ചയായ ചര്‍ച്ചകളിലൂടെ പരസ്പരബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായി ഉദാരമായ വിസാ കരാറില്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചേക്കും. അടുത്തമാസം ഇസ്ലാമാബാദില് നടക്കുന്ന ഇരു രാജ്യങ്ങളുടെയും ആഭ്യന്തര സെക്രട്ടറിമാരുടെ യോഗത്തില്‍ കരാറുണ്ടായേക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ പറഞ്ഞു. ഏപ്രില്‍ എട്ടിന് പാകിസ്താന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് ലോക്സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് മുഖ്യ പരിഗണന നല്‍കണമെന്ന് പാക് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങുമായി നടത്തിയ ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടുവെന്നും കൃഷ്ണ അറിയിച്ചു. ഇതിന്റെ ഭാഗമായാണ് ഉദാരമായ വിസാ കരാര്‍ ഒപ്പുവെക്കാന്‍ ധാരണയായത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനുശേഷം മേയ് അവസാന വാരമായിരിക്കും ചര്‍ച്ച നടക്കുക. ബിസിനസുകാര്‍ക്കും സ്വാതന്ത്രൃാനന്തരം വിഭജിക്കപ്പെട്ട് ഇരുരാജ്യങ്ങളിലുമായി കഴിയുന്ന കുടുംബങ്ങളിലുള്ളവര്‍ക്കും പ്രത്യേകിച്ച് 65 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്കും വിവാഹത്തിലും സംസ്കാര ചടങ്ങിലും പങ്കടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൂടുതല്‍ എളുപ്പത്തില്‍ വിസ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല