ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭയിലേക്ക്. രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്ന പ്രതിഭകളുടെ പുതിയ പട്ടികയില്‍ സചിന്റെ പേര് സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ ക്രിക്കറ്റ് കളത്തിലെ വിശ്വപൗരന് രാഷ്ട്രത്തിന്റെ ആദരമാണ് രാജ്യസഭാംഗത്വം. നൂറ് അന്താരാഷ്ട്ര സെഞ്ച്വറികളെന്ന ചരിത്ര നേട്ടം സചിന്‍ സ്വന്തമാക്കിയത് കഴിഞ്ഞ മാസമാണ്.
ക്രിക്കറ്റ് ലോകത്തിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മാസ്‌റ്റര്‍ ബ്ലാസ്‌റ്ററെ രാജ്യം പുതിയ ‘ഇന്നിംഗ്‌സിന്’ നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ 100 രാജ്യാന്തര സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയതോടെ ക്രിക്കറ്റ് ലോകത്തിന്റെ അത്യുന്നതങ്ങളിലാണു സച്ചിന്‍. പാര്‍ലമെന്റിന്റെ ഉപരിസഭയിലെത്തുന്ന ആദ്യത്തെ സജീവ കായികതാരവും ക്രിക്കറ്ററുമെന്ന ഖ്യാതിയും ഇനി സച്ചിനു സ്വന്തമാണ്. 39-ാം ജന്മദിനത്തിന്റെ പിറ്റേന്നാണു സച്ചിനു പുതിയ സ്‌ഥാനലബ്‌ധി.
അതിനിടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. ഭാര്യ അഞ്ജലിക്കൊപ്പം പത്താം നമ്പര്‍ ജന്‍പഥിലെ സോണിയയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് സച്ചിന്‍ സോണിയയെ കണ്ടത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ച്വറികള്‍ തികച്ച സച്ചിനെ വ്യക്തിപരമായി അഭിനന്ദിക്കാന്‍ സോണിയ ആഗ്രഹിച്ചിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് ഔദ്യോഗിക വിശദീകരണം. കേന്ദ്രമന്ത്രിയും ബി.സി.സി.ഐ. ഭാരവാഹിയുമായ രാജീവ് ശുക്ലയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
സചിന് ഭാരതരത്ന പുരസ്ക്കാരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ കായിക രംഗത്തു നിന്നൊരാള്‍ക്ക് ഈ പരമോന്നത ബഹുമതി ഇനിയും നല്‍കിയിട്ടില്ല. വ്യവസ്ഥകളില്‍ ഭേദഗതി വേണ്ടിവരും. ഇക്കാര്യത്തിലെ അനിശ്ചിതത്വം ബാക്കി നില്‍ക്കുന്നതിനിടയിലാണ്, രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള തീരുമാനം. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്ന ആദ്യത്തെ കായികതാരമാണ് സചിന്‍. സെഞ്ചുറികളുടെ രാജാവായ സച്ചിനുവേണ്ടി സഭയിലെ നൂറാം നമ്പര്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ നിലവില്‍ ഈ സീറ്റില്‍ ഇരിക്കുന്ന അശോക് ഗാംഗുലി സന്നദ്ധത പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല