ഉസാമ ബിന്‍ ലാദന്റെ ഭാര്യമാരെയും മക്കളെയും പാക്കിസ്ഥാന് സൌദി അറേബ്യയിലേയ്ക്കു നാടുകടത്തി. ലാദന്റെ മൂന്നു ഭാര്യമാരേയും മക്കളെയുമാണ് സൌദിയിലേയ്ക്കു നാടുകടത്തിയത്.
ലാദന്റെ രണ്ട് ഭാര്യമാര്‍ സൌദിഅറേബ്യക്കാരും ഒരാള്‍ യെമന്‍കാരിയുമാണ്. ഇളയ ഭാര്യ അമല്‍ അബ്ദുള്ഫത്തായെയും അഞ്ച് മക്കളെയും സൌദിയില്‍നിന്ന് പിന്നീട് യെമനിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ട്. ലാദന്റെ വിധവകള്‍ക്കു 11 മക്കളുണ്ട്. ഇവരെ കനത്ത സുരക്ഷാ വലയത്തില്‍ മിനി ബസിലാണ് വിമാനത്താവളത്തില്‍ എത്തിച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ പുറത്തുകാത്തുനിന്നുവെങ്കിലും ഇവരെ പ്രത്യേക മറയുണ്ടാക്കിയാണ് ബസിനുള്ളിലേയ്ക്കു കയറ്റിയത്. അതേസമയം, ലാദന്റെ വിധവകളുടെ താത്പര്യപ്രകാരമാണ് ഇവരെ സൌദിയിലേയ്ക്കു അയക്കുന്നതെന്ന് പോലീസ് അറിയിച്ചു.
പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബിന്‍ലാദനെ കഴിഞ്ഞവര്‍ഷം മേയ് രണ്ടിനാണ് അമേരിക്ക കമാന്‍ഡോ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുടുംബാംഗങ്ങളെ പാക് അധികൃതര്‍ കസ്റഡിയിലെടുത്തു. അനധികൃതമായി പാക്കിസ്ഥാനില്‍ പ്രവേശിച്ചതിനും തങ്ങിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇവര്‍ക്ക് 45 ദിവസത്തെ തടവുശിക്ഷ വിധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല