വീട്ടുതടങ്കലില്‍നിന്നു രക്ഷപ്പെട്ട ചൈനയിലെ അന്ധ വിമതന്‍ ചെന്‍ ഗ്വാങ്ചെന്‍ അമേരിക്കയുടെ സംരക്ഷണയിലാണെന്നു സ്ഥിരീകരണം. അമേരിക്കയിലെ ടെക്സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈനഎയ്ഡ് എന്ന മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബാസൂത്രണത്തിനെതിരേ പ്രചാരണം നടത്തിയതിനു ചെനിനെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഷാഡോങ് പ്രവിശ്യയില്‍പ്പെട്ട ലിന്‍യിയില്‍ 2010 സെപ്റ്റംബര്‍ മുതല്‍ അധികൃതര്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. വെള്ളിയാഴ്ച രാവിലെ മുതലാണ് ഇദ്ദേഹത്തെ കാണാതായത്. അദ്ദേഹത്തെ പോലീസ് പിടികൂടിയതോ അമേരിക്കന്‍ എംബസിയില്‍ അഭയം തേടിയതോ ആയിരിക്കാമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ചെന്‍ യുഎസ് സംരക്ഷണയിലാണെന്ന കാര്യം പുറത്തായത്.
ചെന്‍ ബെയ്ജിംഗില്‍ യുഎസ് സംരക്ഷണയില്‍ കഴിയുകയാണെന്നും അദ്ദേഹത്തിന്റെ ഭാവി സംബന്ധിച്ച് യുഎസ്, ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച തുടരുകയാണെന്നും ചൈനഎയ്ഡ് അറിയിച്ചു. ചെന്‍ ബെയ്ജിംഗിലെ യുഎസ് എംബസിയിലുണ്െടന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ഹൂ ജിയ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം യുഎസ് എംബസി സ്ഥിരീകരിച്ചിട്ടില്ല. ചെനിന്റെ രക്ഷപ്പെടല്‍ ചൈന-യുഎസ് ബന്ധത്തില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. യുഎസ് വിദേശകാര്യസെക്രട്ടറി ഹില്ലരി ക്ളിന്റണ്‍ അടുത്തയാഴ്ച ബെയ്ജിംഗില്‍ നടത്താനിരുന്ന സന്ദര്‍ശനം പുതിയ സാഹചര്യത്തില്‍ റദ്ദാക്കിയേക്കുമെന്നാണു സൂചന.
വെള്ളിയാഴ്ച രാവിലെ ചെന്‍ അപ്രത്യക്ഷമായതിനു പിന്നാലെ അദ്ദേഹത്തിന്റെ വീടുവളഞ്ഞ പോലീസ് സഹോദരന്‍ ചെന്‍ ഗുവാങ്ഫുവിനേയും അനന്തിരവന്‍ ചെന്‍ കെഗുയിയേയും അറസ്റുചെയ്തുകൊണ്ടുപോയി. ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. ചെനിന്റെ അടുത്ത സുഹൃത്ത് ഹൂ ജിയയെയും ഇന്നലെ പോലീസ് അറസ്റുചെയ്തു. ചെനിന്റേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ഭാവിയില്‍ ആശങ്കയുണ്െടന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി നവി പിള്ള പറഞ്ഞു.നാലുവര്‍ഷത്തെ തടവുശിക്ഷയ്ക്കുശേഷം പുറത്തിറങ്ങിയ ഉടനായിരുന്നു 2010ല്‍ നാല്പതുകാരനായ ചെന്‍ ഗ്വാങ്ചെനിനെ ചൈനീസ് അധികൃതര്‍ വീട്ടുതടങ്കലിലാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല