പാകിസ്താന്‍ അതിര്‍ത്തി ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ അമേരിക്ക മാപ്പ് പറയണമെന്ന ആവശ്യത്തില്‍ തട്ടി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ചര്‍ച്ച വഴിമുട്ടി. കാബൂളില്‍ താലിബാന്‍ ആക്രമണം നടന്നതിനെ തുടര്‍ന്നാണ് അമേരിക്ക പാകിസ്താനില്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ നവംബറില്‍ നടന്ന അമേരിക്കന്‍ വ്യോമാക്രമണത്തില്‍ 25 പാകിസ്താനി സൈനികര്‍ മരിച്ചതുമായി ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങളും തമ്മില്‍ രണ്ടു ദിവസത്തെ ചര്‍ച്ച നടത്തിയത്.
അമേരിക്ക സംഭവത്തില്‍ നിരുപാധികം മാപ്പ് പറയണമെന്നായിരുന്നു പാകിസ്താന്റെ ആവശ്യം.ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്താന്‍, അഫ്ഗാനിസ്താന്‍ രാജ്യങ്ങളിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി വെള്ളിയാഴ്ച ഇസ്‌ലാമാബാദില്‍ നിന്ന് മടങ്ങി.മാപ്പ് പറയാത്ത പക്ഷം അഫ്ഗാനിസ്താനിലേക്ക് നാറ്റോവിനുള്ള വിതരണ പാത പുനഃസ്ഥാപിക്കാനാവില്ലെന്ന് പാകിസ്താന്‍ അറിയിച്ചിട്ടുണ്ട്.
ഇതിന് മറുപടിയെന്നോണം പാകിസ്താനുള്ള 300കോടി ഡോളര്‍ വരുന്ന സൈനികസഹായം അമേരിക്ക പിടിച്ചുവെച്ചിരിക്കുകയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ പാകിസ്താനോട് മാപ്പുപറയുകയെന്ന നിലപാട് ഒബാമയ്ക്ക് ദോഷം ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
അതിനിടെ അഫ്ഗാന്‍ താലിബാനും അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ഖത്തറില്‍ തുടങ്ങി.അഫ്ഗാനില്‍ ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് ചര്‍ച്ചയ്ക്ക് ആധാരം. പാകിസ്താനെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന് അമേരിക്കയും താലിബാനും നിലപാടെടുത്തപ്പോള്‍ അഫ്ഗാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. നയതന്ത്ര ചര്‍ച്ചയ്ക്കായി താലിബാന്‍ ജനവരി മൂന്നുമുതല്‍ ഖത്തറില്‍ ഓഫീസ് തുറന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല